- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് കോൺഗ്രസ് നേതാവ് എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി; ചെങ്കള ഡിവിഷനിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻ ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഷാനവാസ് പാദൂർ; യുഡിഎഫിന് കനത്ത തിരിച്ചടി
കാസർകോഡ്: കാസർകോഡ് ജില്ലയിൽ യുഡിഎഫിന് കനത്ത തിരിച്ചടി നൽകികൊണ്ട് യൂത്ത് കോൺഗ്രസ് നേതാവും മുൻ ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ ഷാനവാസ് പാദൂർ ഇടതുപക്ഷത്തേക്ക്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന അന്തരിച്ച പാദൂർ കുഞ്ഞാമുഹാജിയുടെ മകനാണ് ഷാനവാസ് പാദൂർ. ഷാനവാസ് കാസർകോഡ് ജില്ല പഞ്ചായത്തിലേക്ക് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ചെങ്കള ഡിവിഷനിൽ നിന്നും മത്സരിക്കും.
നേരത്തെ യുഡിഎഫ് സീറ്റിൽ ഉദുമ ഡിവിഷനിൽ നിന്നും ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഷാനവാസ്. ഷാനവാസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇടതു പിന്തുണയോടെ മത്സരത്തിനിറങ്ങി കനത്ത തിരിച്ചടിയാണ് യുഡിഎഫിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് കാസർകോട് ജില്ല പഞ്ചായത്ത് യുഡിഎഫ് ഭരിച്ചത്. ആ ഭരണസമിതിയിൽ കോൺഗ്രസ് അംഗമായി ഉണ്ടായിരുന്ന ആളാണ് ഇപ്പോൾ ഇടതുപിന്തുണയോട് കൂടി മത്സരിക്കുന്നത്.
കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ടാണ് ഷാനവാസ് കാസർകോട്ടെ യുഡിഎഫ് നേതൃത്വവുമായി അകലുന്നത്. ഷാനവാസിന്റെ പിതാവ് കുഞ്ഞാമുഹാജിയായിരുന്നു കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ ഉദുമ ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നത്. എന്നാൽ അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ഷാനവാസ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഒരു സീറ്റിന്റെ പിൻബലത്തിലാണ് കാസർകോട് ജില്ല പഞ്ചായത്ത് യുഡിഎഫ് ഭരിച്ചത്. എംസി ഖമറുദ്ദീന്റെ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം ചോദ്യം ചെയത എജിസി ബഷീറായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡണ്ട്. യുഡിഎഫ് 8, എൽഡിഎഫ് 7, ബിജെപി 2 എന്നിങ്ങനെയായിരുന്നു കക്ഷി നില.
യുഡിഎഫിൽ കോൺഗ്രസിന് നാലും മുംസ്ലിം ലീഗിന് നാലും സീറ്റുകളാണുണ്ടായിരുന്നത്. മുന്നണി ധാരണ പ്രകാരം രണ്ടര വർഷം മുസ്ലിം ലീഗും രണ്ടര വർഷം കോൺഗ്രസും പ്രസിഡണ്ട് പദിവിയിലിരിക്കുക എന്നായിരുന്നു. കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കണ്ടുവെച്ചിരുന്നത് ഷാനവാസിന്റെ പിതാവ് കുഞ്ഞാമുഹാജിയെ ആണ്. എന്നാൽ കുഞ്ഞാമുഹാജി മരണപ്പെട്ടതോടെ മുസ്ലിം ലീഗ് ധാരണ പാലിക്കാൻ തയ്യാറായില്ല. കുഞ്ഞാമുഹാജിക്ക് പകരം ഉദുമയിൽ നിന്നും വിജയിച്ച ഷാനവാസിന് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിന് ജില്ലയിലെ യുഡിഎഫ് നേതൃത്വം തയ്യാറായതുമില്ല.
പ്രസിഡണ്ട് സ്ഥാനം കോൺഗ്രസിന് ലഭിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും പാർട്ടിക്കു ആരെ വേണമെങ്കിലും പ്രസിഡണ്ടാക്കാമെന്നും അന്ന് ഷാനവാസ് പറഞ്ഞിരുന്നു. കോൺഗ്രസിന് പ്രസിഡണ്ട് സ്ഥാനം ലഭിക്കാൻ ഡി.സി.സി പ്രസിഡണ്ടും താൽപ്പര്യമെടുക്കുന്നില്ലെന്ന് ഷാനവാസ് പാദൂർ അന്നു തന്നെ പരാതി ഉന്നയിച്ചിരുന്നു. ഇതെല്ലാം അവഗണിക്കുകയും ഷാനവാസ് ചെറുപ്പക്കാരനാണെന്ന് പറഞ്ഞ് മാറ്റി നിർത്തുകയുമാണ് കാസർകോട്ടെ യുഡിഎഫ് നേതൃത്വം ചെയ്തത്. ഈ തർക്കങ്ങളാണ് ഇപ്പോൾ ജില്ലയിലെ തന്നെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും മുൻ ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായിരുന്ന ഷാനവാസിനെ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്.