മാധ്യമങ്ങൾക്കെല്ലാം ഇഷ്ടമുള്ള വിഷയമാണ് കേറ്റും കേറ്റിന്റെ വസ്ത്രധാരണ രീതികളും സ്‌റ്റൈലുമെല്ലാം. കഴിഞ്ഞ ദിവസം കേംബ്രിഡ്ജിലെ റോയൽ എയർ ഫോഴ്‌സ് (ആർഎഎഫ്) മിലിട്ടറി കേഡറ്റ്‌സുകൾക്കൊപ്പം സമയം ചിലവഴിക്കാനെത്തിയ കേറ്റും പാപ്പരാസികൾക്ക് വാർത്താവിഷയമായി. കാലിൽ ഒട്ടിപ്പിടിച്ച സ്‌കിന്നി ജീൻസിട്ട് കാൽ അൽപം അകത്തി നിന്ന രാജകുമാരിയുടെ പിന്നീടുള്ള ഓരോ ചുവടുകളും വാർത്തയാക്കിയാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സ്‌കിന്നി ജീൻസും റെഡ് ജാക്കറ്റും കറുപ്പ് ബൂട്ടും ധരിച്ചെത്തിയ കേറ്റ് എയർ കേഡറ്റ്‌സിനൊപ്പം ചേർന്ന് കേഡറ്റുകൾക്ക് പുതിയ അനുഭവം പകർന്നാണ് മടങ്ങിയത്. വിമാനത്തിന്റെ പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കിയുള്ള ആദ്യാനുഭവമായിരുന്നു കെയ്റ്റിന്റേത്. ഏവിയേഷൻ മേഖലയോടുള്ള തന്റെ താൽപര്യവും കെയ്റ്റ് തുറന്നു പറഞ്ഞു. വിമാനത്തിൽ കയറി കേയ്റ്റ് തന്റെ അറിവുകൾ പങ്കുവെക്കുകയും വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു മനസിലാക്കുകയും ചെയ്ത ശേഷമാണ് തിരിച്ചിറങ്ങിയത്.

കേഡറ്റ് സർജന്റ് ബെർട്ടോലാസോയാണ് കെയ്റ്റിന് വിമാനത്തിന്റെ കൺട്രോൾ വിഭാഗത്തെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകിയത്. റോയർ എയർ ഫോഴ്‌സുമായി ശക്തമായ ബന്ധമുള്ള കെയ്റ്റിനൊപ്പം സമയം ചിലവഴിക്കാനായത് തന്റെ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎഎഫ് ക്യാമ്പിന്റെ ശാരീരിക പരിശീലന ക്യാമ്പും കെയ്റ്റ് സന്ദർശിച്ചു. ക്യാമ്പ് തുടങ്ങിയിട്ട് ആറു മാസം പിന്നിടുമ്പോൾ ഇതുവരെയുള്ള കേഡറ്റുകളുടെ അനുഭവങ്ങൾ അവരുമായി നേരിട്ട് സംവദിച്ചാണ് കെയ്റ്റ് മടങ്ങിയത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്ത) നിശയ്‌ക്കെത്തിയപ്പോഴും സിനിമാ ലോകത്തെ ഗ്ലാമർതാരങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കേറ്റിന്റെ കടന്നുവരവ്.

2015 ഡിസംബറിലാണ് കെയ്റ്റ് ആർഎഎഫ് എയർ കേഡറ്റ്‌സിന്റെ ചുമതല ഏറ്റെടുത്തത്. യുകെയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 12,00 യൂണിറ്റുകളിലെ 12നും 19നും ഇടയിൽ പ്രായമുള്ള 42,000 കേഡറ്റ്‌സും 15,000 മുതിർന്ന വോളന്റിയേഴ്‌സുമാണ് ആർഎഎഫിലുള്ളത്. കഴിഞ്ഞ വർഷം നടത്തിയ കാനഡാ സന്ദർശനത്തിൽ പ്രിൻസ് ജോർജ്ജിന്റെ വിമാനത്തോടുള്ള പ്രിയവും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഫ്‌ലോട്ട് വിമാനത്തിന്റെ കോക്്പിറ്റിൽ കയറുകയും കൺട്രോൾ വിഭാഗത്തിന്റെ സീറ്റിൽ ഇരിക്കുകയും ചെയ്ത ശേഷമാണ് പ്രിൻസ് ജോർജ്ജ് മടങ്ങിയത്.