- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന വഴിയിൽ ചരിത്രം കുറിച്ച് കാസർകോട് പാക്കേജ്; എട്ട് വർഷത്തിനിടെ അടിസ്ഥാന മേഖലയിൽ ഉൾപ്പെടെ പൂർത്തീകരിച്ചത് 292 പദ്ധതികൾ; മുന്നിൽ നിന്ന് നയിച്ചത് ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബുവും സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹനും
കാസർകോട് : കാസർകോടിന്റെ വികസന വഴിയിൽ ചരിത്രം കുറിച്ച് തലയെടുപ്പോടെ കാസർകോട് വികസന പാക്കേജ്. അടിസ്ഥാന മേഖലയിലുൾപ്പെടെ കഴിഞ്ഞ എട്ട് വർഷത്തിനിടെ 292 പദ്ധതികളാണ് പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. ജില്ലയുടെ സമഗ്രവികസനത്തിനുള്ള മുൻ ചീഫ് സെക്രട്ടറി ഡോ.പി. പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട വികസന പാക്കേജിലൂടെയാണ് നാടാകെ ഉയർച്ചയിലേക്ക് ചുവട് വെക്കുന്നത്. ഇതിനകം ഭരണാനുമതി ലഭിച്ച 681.46 കോടി രൂപ അടങ്കൽ വരുന്ന 483 പദ്ധതികളിൽ 292 പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. ഇവയിൽ 200ലധികം പദ്ധതികളും കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് യാഥാർഥ്യമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം മാത്രം 73 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ച് പ്രവർത്തനം തുടങ്ങിയത്.
കോവിഡ് മഹാമാരിക്കിടയിലും കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി ലഭിച്ച 191 പ്രവൃത്തികൾ മുടങ്ങാതെ നടക്കുന്നുണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ്‌മോഹൻ പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിൽ 125 കോടിയുടെ പദ്ധതികൾ ആണ് വിഭാവനം ചെയ്തിട്ടുള്ളത്. കാസർകോടിന്റെ ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവൃത്തികളാണ് വികസന പാക്കേജിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. ഇവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കിയതോടെ വലിയ കുതിച്ചു ചാട്ടമാണ് ജില്ലക്കുണ്ടായത്. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ചെയർമാനും സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ് മോഹൻ കൺവീനറുമായ സമിതിയാണ് കാസർകോട് വികസന പാക്കേജിന്റെ നിലവിലുള്ള മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം നിർമ്മിച്ചത് കാസർകോട് വികസന പാക്കേജിലെ ചരിത്രത്തിന്റ ഭാഗമാണ്. ജില്ലയിലെ പ്രധാനപ്പെട്ട പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെയും ഉയരുന്നത് കാസർകോട് വികസന പാക്കേജിന്റെ പിൻബലത്തിലാണ്. 2013-14 സാമ്പത്തിക വർഷത്തിൽ 27.91 കോടി രൂപ അടങ്കലിൽ 28 പ്രവൃത്തികൾക്കും 2145-15വർഷത്തിൽ 93.33കോടിരൂപയുടെ 25 പ്രവൃത്തികൾക്കും 2016-16വർഷത്തിൽ 97.51 കോടിയിൽ 80 പ്രവൃത്തികൾക്കുമാണ് ഭരണാനുമതി ലഭിച്ചത്. തുടർന്നുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 350 പദ്ധതികൾക്കായി 426.71 കോടിരൂപക്ക് ഭരണാനുമതി നേടാനായതും പ്രവൃത്തികളിൽ ഏറെയും പൂർത്തീകരണത്തിലെത്തിയതും നേട്ടമാണ്.
കാസർകോടിന്റെ ഭൂഗർഭ ജലനിരക്ക് അപകടകരമാം വിധം താഴ്ന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ ജലസുരക്ഷ പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ കാസർകോട് വികസന പാക്കേജിന്റെ ഭാഗമായി നടന്നു. കള്ളാറിൽ നിർമ്മാണ പുരോഗതിയലുള്ള റബ്ബർ ചെക്ക് ഡാം അവയിൽ വേറിട്ടു നിൽക്കുന്നു. കാർഷിക മേഖല, മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലം, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും വികസന പാക്കേജ് വഴി പ്രവൃത്തികൾ നടപ്പിലാക്കുന്നുണ്ട്. കാസർകോട് മെഡിക്കൽ കോളജിന്റെ നിർമ്മാണവും വികസന പാക്കേജിന്റെ ഭാഗമാണ്.
ഡോ.പി.പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രവൃത്തികളിൽ ചിലത് സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ പറ്റാത്ത സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം 6500കോടിയുടെ പുതിയ പദ്ധതികളാണ് സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്. ഇവ ആസൂത്രണ ബോർഡിന്റെ പരിഗണനയിലാണ്.
ജില്ലാ കളക്ടർ ചെയർമാനും പാക്കേജ് സ്‌പെഷ്യൽ ഓഫീസർ കൺവീനറുമായ ജില്ലാതല സമിതിയാണ് പ്രഭാകരൻ കമ്മീഷൻ ശുപാർശ ചെയ്തതിൽ നിന്നും അഞ്ച് കോടി രൂപ വരെ മുതൽ മുടക്കുള്ള പദ്ധതികൾ തെരഞ്ഞെടുക്കുന്നത്. ജില്ലാതല ഉദ്യോഗസ്ഥരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ശുപാർശ ചെയ്ത പട്ടികയിൽ നിന്ന് ജനപ്രതിനിധികൾ നിർദ്ദേശിക്കുന്ന പദ്ധതികൾ കൂടി പരിഗണിക്കാറുണ്ട്. അഞ്ച് കോടി രൂപയിൽ കൂടുതലുള്ള പദ്ധതികൾക്ക് ചീഫ് സെക്രട്ടറി ചെയർമാനും ആസൂത്രണ വകുപ്പ് സെക്രട്ടറി കൺവീനറുമായ സംസ്ഥാന തല എംപവേഡ് കമ്മിറ്റിയാണ് അനുമതി നൽകുന്നത്. കാസർകോട് വികസന പാക്കേജിനായുള്ള ഉന്നതാധികാര സമിതിയാണിത്.