- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷത്തെ വാടക പോലും കുടിശിക; ഇത്തവണ റംസാൻ സീസൺ കൂടി കൈവിട്ടാൽ നാടുവിടേണ്ടി വരും; ഗൾഫിൽ നിന്നും സമ്പാദിച്ചതും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും നിക്ഷേപിച്ചവർ കണ്ണീരിൽ; കാസർകോട്ട് കോവിഡ് പിടിമുറുക്കുമ്പോൾ ആശങ്കയിലാകുന്നത് ചില്ലറ വസ്ത്ര വ്യാപാര ശാലകൾ
കാസർകോട്: കോവിഡ് വ്യാപനം രൂക്ഷമായതോടുകൂടി നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഓരോ ദിവസവും ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൂടുന്നതും രാത്രികാല കർഫ്യൂവും സംസ്ഥാന അതിർത്തികളിലെ നിയന്ത്രണങ്ങളും വന്നതോടെ കൂടി വീണ്ടും ഒരു ലോക്ക്ഡൗണോ കർശന നിയന്ത്രണങ്ങളോ പ്രതീക്ഷിച്ച് തന്നെയാണ് ജനങ്ങൾ കഴിയുന്നത്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരു വിഭാഗമാണ് നഗരങ്ങളിലെ ചില്ലറ വസ്ത്ര വ്യാപാര മേഖല.
വമ്പൻ മാളുകൾക്കിടയിൽ ഒരുവിധം പിടിച്ചു നിന്നപ്പോൾ വലിയ നഷ്ടങ്ങൾക്കും കടങ്ങളിലേക്കും ഇവരെ തള്ളിവിട്ടത് കോവിഡിന്റെ കടന്നുവരവ് തന്നെയാണ്. കഴിഞ്ഞ വർഷത്തെ വാടക പോലും ഇതുവരെ നൽകാൻ സാധിച്ചിട്ടില്ലെന്നും തൊഴിലാളികൾക്കുള്ള ശമ്പളം പോലും ശരിയായ രീതിയിൽ നൽകാൻ സാധിക്കുന്നില്ലെന്നും ഇതിങ്ങനെ തുടർന്നാൽ നാടുവിട്ടു പോകേണ്ടി വരുമെന്നെന്നാണ് കാസർകോട് ബസ് സ്റ്റാൻഡ് ക്രോസ് റോഡിലെ നിയാസന്നെ( പേര് പ്രതീകാത്മകം) വ്യാപാരി പറയുന്നത്.
ഇദ്ദേഹത്തിന്റെ വസ്ത്ര സ്ഥാപനത്തിൽ മൂന്നോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഗൾഫിൽ നിന്നും സമ്പാദിച്ചതും ഭാര്യയുടെ കെട്ടുതാലി വരെ പണയപെടുത്തിയുമാണ് നിക്ഷേപം ഇറക്കി ഈ സ്ഥാപനം തുടങ്ങിയത്. പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെന്ന് കണ്ണീരോടെ പറയുമ്പോൾ കേട്ടുനിൽക്കാനെ കഴിയുകയുള്ളു. സമാനരീതിയിലുള്ളതായിരുന്നു മറ്റു കട ഉടമകളുടെ അനുഭവം.
കോവിഡ് പ്രതിസന്ധിയുടെ ആഴം അറിയാൻ കാസർകോട് ക്രോസ് റോഡിലെയും പുതിയ ബസ് സ്റ്റാൻഡിലെ പാദുർ ഷോപ്പിങ് കോംപ്ലക്‌സിലെയും 10 കടകൾ നോക്കാം. ഇന്ന് എന്തെങ്കിലും കച്ചവടം നടക്കുമെന്ന് പ്രതീക്ഷയാണ് ആ മുഖത്ത് കണ്ടതെങ്കിലും കോവിഡ് വിശേഷം അറിയാൻ എത്തിയതാണന്ന് പറഞ്ഞപ്പോൾ മുഖം നിരാശയിൽ ആകുന്നതും പ്രത്യേകം കാണാമായിരുന്നു. ക്രോസ് ഉള്ള ഒരു കട ഉടമ പറയുന്നത് കട ആരംഭിച്ച് നാലുമാസം പിന്നിടുന്നതേയുള്ളൂ ഗൾഫിലെ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ നാട്ടിൽ പിടിച്ചു നിൽക്കാമെന്ന് കരുതിയാണ് ഈ കട ആരംഭിച്ചത്. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും നല്ല രീതിയിൽ കച്ചവടം ചെയ്താൽ രക്ഷപ്പെടാമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ ആ തീരുമാനം എടുത്ത സമയത്തെ സ്വയം പഴിക്കുകയാണ്. ഏതു നേരത്താണ് ഈ ബുദ്ധി തോന്നിയത് എന്ന് ആലോചിച്ച് തലപുകഞ്ഞ് കൊണ്ടിരിക്കുമ്പോൾ സ്വന്തം വീട്ടിൽ പോകാൻ പോലും മടി ആകുന്നു. ഓരോ ദിവസവും ഉമ്മ കച്ചവടം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ എല്ലാം നന്നായി വരുന്നുണ്ടെന്ന് മറുപടിയാണ് പറയാറ്. പക്ഷേ സത്യം എനിക്ക് മാത്രമല്ലേ അറിയൂ...
ചില്ലറ വിൽപനശാലകൾ ഈ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് ഉപഭോക്താക്കൾ മനസ്സിലാക്കിയാൽ ഇവർക്ക് ഇവിടെ പിടിച്ചു നിൽക്കാൻ സാധിക്കും. വമ്പൻ മാളുകളും ഹൈടെക് സൂപ്പർ മാർക്കറ്റുകളും രാജ്യത്ത് വേണമെന്ന നിലപാടിനൊപ്പം ഈ ചെറു കക്ഷികളും നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവർക്കും വലിയ മാളുകൾ തുടങ്ങാൻ സാധിക്കില്ലല്ലോ. ഇത്തരം ചില്ലറ വ്യാപാര കേന്ദ്രങ്ങളിലേക്ക് കൂടി ആവശ്യക്കാർ എത്തിയാൽ ചെറുകിട തൊഴിലുടമകൾക്കൊപ്പം പതിനായിരക്കണക്കിനു തൊഴിലാളികളുടെ കുടുംബത്തിലും ഭക്ഷണം എത്തും. ചെറുകിട സ്ഥാപനങ്ങളിലെ വിലപേശൽ സമ്പ്രദായം ഒഴിവാക്കി മാന്യമായ ലാഭം ഈടാക്കിയുഉള്ള ഒറ്റ വില സമ്പ്രദായത്തിലേക്ക് മാറേണ്ടതും ഈ മേഖല പിടിച്ചുനിൽക്കാൻ ആവശ്യമാണ് .