ചെന്നൈ: തമിഴ്‌സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു സൂപ്പർ താരം ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോഹന വാർത്ത.അടുത്തകാലം വരെയും വളരെ സന്തോഷത്തോടെയാണ് ഇരുവരെയും പൊതുവേദികളിൽ കണ്ടിരുന്നത്. വളരെ പെട്ടെന്ന് ഇവർക്കിടയിൽ എന്തു സംഭവിച്ചുവെന്നാണ് ആരാധകർ ചോദിക്കുന്നത്.അത് കൊണ്ട് തന്നെ വാർത്ത ഇതുവരെ ഇവരുടെ ആരാധകർക്കും സൂഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ തീർക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അനുരഞ്ജനശ്രമം തുടരുകയാണ്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ.ഒരു തമിഴ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. ഇവർ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്ന് പറയുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ഡൈയിലി തന്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമർശം. അവർ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്. അത് ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തിൽ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാൻ ഫോണിൽ വിളിച്ചിരുന്നു- കസ്തൂരി രാജ പറഞ്ഞു.

അതേസമയം, കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അത് പരിഹരിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2020വരെ ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾമുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമിക്കുന്നുണ്ട്. പലരും ഇരുവരുമായി സംസാരിച്ചുവെങ്കിലും സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഉൾപ്പെടെ അടുത്തബന്ധുക്കൾ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.ബന്ധുക്കൾ സംസാരിച്ചുവെങ്കിലും അദ്ദേഹം തീരുമാനത്തിൽനിന്നും പിന്മാറുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങളിൽനിന്നുള്ള സൂചന.അതിനിടെ രജനീകാന്തിനെ സമാശ്വസിപ്പിച്ച് ആരാധകർ സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. 2004-ലാണ് ഇരുവരും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്. ഹൈദരാബാദിൽ തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ് ധനുഷ്.സംവിധായകനും നിർമ്മാതാവുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്.