ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട മൂന്നു ഭീകരരിൽ രണ്ടുപേർ അടുത്തകാലത്ത് ഭീകരസംഘടനയിൽ ചേർന്ന ചെറുപ്പക്കാരാണെന്ന് സൂചന. മൂന്നുമാസം മുമ്പ് വീടുവിട്ടിറങ്ങുകയും പിന്നീട് ഭീകരസംഘടനയിൽ ചേരുകയും ചെയ്ത സാഖ്വിബ് ബിലാൽ എന്ന യുവാവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ് സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ മുജ്ഗുണ്ടിൽ നടന്ന വെടിവെയ്പിലാണ് മറ്റൊരു പാക്കിസ്ഥാനി ലഷ്‌ക്കർ ഇ തായ്ബ ഭീകരനൊപ്പം ഇവർ കൊല്ലപ്പെട്ടത്. ഡിസംബർ ഒമ്പതിന് നടന്ന ഏറ്റുമുട്ടൽ പതിനെട്ടു മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോർട്ട്.

ശ്രീനഗറിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മുജ്ഗുണ്ട് ഗ്രാമത്തിൽ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്നുണ്ടായ തെരിച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. പാക്കിസ്ഥാൻ ലഷ്‌ക്കർ ഇ തായ്ബ പ്രവർത്തകനൊപ്പം മരിച്ച സാഖ്വിബ് ബിലാൽ ഒരു ബോളിവുഡ് ചിത്രത്തിലും ചെറുവേഷം ചെയ്തിരുന്നു. തിയേറ്റർ ആർട്ടിസ്റ്റുകൂടിയായ സാഖ്വിബ് ഓഗസ്റ്റിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം തീവ്രവാദ സംഘടനയിൽ ചേരാൻ വീടുവിട്ടിറങ്ങിയത്. അന്നുമുതൽ യുവാക്കൾക്കായി വീട്ടുകാർ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും സാഖ്വിബിനെ കണ്ടെത്താനായില്ല.

എൻജിനീയറിംഗിൽ താത്പര്യമുണ്ടായിരുന്ന സാഖ്വിബ് എന്തിനാണ് ഭീകരവാദ സംഘടനയിൽ ചേർന്നതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പലവ്യഞ്ജനം വാങ്ങാനെന്നും പറഞ്ഞാണ് സാഖ്വിബ് വീട്ടിൽ നിന്നു പോയത്. എന്നാൽ രണ്ടു പേരും മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്നതായി കണ്ടുവെന്ന് പിന്നീട് ആൾക്കാർ പറഞ്ഞിരുന്നുവെന്ന് സാഖ്വിബിന്റെ ഒരു ബന്ധു ഓർമിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു സാഖ്വിബ്. ഫുട്‌ബോളിലും തായ്‌കോണ്ടയിലും കബഡിയിലും തത്പരനുമായിരുന്നു. സാഖ്വിബിനൊപ്പം കൂടെപ്പോയ ഒമ്പതാംക്ലാസുകാരൻ ഒരു ദരിദ്രകുടുംബത്തിലെ അംഗമായിരുന്നുവെന്നും പറയപ്പെടുന്നു.

സാഖ്വിബിന് അഭിനയത്തോടുള്ള താത്പര്യം മൂലമാണ് വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ഹൈദർ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തത്. പിന്നീട് നാടകങ്ങളിലും അഭിനയിച്ചുവരികയായിരുന്നു. നാടകാഭിനയത്തിന് സാഖ്വിബിന് അവാർഡുകളും ലഭിച്ചിട്ടുണ്ട്.

വീടുവിട്ടിറങ്ങിയ ഇരുവരും ഉടൻ തന്നെ ഭീകരവാദസംഘടനയിൽ ചേരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആൺകുട്ടികളുടെ മരണം കാശ്മീരിൽ പ്രക്ഷോഭത്തിന് കാരണമായിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെ സംഘടനയിൽ ചേർത്ത് ഭീകരവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെതിരേ ഭീകരർക്കെതിരേ നാട്ടുകാർ കലാപത്തിന് ഇറങ്ങിയിരിക്കുകയാണ്. അതേസമയം കുട്ടികൾ ഉൾപ്പെടുന്ന ഏറ്റുമുട്ടലുകളിൽ അവർക്കെതിരേ വെടിവെയ്ക്കുന്ന സുരക്ഷാ സേനയ്‌ക്കെതിരേയും നാട്ടുകാർ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്.