ടക്കാലത്ത് ശാന്തമായിരുന്ന കാശ്മീർ താഴ്‌വര വീണ്ടും അശാന്തമായിക്കൊണ്ടിരിക്കുകയാണ്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും വെടിനിർത്തൽ കരാർ ലംഘനവും നടത്തി പാക്കിസ്ഥാൻ തുടർച്ചയായി ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇക്കൊല്ലം തുടങ്ങിയശേഷം ഇതുവരെ ഒരുഡസൻ ഇന്ത്യൻ സൈനികർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരും അനവധി. ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കരസേന അധികൃതരും ആവർത്തിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ കൂസലെന്യേ പ്രകോപനം തുടരുക തന്നെയാണ്.

തുടർച്ചയായ ഈ പ്രകോപനങ്ങൾ ഇരുരാജ്യങ്ങളെയും പതുക്കെ യുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. അങ്ങനെ വിശ്വസിക്കുന്നവരിൽ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുമുണ്ട്. അതിർത്തിയിലെ സംഘർഷങ്ങളുടെ പേരിൽ ഇരുരാജ്യങ്ങളും നടത്തുന്ന വാഗ്വാദങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നില്ലെങ്കിൽ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് 80-കാരനായ ഫറൂഖ് അബ്ദുള്ളയുടെ വിലയിരുത്തൽ.

ഇന്ത്യൻ ഭാഗത്തുനിന്നും സമാധാന ശ്രമങ്ങളുണ്ടാകണമെന്നാണ് ശ്രീനഗറിൽനിന്നുള്ള എംപികൂടിയായ ഫറൂഖ് അബ്ദുള്ളയുടെ അഭിപ്രായം. പാക്കിസ്ഥാൻ മാത്രമല്ല വെടിവെക്കുന്നതെന്ന് അദ്ദേഹം പറയുന്നു. നമ്മളും അതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങളുടെ നാശത്തിനാണ് ഇത് വഴിവെക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിര്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇരുരാജ്യങ്ങളും തിരിച്ചറിയണം. ചർച്ചയിലൂടെ മാത്രമേ തർക്കങ്ങൾ പരിഹരിക്കാനാകൂ-ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ഞായറാഴ്ച നടന്ന വെടിവെപ്പിൽ നാല് ഇന്ത്യൻ സൈനികരും ഒരു പാക്കിസ്ഥാൻ പൗരനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ ഈ പരാമർശങ്ങൾ. ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമാക്കി ചെറിയ തോക്കുകളുപയോഗിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പാണ് സംഘർഷത്തിനിടയാക്കിയതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, പ്രകോപനമുണ്ടാക്കിയത് ഇന്ത്യൻ സേനയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

2003-ൽ ഇരുരാജ്യങ്ങളുമായുണ്ടായ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കപ്പെടുകയാണെന്ന് ഇരുഭാഗവും ഒരുപോലെ ആരോപിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രണ്ടുവട്ടമാണ് കാശ്മീരിന്റെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേർപ്പെട്ടത്. ഇതിനുശേഷം സമാധാന ശ്രമങ്ങൾ തുടങ്ങിയെങ്കിലും, അടുത്തകാലത്തായി ചർച്ചകളും നിലച്ചിരിക്കുകയാണ്. അതിർത്തി കടന്നുള്ള തീവ്രവാദവും നുഴഞ്ഞുകയറ്റവും കാശ്മീർ ജനതയുടെ സ്വൈരം കെടുത്തുന്നത് ഇപ്പോൾ കൂടിയിരിക്കുകയുമാണ്.