കാസർകോട്: കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ സജീവ ചർച്ചകളിലെക്ക് എത്തിക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ നിരവധി ചർച്ചകളിലാണ് പങ്കെടുത്തത്. കേരളത്തെ കേരളം ആക്കിയ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവഗണിച്ചു മുന്നോട്ടു പോവാൻ സാധിക്കില്ലെന്നും ഇത് പ്രവാസികളുടെ മാത്രം വിഷയമല്ലെന്നും കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നം കൂടിയാണെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് സജീവപ്രചരണത്തിൽസ് പങ്കെടുത്തത്.

ഇതിന്റെ തുടർ നടപടികൾ എന്നോണം വാക്സിനേഷൻ വിഷയത്തിൽ പ്രവാസികൾക്ക് വേണ്ടി കാസർകോട് ജില്ലാ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ. പ്രവാസികൾക്ക് സഹായകരമാകുന്നതിനായി വാക്സിനേഷന് വാലിഡ് വിസ നിർബന്ധമാണെന്ന ആവശ്യം ഒഴിവാക്കി ഈയൊരു ഘട്ടത്തിൽ വിസ കാലാവധി കഴിഞ്ഞുപോയവർക്കും 28 ദിവസമെന്ന നിബദ്ധനയിൽ വാക്സിനേഷൻ സ്ലോറ്റുകൾ ലഭിക്കാത്ത പ്രവാസികൾക്കും വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഷാനവാസ് പാദൂർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് രണ്ടാം തരംഗത്തോടെ ലോകവ്യാപകമായി വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ടത് പ്രവാസികളാണ്. ആര് കൈവിട്ടാലും ഞങ്ങൾക്ക് അവരെ കൈവിടാൻ സാധിക്കില്ല.പ്രവാസികൾ കൂടുതലുള്ള ജില്ല എന്ന നിലയിൽ നിരവധി പ്രവാസികളാണ് കാസർകോട്ട് വാക്സിനേഷന് ബുദ്ധിമുട്ട് നേരിടുന്നത്. കോവിഡ് രണ്ടാം തരംഗത്തിലൂടെ പ്രയാസം നേരിട്ട് അവധിയും താൽക്കാലിക പിരിച്ചുവിടലും മറ്റുമായി നാട്ടിൽ നിന്നും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകാൻ കഴിയാതെ നിസ്സഹായരായി ഇരിക്കുകയാണ് പ്രവാസികൾ.

ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് പോകാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞവരും വിസ പുതുക്കാൻ കഴിയാത്തവരും നിരവധിയാണ്. വാക്സിനേഷൻ ലഭിക്കണമെങ്കിൽ വാലിഡ് വിസ നിർബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ. തുടക്കത്തിൽ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും ലോകവ്യാപകമായി ഉണ്ടായിരുന്നുവെങ്കിലും വിവിധ രാജ്യങ്ങൾ വിസാ കാലാവധി പുതുക്കാനുള്ള സൗകര്യങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ പലവിധ നിയന്ത്രണങ്ങളാണ് അന്തർദേശീയ-ദേശീയ രംഗങ്ങളിൽ ഉണ്ടായത്. അതുകൊണ്ട് തന്നെ രണ്ടാം തരംഗത്തിൽ നാടുകളിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ വാക്സിനേഷൻ ലഭിക്കേണ്ടതിനും വ്യത്യസ്തമായ മാർഗനിർദ്ദേശങ്ങൾ ഉണ്ടായി. പ്രവാസികളുടെ പ്രയാസങ്ങൾ അകറ്റുന്നതിന് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഷാനവാസ് പാദൂർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.