ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രണം.സി ആർ പി എഫ് വാഹനത്തെ ആക്രമിച്ചശേഷം ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിലേക്ക് ഓടിക്കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടരുന്നു.ജമ്മുകശ്മീരിലെ പന്ത ചൗക്കിൽ സിആർപിഎഫ്. വാഹനത്തിനുനേരേ ആക്രമണം നടത്തിയ ശഷം ഭീകരർ സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു.

രണ്ടോ മൂന്നോ ഭീകരർ കെട്ടിടത്തിനുള്ളിൽ ഉണ്ടെന്നാണ് കരുതുന്നത്. ഭീകരർ കെട്ടിടത്തിലേക്ക് കയറുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം സ്‌കൂൾ വിട്ട് പോയത് അപകടം ഒഴിവാക്കി.തിരക്കേറിയ വ്യാപാര കേന്ദ്രത്തിന് സമീപമാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നാനൂറിലധികും മുറികളുള്ള സ്‌കൂളിനൊപ്പം വിസ്താരമുള്ള കാമ്പസും സ്ഥിതി ചെയ്യുന്നത് ഒരേ കോമ്പൗണ്ടിലാണ്. ഇത് ഭീകരരെ നേരിടാൻ സുരക്ഷാ സൈനികരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയോടെ ഭീകരർ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടറും പൊലീസുകാരനും മരിച്ചിരുന്നു. ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

സബ് ഇൻസ്‌പെക്ടർ സാഹിബ് ശുക്ലയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തോയിബ ഏറ്റെടുത്തിട്ടുണ്ട്. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ശനിയാഴ്ച വൈകീട്ട് 5.50-നാണ് സംഭവം. സി.ആർ.പി.എഫിന്റെ 29 ബറ്റാലിയനിലുള്ള വാഹനമാണ് ആക്രമിക്കപ്പെട്ടത്