- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥയിലെ തെയ്യക്കോലങ്ങൾ
ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയിൽ ഏറ്റവും ശ്രദ്ധ നേടിയ ഭാവനകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റേത്. മലയാളത്തിൽ 1950-80 കാലത്ത് സജീവമായി നിലനിന്ന ആധുനികതാവാദത്തിന്റെ സാഹിതീയ ഭാവുകത്വങ്ങൾ മിക്കതും ചരിത്രപരമായിത്തന്നെ മറികടന്നവയാണ് അംബികാസുതന്റെ കഥകൾ. സമകാല നോവലിന്റെ കഥയിലും രാഷ്ട്രീയത്തിലുമാകട്ടെ, ഇത്രമേൽ സാ
ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയിൽ ഏറ്റവും ശ്രദ്ധ നേടിയ ഭാവനകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റേത്. മലയാളത്തിൽ 1950-80 കാലത്ത് സജീവമായി നിലനിന്ന ആധുനികതാവാദത്തിന്റെ സാഹിതീയ ഭാവുകത്വങ്ങൾ മിക്കതും ചരിത്രപരമായിത്തന്നെ മറികടന്നവയാണ് അംബികാസുതന്റെ കഥകൾ. സമകാല നോവലിന്റെ കഥയിലും രാഷ്ട്രീയത്തിലുമാകട്ടെ, ഇത്രമേൽ സാമൂഹിക-പാരിസ്ഥിതിക പ്രതിബദ്ധത കലർത്തിയ മറ്റൊരാൾ സാറാജോസഫല്ലാതെ മലയാളത്തിലില്ല എന്നുപോലും പറയാം. കഥയിലും വ്യത്യസ്തമല്ല കാര്യങ്ങൾ.
നവകൊളോണിയൽ സാമൂഹ്യപരിസരത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളെ നിരന്തരം പ്രശ്‌നവൽക്കരിക്കുന്നവയാണ്, ഒറ്റവാക്യത്തിൽ സംഗ്രഹിച്ചാൽ ഈ കഥാകൃത്തിന്റെ രചനകൾ. ദേശപരവും ഭാഷാപരവും പ്രകൃതിപരവും മതാത്മകവുമായ ജീവിതങ്ങളെ (അത് മാനുഷികം മാത്രമല്ല, പ്രാപഞ്ചികം തന്നെയാണ്) തന്റെ കാലത്തിന്റെ ലാവണ്യാത്മകവും രാഷ്ട്രീയവുമായ സാംസ്‌കാരിക പാഠമാതൃകകളായി പുനഃസൃഷ്ടിക്കുന്ന എത്രയെങ്കിലും കഥകൾ അംബികാസുതന്റേതായുണ്ട്. ആഘോഷങ്ങളോ ആർഭാഗങ്ങളോ ഇല്ലാതെ, മാദ്ധ്യമവ്യവസായത്തിന്റെ താരപരിഗണനകൾക്കു പുറത്ത് അതിർത്തികളൊന്നും തെറ്റിവരയ്ക്കാത്ത ഭാവനാഭൂപടങ്ങളിലൂടെ ഈ കഥാകൃത്ത് തന്റെ കാലത്തോടും നാടിനോടും നാട്ടാരോടും വിശ്വാസങ്ങളോടും സംവദിച്ചുകൊണ്ടേയിരിക്കുന്നു.
മിത്തും ചരിത്രവും പെണ്ണും മണ്ണും ആ സംവാദങ്ങളുടെ ഊടും പാവും നെയ്യുന്നു. ഗുണപാഠകഥകൾ തൊട്ട് ഫാന്റസികൾ വരെ; നാടോടിക്കഥകൾ തൊട്ട് തിരക്കഥകൾ വരെ - കഥാരചനയുടെ ആഖ്യാനശീലങ്ങളോരോന്നും അവിടെ ആവർത്തിച്ചുവരുന്നു. പിതൃദുഃഖത്തിന്റെ കൊടും ശൈത്യം മുതൽ മാജിക്കൽ റിയലിസത്തിന്റെ ഉഷ്ണവേഗങ്ങൾ വരെ ഒന്നും അംബികാസുതന്റെ കഥാലോകത്തിനന്യമല്ല.
