കാസർഗോഡ്: കാസർഗോഡ് കേന്ദ്രീകരിച്ച് ട്രസ്റ്റുകളുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ് അരങ്ങേറുന്നു. പച്ചമ്പള മൻജായൂൽ ഇസ്ലാം യത്തീം ഖാനയുടെ പേരിലും മറ്റ് ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലുമാണ് തട്ടിപ്പുകൾ നടന്നതായി വിവരം ലഭിച്ചത്. കാസർകോട്ടെ ഒരു ഓൺലൈൻ സ്ഥാപനത്തിലെ ഡയരക്ടറാണ് ആരോപണ വിധേയൻ. മംഗളൂരുവിലെ പ്രശസ്ത വ്യവസായി കുടുംബമായ യേനപ്പോയക്കാർ നടത്തുന്ന യത്തീം ഖാനയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിദേശത്തും രാജ്യത്തിനകത്തും തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ചാണ് വിവരം ലഭിച്ചത്. പൊതു സമൂഹത്തിൽ ഇറങ്ങി പിരിവെടുക്കാതെ കാരുണ്യ പ്രവർത്തനം നടത്തുന്നവരുടെ പേരിൽ ഗൾഫിൽ നിന്നും ഒരു വ്യക്തി അയച്ച ഫണ്ട് കിട്ടിയോ എന്ന് അന്വേഷിച്ചപ്പോഴാണ് അങ്ങിനെ ഒരു പണം ലഭ്യമായിട്ടില്ലെന്ന് യത്തീംഖാന അധികൃതർ അറിയുന്നത്.

യത്തീം ഖാനയുടെ ചെയർമാൻ മക്കയിൽ മതപരമായ ചടങ്ങിനു പോയ സമയത്താണ് തട്ടിപ്പ് കൊഴുത്തത്. അതിനാൽ അദ്ദേഹം നാട്ടിലെത്തിയ ഉടൻ പരാതി നൽകുമെന്നാണ് സൂചന. യത്തീം ഖാനയിലെ കുട്ടികൾക്ക് ഭക്ഷണമില്ല, വസ്ത്രമില്ല എന്ന് വാട്സാപ്പിൽ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. നിർദ്ദനരായ ബായറിലെ ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ സഹായം നൽകുമെന്ന് പറഞ്ഞ് പിരിച്ച 28 ലക്ഷം രൂപയിൽ 3 ലക്ഷം തട്ടിപ്പ് നടത്തിയെന്നും അറിവായിട്ടുണ്ട്. പിരിച്ചെടുത്ത സംഖ്യ എത്രയെന്ന് വ്യക്തമായ രേഖകളുമില്ല.

കാരുണ്യപ്രവർത്തനത്തിനെന്നു പറഞ്ഞ് പിരിവെടുക്കുന്നതിന് 40 ശതമാനം വരെ കമ്മീഷൻ പറ്റിയ കഥയും പുറത്ത് വരുന്നുണ്ട്. പ്രശ്നം രൂക്ഷമായതോടെ ആയിഷ എന്ന ഒരു സ്ത്രീയുടെ പേരിൽ പണം എത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്. ഇത് വ്യാജ അക്കൗണ്ട് ആണെന്നാണ് വിവരം. പച്ചമ്പളത്തെ ബിഫാത്തിമക്ക് വീട് നിർമ്മാണത്തിനു വേണ്ടി പിരിച്ച ഒരു ലക്ഷത്തി ഏഴായിരം രൂപയും തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്.

കാസർഗോഡ് ജില്ലയിൽ വ്യാജ മണൽ പാസ് നിർമ്മിച്ച് നൽകി സർക്കാറിനേയും ജനങ്ങളേയും ഒരു പോലെ വഞ്ചിച്ച കേസിലെ സൂത്രധാരൻ റഫീഖിന്റെ പേരിലാണ് ആരോപണമുയർന്നിട്ടുള്ളത്. ഇയാൾ രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പാക്കിയ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിലേക്ക് കടക്കാൻ വിമാനത്താവളത്തിലെത്തിയ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. തന്റെ ഫെയ്സ് ബുക്ക് ഗൾഫിൽ വെച്ച് മറ്റൊരാളെക്കൊണ്ട് ലോഗിൻ ചെയ്യിച്ച് അന്വേഷണ സംഘത്തെ താൻ വിദേശത്താണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

വ്യാജ മണൽ പാസിന്റെ ഇമേജ് ഉണ്ടാക്കിയത് ഇയാളുടെ ഓഫീസിൽ വച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യത്തീം ഖാനയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യേനപ്പൊയ അധികൃതർ ചെയർമാൻ നാട്ടിലെത്തിയാൽ ഉടൻ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗിലെ ഉന്നതർ റഫീഖിനെ രക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.