കാസർഗോഡ്: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കാസർഗോഡും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ എന്നപോലെ രണ്ട് മണ്ഡലം നഷ്ടപ്പെട്ട ബിജെപി അത് ഇത്തവണ കൈപ്പിടിയിലൊതുക്കാൻ ഏതറ്റംവരെയും പോകും എന്നതിനാൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ ത്രികോണ മത്സരം ഉറപ്പാണ്.ബാക്കി മുന്നിൽ നിലനിർത്താനും മേൽക്കൈ നേടാനും മറ്റ് രണ്ട് മുന്നണികളും കിണഞ്ഞ് ശ്രമിക്കുമ്പോൾ സപ്തഭാഷ ഭൂമികയിൽ ഇത്തവണ തീപാറുന്ന പോരാട്ടമാവുമെന്ന് തന്നെ അനുമാനിക്കാം.

ജില്ലയിൽ ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിലവിൽ എൽഡിഎഫിന് മൂന്നും യുഡിഎഫിന് രണ്ടും സീറ്റാണുള്ളത്. ബിജെപിക്ക് സീറ്റൊന്നും ഇല്ലെങ്കിലും രണ്ട് മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തുണ്ട്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ യുഡിഎഫിന് ഒപ്പവും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്.

നേരിയ വോട്ടിനാണ് 2016 ലെ തെരെഞ്ഞെടുപ്പിൽ ബിജെപി മഞ്ചേശ്വരത്ത് അടിയറവ് പറഞ്ഞത്.ശക്തമായ പോരാട്ടത്തിന് ഒടുവിൽ വെറും 89 വോട്ടിന് മാത്രമായിരുന്നു ബിജെപിയുടെ കെ സുരേന്ദ്രൻ മുസ്ലിം ലീഗിന്റെ പിബി അബ്ദുൽ റസാഖിനോട് പരാജയം രുചിച്ചത്. മഞ്ചേശ്വരം പോലെ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കുന്ന മണ്ഡലമാണ് കാസർകോട്. ലീഗിന് ശക്തമായ അടിത്തറയുണ്ടെങ്കിലും ഇവിടെയും ഇത്തവണ ബിജെപി പ്രതീക്ഷ കൽപ്പിക്കുന്നുണ്ട്.

മൂന്ന് മുന്നണികളും വിജയിക്കാമെന്ന് വിശ്വസിക്കുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കുറെ വർഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നും മഞ്ചേശ്വരമായിരിക്കും. നിലവിലെ എംഎൽഎ എം സി ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് ജ്വലറി തട്ടിപ്പ് ആരോപണത്തിന്റെ പേരിൽ റിമാൻഡിലായി ജയിലിൽ പോകേണ്ടി വന്നത് ഇരു മുന്നണികളും ആയുധമാക്കും. എംസി ഖമറുദ്ദീൻ മത്സരിച്ചേക്കില്ലെന്നാണ് ഇതുവരെയുള്ള സൂചനകൾ. അങ്ങനെ എങ്കിൽ പുതുമുഖം മഞ്ചേശ്വരത്ത് വന്നേക്കാം.

മഞ്ചേശ്വരത്തേക്ക് രണ്ട് പേരെയാണ് പരിഗണിക്കുന്നത്. മുൻ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം. അഷറഫ്, അന്തരിച്ച മുൻ മഞ്ചേശ്വരം എംഎ‍ൽഎ. പി.ബി. അബ്ദുൾ റസാഖിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ പി.ബി. ഷെരിഫ് എന്നിവരുടെ പേരുകളാണ് സംസ്ഥാന സമിതിക്ക് കൈമാറിയിരിക്കുന്നത്. അതിൽ എ.കെ.എം. അഷറഫിനാണ് മുൻതൂക്കം.മഞ്ചേശ്വരം ഉപതിഞ്ഞെടുപ്പ് സമയത്തും മണ്ഡലത്തിൽനിന്ന് ഉയർന്നുകേട്ട പേര് എ.കെ.എം. അഷറഫിന്റെതായിരുന്നു.

