കാസർകോഡ്: മഞ്ചേശ്വരത്ത് കർണാടക ബിജെപി നേതാക്കൾ ഒഴുക്കിയത് കോടികളെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫ്.ഒരു മുസ്ലിം സ്ഥാനാർത്ഥി വിജയിക്കരുതെന്നാണ് എൻഡിഎ നേതാക്കൾ സ്വകാര്യമായി പലരേയും കണ്ട് പറഞ്ഞത്. വർഗീയ പ്രചാരണങ്ങൾക്ക് പുറമെ ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും വാടക ക്വാർട്ടേഴ്സുകളിലും കയറി 1000 രൂപയും കിറ്റും നൽകി. എന്നാൽ ഇതെല്ലാം മറികടന്ന് ജനാധിപത്യമതേതര വിശ്വാസികൾ തനിക്കൊപ്പം നിൽക്കുകയായിരുന്നുവെന്നും മതേതര വോട്ടുകൾ കൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തിൽ താൻ വിജയിച്ചതെന്നും അഷ്റഫ് പറഞ്ഞു.

ഏതാണ്ട് അയ്യായിരത്തിന് മുകളിൽ ഭൂരിപക്ഷം താൻ പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ എൻഡിഎ പണമൊഴുക്കിയത് മൂലം ഇത് ലഭിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു.കെ. സുരേന്ദ്രൻ നോമിനേഷൻ കൊടുത്ത ശേഷം തനിക്കെതിരെ അപരനെ നിർത്താൻ അഷ്റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചുവെന്നും എകെഎം അഷ്റഫ് കാസർകോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ പറഞ്ഞു.അവരിൽ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അപരനായി നിൽക്കാൻ ആരും തയ്യാറായില്ല. കർണാടക ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടുകൾ പിടിക്കാനാണ് എൻ.ഡി.എ ശ്രമിച്ചത

 എസ്.ഡി.പി.ഐയുടെ പിന്തുണയെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സംഘപരിവാർ ഫാസിസ്റ്റുകളെ പരാജയപ്പെടുത്താൻ എസ്ഡിപിഐ പ്രവർത്തകർ തനിക്ക് വോട്ട് നൽകിയിട്ടുണ്ടെന്ന് അഷ്റഫ് വ്യക്തമാക്കി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വിവി രമേശൻ ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയതെന്നും ഇത് ബിജെപിക്ക് ഗുണകരമായെന്നും അഷ്റഫ് പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.