ന്യൂഡൽഹി: ജമ്മു കശ്മീരിലെയും ഝാർഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അഞ്ചുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം നവംബർ 25നും രണ്ടാംഘട്ടം ഡിസംബർ രണ്ടിനും നടത്തും. മൂന്നാംഘട്ടം ഡിസംബർ 9നും നാലാം ഘട്ടം പതിനാലിനും അഞ്ചാംഘട്ടം 20നും നടത്തും.

87 നിയമസഭാ മണ്ഡലങ്ങളാണ് കശ്മീരിൽ ഉള്ളത്. ഝാർഖണ്ഡിൽ 81 സീറ്റുകളാണുള്ളത്. ഇരുസംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി എസ് സമ്പത്ത് പറഞ്ഞു. രണ്ടിടത്തും ഡിസംബർ 23ന് ഫലമറിയാം. ഡൽഹിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഭീകരാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കശ്മീരിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് സർക്കാരാണ് കശ്മീരിൽ അധികാരത്തിൽ. എൻസിക്ക് 28 സീറ്റാണുള്ളത്. പിഡിപിക്ക് 21ഉം കോൺഗ്രസിന് 17 സീറ്റും കശ്മീരിലുണ്ട്. ബിജെപി 11 സീറ്റിലും സിപിഐ(എം) ഒരു സീറ്റിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഹേമന്ദ് സോറൻ നേതൃത്വം നൽകുന്ന ഝാർഖണ്ഡ് മുക്തിമോർച്ച സർക്കാരാണ് ഝാർഖണ്ഡിൽ അധികാരത്തിൽ. ജെഎംഎമ്മിനും ബിജെപിക്കും 18 സീറ്റുകൾ വീതമാണുള്ളത്. കോൺഗ്രസിന് 14 സീറ്റുമുണ്ട്.

ഈ രണ്ട് സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബിജെപി നടത്തിയത്. അത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഹരിയാനയിലും മഹാരാഷ്ട്രയിലും മോദിതരംഗം സൃഷ്ടിച്ച മുന്നേറ്റം കശ്മീരിലും ആവർത്തിക്കുമെന്നാണ് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.