ശ്രീനഗർ: ജമ്മു കശ്മീരിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി ഭീകരർ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസർ ഉമർ ഫയാസിന്റെ മൃതദേഹം കണ്ടെത്തി. തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലുള്ള ഹെർമൻ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് വെടിയുണ്ടകൾ പതിച്ച മൃതദേഹം കണ്ടെത്തിയത്. കശ്മീരിലെ കുൽഗാം സ്വദേശിയാണ് ഉമർ ഫയാസ്.

വിവാഹ സത്കാരത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഷോപിയാനിലെത്തിയത്. ഷോപിയാനിൽ സൈനിക ഓഫീസർ താമസിച്ച സ്ഥലത്തുനിന്നാണ് ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിമുതൽ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരർ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.

സംഭവത്തെക്കുറിച്ച് സൈന്യവും പൊലീസും വിശദമായ അന്വേഷണം തുടങ്ങി. കശ്മീരിൽ സ്ഥിതിഗതികൾ വഷളായി തുടരുന്നതിനിടെയാണ് സൈനിക ഓഫീസറെ ഭീകരർ തട്ടിക്കൊണ്ടുപോയശേഷം വധിച്ചത്. അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മരിച്ച രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ അതിർത്തി കടന്നെത്തിയ പാക് സൈനികർ വികൃതമാക്കിയ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഷോപിയാനിൽ കഴിഞ്ഞയാഴ്ച സുരക്ഷാസൈന്യം ഭീകരർക്കുവേണ്ടി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഹെലിക്കോപ്റ്ററുകൾ അടക്കമുള്ളവയുടെ സഹായത്തോടെയാണ് 20 ഓളം ഗ്രാമങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തിയത്. തിരച്ചിലിനുശേഷം മടങ്ങിയ സുരക്ഷാ സൈനികർക്കുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഡ്രൈവർ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ദിവസങ്ങൾക്കുശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥനെ അനന്തനാഗിൽ ഭീകരർ വധിച്ചിരുന്നു. കുൽഗാമിലെ ബാങ്കിൽ പണം എത്തിച്ച് മടങ്ങിയ വാൻ ആക്രമിച്ച ഭീകരർ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും വധിച്ചിരുന്നു.