അദ്ദേഹത്തെ മാറ്റി അന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായിരുന്ന എം.സി. കമറുദ്ദീന് ടിക്കറ്റ് നൽകിയതിനെതിരേ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ് മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുന്നതെന്ന പ്രാദേശിക നേതാക്കളുടെ വാദം ഇക്കുറി അഷറഫിന്റെ സ്ഥാനാർത്ഥിത്വം എളുപ്പമാക്കുമെന്നാണ് കണക്കുകൂട്ടലുകൾ. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി മുസ്ലിം ലീഗ് മൂന്ന് സർവേകൾ നടത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും ജയസാധ്യത പഠിച്ച് അവർ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറിക്കഴിഞ്ഞു

രണ്ട് പൊതുതിരഞ്ഞെടുപ്പിലും ഒരു ഉപതിരഞ്ഞെടുപ്പിലും എൽ ഡി എഫ് തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി തള്ളപ്പെട്ട സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഒരു പൊതു സ്വതന്ത്ര സ്ഥാനാർത്ഥി ഉചിതമായിരിക്കുമെന്ന ആലോചനയിലേക്ക് എൽ ഡി എഫിനെയും സിപിഎമ്മിനെയും കൊണ്ടുചെന്നെത്തിച്ചത്. ഈ ആലോചനകൾക്കിടയിലാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി മുസ്ലിം ലീഗിനെ എതിർക്കുന്ന മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചേശ്വരം പഞ്ചായത്തിന്റെ വനിതാ പ്രസിഡണ്ട് ജീൻ ലെവിൻ മൊന്തേരോയിലേക്ക് അന്വേഷണം ചെന്നെത്തിയത്.

കാസർഗോഡ് മണ്ഡലത്തിൽ ഇത്തവണയും എൻ.എ. നെല്ലിക്കുന്ന് എംഎ‍ൽഎ.യെ മത്സരിപ്പിക്കാൻ ജില്ലയിലെ മുസ്ലിം ലീഗ് നേതൃയോഗത്തിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കുകയാണെങ്കിൽ എൻ.എ. നെല്ലിക്കുന്നിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലും അദ്ദേഹം മണ്ഡലത്തിലും പാർട്ടിയിലും ഉണ്ടാക്കിയ സ്വീകാര്യതയുമാണ് തീരുമാനത്തിന് പിന്നിൽ. ജയസാധ്യത പരിശോധിച്ച് മൂന്നു തവണവരെ മത്സരിക്കാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടും നെല്ലിക്കുന്നിന് അനുകൂലമായി.

ലീഗ് ജില്ലാ പ്രസിഡന്റും മുൻ കാസർകോട് നഗരസഭാ ചെയർമാനുമായ ടി.ഇ. അബ്ദുള്ള, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവരുടെ പേരുകൾ കാസർകോട്ടേക്കേ് പരിഗണിച്ചിരുന്നെങ്കിലും നെല്ലിക്കുന്നിനെ വീണ്ടും ഇറക്കാനുള്ള തീരുമാനത്തോടെ അതെല്ലാം അപ്രസക്തമാവുകയായിരുന്നു.പൊതുവെ മുസ്ലിം ലീഗിന് മുൻതൂക്കമുള്ള മണ്ഡലമാണിത്. 1977 മുതൽ തുടർച്ചയായി മുസ്ലിം ലീഗ് വിജയിച്ചു വരുന്നു. കാൽ നൂറ്റാണ്ട് കാലം സി ടി അഹ്മദ് അലി എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ എ നെല്ലിക്കുന്ന് വിജയിച്ചത്.

