കേയ്റ്റ് രാജകുമാരി ലോകത്തിലെ ഏറ്റവും സെലിബ്രിറ്റിയായ സ്‌റ്റൈൽ ഐക്കണായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കാനഡ സന്ദർശനത്തിനിടയിലും കേയ്റ്റ് തന്റെ ആടയാഭരണങ്ങളിൽ അത്ഭുതം ജനിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രശസ്ത ഡിസൈനർമാരെ കൊണ്ട് രൂപകൽപന ചെയ്ത അനേകം വസ്ത്രങ്ങളാണ് കേയ്റ്റ് കാനഡ പര്യടനത്തിടയിൽ ധരിച്ചിരിക്കുന്നത്. ഇതിലൂടെ ഹോളിവുഡ് നടിമാരെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള ഫാഷൻ പരേഡാണ് രാജകുമാരി നടത്തിയിരിക്കുന്നത്. തൽഫലമായി ചുരുങ്ങിയ സമയത്തിനുള്ള കാനഡയിലെ സൂപ്പർതാര പദവി നേടാനും ഈ സുന്ദരിക്ക് സാധിച്ചിട്ടുണ്ട്.

കാനഡയിലെ സന്ദർശനത്തിന്റെ അഞ്ചാം ദിവസത്തിലും കേയ്റ്റ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു ചലച്ചിത്ര താരത്തിന്റെ മെയ്‌ക്ക് ഓവറിലായിരുന്നു കേയ്റ്റെന്നാണ് ഫാഷൻ വാച്ചർമാർ വിലയിരുത്തുന്നത്.ലണ്ടനിലെ ഏറ്റവും മികച്ച ഡിസൈനർമാരിലൊരാളായ നതാഷ ആർച്ചെർ എന്ന സ്റ്റൈലിസ്റ്റിന്റെ സഹായമേറെ ഇക്കാര്യത്തിൽ കേയ്റ്റിന് ലഭിക്കുന്നുണ്ട്. കേയ്റ്റ് ഇപ്പോൾ എന്നത്തേക്കാളും സുന്ദരിയായി മാറിയിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.രണ്ട് ചെറിയ കുട്ടികളെ നോക്കുന്നതിനിടയിലും തന്റെ തിരക്കിട്ട പരിപാടികൾക്കിടയിലുമാണ് കേയ്റ്റ് ഈ വിധത്തിൽ തന്റെ വസ്ത്രകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടത്തിയ ഇന്ത്യൻ സന്ദർശനത്തിനിടയിൽ കേയ്റ്റിന്റെ വസ്ത്രങ്ങൾ ഏറെ വൈവിധ്യ പൂർണമായിരുന്നു. ഹൈസ്ട്രീറ്റ് മുതൽ പ്രാദേശിക മാർക്കറ്റിൽ നിന്നും വാങ്ങുന്ന വസ്ത്രങ്ങൾ വരെ അന്നവർ ധരിച്ച് തിളങ്ങിയിരുന്നു.

ഇപ്പോൾ കാനഡ സന്ദർശന വേളയിലും തികച്ചും വ്യത്യസ്തമായ വസ്ത്രങ്ങളിൽ തിളങ്ങാൻ കേയ്റ്റ് ബദ്ധശ്രദ്ധാലുവാണ്. റോയൽ ബ്ലൂ ബോഡി കോണ്ടൗറിങ് ഡ്രസ് ധരിച്ചാണ് കേയ്റ്റ് കാനഡ പര്യടനം ആരംഭിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ട ബ്രിട്ടീഷ് ഡിസൈനറായ ജെന്നി പാഖാമാണ് ഇതിന്റെ ഡിസൈനർ. ഇതിന് 495 പൗണ്ടാണ് വില. ഇതിനൊപ്പം ഗിയാൻവിറ്റോയിൽ നിന്നുള്ള നാലിഞ്ച് സ്യൂഡ് ഹീലുകളും കേയ്റ്റ് ധരിച്ചിരുന്നു. ഇതിന് പുറമെ മേപ്പിൾ ഇലകൾ ഡിസൈനായുള്ള ഒരു ഡ്രസും അവർ ധരിച്ചിരുന്നു. കാനഡയുടെ ദേശീയതയെ പിന്തുണയ്ക്കുന്നതിനായിരുന്നു ഇത്. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈൽവിയ ഫ്ലെറ്റ്ചെറാണിത് ഡിസൈൻ ചെയ്തിരിക്കുന്നത്.

വാൻകൂവറിലെ പര്യടനത്തിനിടയിൽ കേയ്റ്റ് കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനർ വസ്ത്രത്തിലായിരുന്നു തിളങ്ങിയിരുന്നത്. കാനഡയുടെ ദേശീയപതാക പതിപ്പിച്ച ഈ വസ്ത്രത്തിന് 4000 പൗണ്ടാണ് വില. പൊതുജനങ്ങളുമായി അടുത്തിടപഴകിയ ഒരു ചടങ്ങിൽ ദേശീയപതാകയുടെ നിറങ്ങളായ വെളുപ്പും ചുവപ്പും നിറങ്ങളിലുള്ള അലക്സാണ്ടർ മാക് ക്യൂൻ ഫ്രോക്കായിരുന്നു ധരിച്ചിരുന്നത്.ഇതവരുടെ സാധാരണ സ്റ്റൈലായ ഡെമുറെയിൽ നിന്നുള്ള മാറ്റമാണെന്നാണ് ഫാഷൻ എക്സ്പർട്ടാ നവോമി വിലയിരുത്തുന്നത്.തിങ്കളാഴ്ച രാത്രി കനേഡിയൻ ഫസ്റ്റ് നാഷൻസ് ഗ്രൂപ്പിനെ കാണാൻ പോയ ചരിത്രപരമായ ചടങ്ങിൽ കേയ്റ്റ് തിളങ്ങിയത് ഒരു റെഡ് പ്രീൻ ഡ്രസിലായിരുന്നു. തുടർന്ന് റെയിൻ ഫോറസ്റ്റ് കാണാൻ പോയപ്പോൾ 1000 പൗണ്ട് വിലയുള്ള തോൺടൻ ബ്രെഗസ്സി ഡ്രസായിരുന്നു രാജകുമാരി അണിഞ്ഞിരുന്നത്. ജോർജ് ആറാമൻ രാജാവ തന്റെ പത്നിയായ രാജ്ഞിക്ക് 1939ലെ കാനഡ സന്ദർശനവേളയിൽ സമ്മാനമായി നൽകിയ വസ്ത്രമായിരുന്നു അത്.

ബ്രിട്ടീഷ് കൊളംബിയയിലെ കെലോവ്നയിലെത്തിയപ്പോൾ 2000 പൗണ്ട് വിലയുള്ള ഫ്രോക്കിലായിരുന്നു രാജകുമാരി തിളങ്ങിയത്. കാനഡ സന്ദർശനത്തിന്റെ നാലാം ദിവസമായിരുന്നു ഇത്.തൊട്ടടുത്ത ദിവസം 2000 പൗണ്ട് വിലയുള്ള ഡോൽസെ ആൻഡ് ഗബാന വസ്ത്രമായിരുന്നു രാജകുമാരി തെരഞ്ഞെടുത്തത്.