ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ സൈന്യം കൊലപ്പെടുത്തി. അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാർനോ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പട്ടവരിൽ ഒരാൾ മുഹമ്മദ് ഫർഹാൻ വാനിയെന്ന ഹിസ്ബുൽ പ്രവർത്തകനാണെന്നും രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം അറിയിച്ചു.

ഭീകർക്കെതിരായ ഓപ്പറേഷൻ ഓൾ ഔട്ടിെന്റ ഭാഗമായി സൈന്യവും സി.ആർ.പി.എഫും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്.

കോക്രനാഗിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ തുടർന്ന് മേഖലയിൽ തിരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടർന്ന് സേനകൾ സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നുഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. കഴിഞ്ഞ മാസം പുൽവാമയിൽ അഞ്ചു ജവാന്മാർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് ഓപ്പറേഷൻ ഓൾ ഔട്ട് ആരംഭിച്ചത്.