യുഡിഎഫ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച മണ്ഡലമാണ് ഉദുമ. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2016 ൽ ഉദുമയിൽ നടന്നത്. എന്നിട്ടും കഴിഞ്ഞ തവണ പോലും മണ്ഡലം നില നിർത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. എൽഡിഎഫിലെ കെ കുഞ്ഞിരാമനെ നേരിട്ടത് കരുത്തനായ കെ സുധാകരൻ ആയിരുന്നു. എന്നാൽ 3882 വോട്ടിന് കെ കുഞ്ഞിരാമൻ ജയിച്ചു കയറി. ഇത്തവണ കാറ്റ് മാറിവീശുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം തന്നെ പിടിച്ചെടുക്കാൻ കാരണമായ പെരിയ കല്യോട്ടെ ഇരട്ട കൊലപാതകം നടന്നത് ഈ മണ്ഡലത്തിലാണ്. സംഭവം നടന്ന പുല്ലൂർ പെരിയ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിഷയം തന്നെയാകും നിയമസഭയിലും യുഡിഎഫ് ഈ മണ്ഡലത്തിൽ ഉയർത്തുക.ഇതെല്ലം കൊണ്ട് കുറെ കാലത്തിന് ശേഷം ഉദുമയിലൂടെ കോൺഗ്രസിന് ജില്ലയിൽ എംഎൽഎ ഉണ്ടാവുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമാണ് കാഞ്ഞങ്ങാട്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ഈ മണ്ഡലം. സി പി എമാണ് ശക്തമായ സാന്നിധ്യമെങ്കിലും കാലങ്ങളായി സിപിഐ ആണ് കാഞ്ഞങ്ങാട് മത്സരിക്കുന്നത്. ഇടതുപക്ഷ പ്രവർത്തകനായ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രതിരോധത്തിലാവുന്ന മണ്ഡലം കൂടിയാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭ നിലനിർത്തിയതടക്കം മണ്ഡല പരിധിയിൽ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസം എൽഡിഎഫിനുമുണ്ട്.

ഒരു പാർട്ടി മാത്രം ജയിച്ച ചരിത്രമുള്ള സംസ്ഥാനത്തെ അപൂർവം കുത്തക മണ്ഡലങ്ങളിലൊന്നാണ് തൃക്കരിപ്പൂർ. മണ്ഡലം രൂപീകൃതമായ 1977 മുതൽ സിപിഎം മാത്രമാണ് ഇവിടെ ജയിച്ചു വരുന്നത്. രണ്ട് തവണ മുൻ മുഖ്യമന്ത്രി ഇകെ നായനാരും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ഒരുപാട് പാർട്ടി ഗ്രാമങ്ങളുള്ള തൃക്കരിപ്പൂർ എല്ലാകാലത്തും എൽഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്. അതുകൊണ്ട് തന്നെ വിജയത്തിനപ്പുറം നില മെച്ചപ്പെടുത്താനാവും എൽ ഡി എഫിന്റെ ശ്രമം.ശക്തമായ സാന്നിധ്യം കാഴ്ച വെക്കാനായിരിക്കും യുഡിഎഫ് ശ്രമിക്കുക.നിലവിലെ സാഹചര്യത്തിൽ ബിജെപി ഈ മണ്ഡലത്തിൽ ചിത്രത്തിലേ ഇല്ല എന്നതാണ് വസ്തുത.

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും പിണറായി വിജയൻ സർകാരിന്റെ വികസന പദ്ധതികളും എൽഡിഎഫ് വോട്ടിന്റെ വഴികളാക്കുമ്പോൾ ലോക്സഭാ തെരെഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചതിന്റെ ആതമവിശ്വാസവും പെരിയ കൊലപാതക രാഷ്ട്രീയവുമാണ് യുഡിഎഫിന്റെ തുറുപ്പ് ചീട്ട്.തുടക്കത്തിൽ തന്നെ യോഗി ആദിത്യനാഥിനെ തന്നെ കൊണ്ട് വന്ന് ബിജെപിയും കളം പിടിച്ച് കഴിഞ്ഞു.അതുകൊണ്ട് തന്നെ കാസർകോട് ജില്ലയുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങൾക്കാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക.