കാസർഗോഡ്: സിപിഐ.(എം). ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഉദുമയിൽ നടന്ന റെഡ് വളണ്ടിയർ മാർച്ചിൽ റോഡിലൂടെ പോവുകയായിരുന്ന കാറിനെ പ്രവർത്തകർ ചവിട്ടിയത് വിവാദങ്ങൾ തൊടുത്തു വിടുന്നു.

മാർച്ചിന് അരികു പറ്റി പോവുകയായിരുന്ന കാർ ഡ്രൈവറോട് മൂന്ന് തവണ കടന്നു പോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ചിനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കാർ ഒപ്പം പോവുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഒരു പ്രവർത്തകൻ കാറിനെ കാല് കൊണ്ട് തൊഴിക്കുകയായിരുന്നു.

ചവിട്ടുന്ന ദൃശ്യം സമൂഹ മാധ്യമത്തിൽ ചർച്ചയായതോടെ സിപിഐ.(എം). നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. തിരക്കിനിടയിൽ കടന്നു പോകാൻ ഏറെ അവസരമുണ്ടായിട്ടും വനിതാ പുരുഷ വളണ്ടിയർ മാർച്ച് കടന്നു പോകുന്നതിനോട് തൊട്ടുരുമ്മി വാഹനം ഓടിക്കുകയായിരുന്നു.

റെഡ് വളണ്ടിയർമാർ പല തവണ ഡ്രൈവറോട് കടന്നു പോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ ഒപ്പം കൂടുകയായിരുന്നു. സഹി കെട്ടപ്പോഴാണ് വളണ്ടിയർ ഡ്രൈവറോട് തട്ടിക്കയറിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പാർട്ടി ഏരിയാ കമ്മിറ്റി നേതാക്കളായ സന്തോഷ് ഉദുമ, എം. മധു, തുടങ്ങിയ നേതാക്കൾ ഇടപെട്ട് കാർ ഓടിച്ചു പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.

ആശുപത്രിയിലേക്കുള്ള രോഗിയേയും കൊണ്ടാണ് കാർ പോകുന്നതെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. എന്നാൽ കാറിന്റെ ദൃശ്യത്തിൽ അതിൽ ഡ്രൈവർ മാത്രമേയുള്ളൂ. യാത്രികർ ആരുമില്ല. വളണ്ടിയർ ക്യാപ്റ്റൻ ഡ്രൈവറോട് തട്ടിക്കയറാൻ ശ്രമിച്ചത് ന്യായീകരിക്കുന്നില്ലെങ്കിലും ബന്ധപ്പെട്ട ഘടകത്തിൽ വിശദീകരണം ചോദിക്കുമെന്ന് നേതൃത്വം പറയുന്നു. എന്നാൽ ഇതിന്റെ പിന്നിൽ മുസ്ലിം ലീഗുകാരാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.