ശ്രീനഗർ: കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മോദിക്ക് കഴിയുമെന്നാണ് മുഖ്യമന്ത്രി മെഹബൂബാ മുഫ്തി പറയുന്നു. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി കശ്മീരിൽ സമ്പൂർണ്ണ അശാന്തിയാണ്. ഇതിന് പരിഹാം ഉണ്ടാകുന്നില്ല. പൊലീസിന് നേരെ കല്ലേറ് വ്യാപകമായോടെ തീവ്രവാദികൾക്കെതിരായ നടപടികളും ശക്തമാക്കി. പൊലീസ് തെരച്ചിലും സജീവം. ഇതിനിടെയാണ് കുൽഗാം ജില്ലയിൽ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരനും ഭീകരനുമടക്കം നാലുപേർ കൊല്ലപ്പെട്ടത്. പൊലീസ് വാഹനത്തിനുനേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

അതിനിടെ പാക്ക് അധിനിവേശ കശ്മീരിൽനിന്നു ഭീകരർ അയച്ചതെന്നു സംശയിക്കുന്ന പന്ത്രണ്ടുകാരൻ അതിർത്തി കടന്നു വന്നപ്പോൾ ഇന്ത്യൻ സൈന്യം പിടികൂടി. രജൗരി ജില്ലയിലെ നിയന്ത്രണരേഖ കടന്നു വന്ന അഷ്ഫാഖ് അലി ചൗഹാൻ എന്ന പന്ത്രണ്ടുകാരനെയാണു സൈന്യം പിടികൂടിയത്. ഭീകരർ അയച്ചതാണോ എന്ന് അന്വേഷിക്കാൻ സൈനികർ കുട്ടിയെ പൊലീസിനു കൈമാറി.

നുഴഞ്ഞു കയറ്റം ചെറുക്കാൻ സൈന്യവും ബിഎസ് എഫും അതീവ ജാഗ്രതയിലാണ്. മധ്യകശ്മീരിൽ കനാലിൽനിന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് കൊലപാതകമാണെന്നാരോപിച്ചു നാട്ടുകാർ വഴി തടഞ്ഞു. ഇതിനിടെ, പൊലീസിന്റെ ചാരന്മാരെന്നാരോപിച്ചു രണ്ടു യുവാക്കളെ ഹിസ്ബുൽ മുജാഹിദീൻ ഭീകരർ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ അധികൃതരുടെ വിലക്കുകൾ മറികടന്നും വൈറലായി.

പുൽവാമ ജില്ലയിൽ വിദ്യാർത്ഥികളും സുരക്ഷാസേനയും ഏറ്റുമുട്ടി. സൈനികരുടെ നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ നീക്കമാണു പുൽവാമ ജില്ലയിൽ വിദ്യാർത്ഥികളും സേനയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയതെന്നു പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള ഭീകര ഇടപെടലും കാര്യങ്ങൾ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ട്. ശ്രീനഗറിലും പ്രതിഷേധപ്രകടനം നടത്തിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കശ്മീരിൽ വൈറലായ വിഡിയോയിൽ മർദനമേറ്റ യുവാക്കൾ തങ്ങൾ പൊലീസിന്റെ ചാരന്മാരായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഏറ്റുപറയുന്നതും കരുണയ്ക്കായി യാചിക്കുന്നതും കാണാം. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.