- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഓഫീസുകളുടെ മുറ്റവും പരിസരവും പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നത് എങ്ങനെ ഒഴിവാക്കാം; പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഇതാദ്യമായി ഇ-ലേലം നടത്തി കാസർകോട് ജില്ല; ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങൾ; 478 വാഹനങ്ങൾ കൂടി ലേലത്തിന്
കാസർകോട്: കാസർകോട് ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന ഇ-ലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങൾ. റവന്യൂ വകുപ്പിൽ നിന്നും 205 വാഹനങ്ങളും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി.
വിവിധ കേസുകളിൽ പെട്ട് പൊലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഉൾപ്പെടെ 478 വാഹനങ്ങൾ ഇ -ലേലം വഴി വിൽക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 136 വാഹനങ്ങളുടെ ലേല നടപടികൾ അവസാന ഘട്ടത്തിലാണ്. വ്യക്തികളും സ്ഥാപനങ്ങളും ഇ ലേലത്തിൽ പങ്കെടുത്ത് വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്. ചില വാഹനങ്ങളുടെ ഉടമകളും ലേലത്തിൽ പങ്കെടുക്കുന്നു.
പല സർക്കാർ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിക്ക് വിരാമമിടാൻ സംസ്ഥാനത്താദ്യമായി ഇ-ലേലം നടത്തിയത് കാസർകോട് ജില്ലയാണ്. ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ ആശയത്തിലായിരുന്നു ലേല നടപടികൾ. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ലേലം നടക്കുന്നത്. മറ്റു ജില്ലകളിൽ ലേലം തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്രയും വാഹനങ്ങൾ പൊതു സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കാൻ സാധിച്ചത് നേട്ടമാണ്.
2019 ലാണ് ജില്ലയിൽ പൊലീസ് സ്റ്റേഷൻ വളപ്പിലുൾപ്പെടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേല നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് കണ്ടു കെട്ടിയ 213 വാഹനങ്ങളാണ് ലേലത്തിൽ വെച്ചത്. ഇതിൽ 2020 മാർച്ചിലെ ലേലത്തിൽ 55 വാഹനങ്ങൾ 2033676 രൂപക്കാണ് വിൽപ്പന നടത്തിയത്. 2020 ഒക്ടോബറിലെ ലേലത്തിൽ 150 വാഹനങ്ങൾ 60,36,684 രൂപക്കും വിൽപ്പന നടത്തി. പാലക്കാട്, മംഗളൂരു, ഈരാറ്റുപേട്ട, മഞ്ചേശ്വരം, കൊയമ്പുത്തൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളുമാണ് ലേലത്തിൽ പങ്കെടുത്തത്.
വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനുകളിൽ ഉണ്ടായിരുന്ന 369 വാഹനങ്ങളായിരുന്നു കഴിഞ്ഞ വർഷം എം എസ് ടി സി ലിമിറ്റഡിന്റെ www.mstccommerce.com മുഖേന ഇ ലേലം വഴി ഓൺലൈൻ വിൽപനയ്ക്ക് വെച്ചത്. ഇതിൽ 22 വാഹനങ്ങളാണ് വിറ്റു പോയത്. അഞ്ച് വാഹനങ്ങൾ തേടി അവകാശികൾ എത്തിയതോടെ അവ വിട്ടു നൽകി. ബാക്കിയുള്ള 342 വാഹനങ്ങൾ വീണ്ടും ഇ ലേലത്തിൽ വെച്ചിട്ടുള്ളത്. ഇതിന് പുറമേയാണ് മണൽ, ചെങ്കല്ല് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച് സർക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഇലേലത്തിൽ വെച്ചത്.
തൊണ്ടിമുതൽ, ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ, അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ, വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ, എക്സൈസും മാട്ടോർ വെഹിക്കിൽ വകുപ്പും പിടിച്ചെടുത്ത് കൈമാറുന്ന വാഹനങ്ങൾ, മറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ തുടങ്ങിയവയാണ് പൊതു സ്ഥലങ്ങളിലുള്ളത്. ബൈക്കുകൾ, ഓട്ടോ, കാർ, ടിപ്പർ തുടങ്ങിയ വാഹനങ്ങളാണേറെയും. ഇതിൽ തൊണ്ടിമുതൽ ഒഴികെയുള്ളവയാണ് ലേലം ചെയ്ത് വിൽക്കുന്നത്.