സങ്കീർണ്ണതകളേതുമില്ലാത്ത ആഖ്യാനം, നാട്യങ്ങളില്ലാത്ത ഭാഷണകല, അപരിചിതലോകങ്ങളുടെ സമ്പൂർണ്ണമായ അഭാവം, സാധാരണവും അസാധാരണവുമായ ജീവിതത്തിന്റെ ഭാവബന്ധങ്ങൾ. സമകാലികരായ കഥാകൃത്തുക്കൾ ആഘോഷമാക്കിയ ഹിംസയും മരണവും പ്രണയവും ലൈംഗികതയും ജീവിതവിരക്തിയും ആസക്തിയും പോലുള്ളവയുടെ നാമമാത്രമായ സാന്നിധ്യം. പകരം, നിത്യജീവിതത്തിന്റെ മഹാസങ്കടങ്ങളുടെ വെള്ളിമീൻചാട്ടങ്ങൾ. അംബികാസുതൻ തന്റെ കഥയെഴുത്തുജീവിതത്തിന്റെ നാലുപതിറ്റാണ്ടുകളുടെ പരിഛേദമായി അവതരിപ്പിക്കുന്ന നാല്പതു കഥകളുടെ ഈ സമാഹാരം അടയാളപ്പെടുത്തുന്നത് ഇത്തരമൊരു കലാജീവിതമാണ്. 'സീതായാനം' മുതൽ ആർത്തുപെയ്യുന്ന മഴയിൽ ഒരു ജുമൈല വരെയുള്ള ഓരോ കഥയും ഈവിധമൊരു ഭാവുകത്വത്തിന്റെ ജീവനകലയായി മാറുന്നു.
മിത്തുകളുടെ പ്രാദേശിക ലോകമാണ് അംബികാസുതന്റെ മുഖ്യ കഥാപ്രപഞ്ചം എന്നു പറയാം. ഭൂത, വർത്തമാനങ്ങളിലൂടെ കാലത്തിന്റെ ഒരു നെടുവടം കെട്ടി, മതാനുഭൂതികളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഭയവും ഭക്തിയും, യുക്തിയുടെയും അയുക്തിയുടെയും ലോകങ്ങളെ വേർതിരിക്കുന്ന കഥകളുടെ ഒരു തുടർചരിത്രം അംബികാസുതന്റെ രചനാപ്രപഞ്ചത്തിലുണ്ട്. പിതൃക്കളുടെ ആത്മസാന്നിധ്യമായും മാന്ത്രികസിദ്ധിയുള്ള വിജ്ഞാനരൂപികളായും പ്രകൃതിവിരുദ്ധമായി കുതിക്കുന്ന വികസനത്തിനെതിരായ മിണ്ടാപ്രാണങ്ങളായും പെണ്ണിനെയും മണ്ണിനെയും രക്ഷിക്കുന്ന കാലമൂർത്തികളായും കീഴാളതയുടെ കാവലാളുകളായും കോലംകെട്ടിയാടുന്ന തെയ്യങ്ങളായാണ് ആ മിത്തുകളുടെ നില. ദേശവും ഭാഷയും ആചാരവും പഴമയും മൗലികമായ കഥനരൂപകങ്ങളായി ഈ രചനകളിൽ സന്നിഹിതമാകുന്നു.[BLURB#1-VL]
മുച്ചിലോട്ടമ്മ, വേട്ടച്ചേകോൻ, വാലില്ലാത്ത കിണ്ടി, വിഷവൈദ്യം, വായില്ലാക്കുന്നിലപ്പൻ, പൊട്ടിയമ്മത്തെയ്യം, കർക്കടകം, തോക്ക്, തീത്തെയ്യം.... മിത്തുകളുടെ പരമ്പരതന്നെയുണ്ട് അംബികാസുതന്റെ കഥാലോകത്ത്. ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള അനാദിയായ ഒരുടമ്പടിയുടെ ഭാഗപത്രങ്ങളായെഴുതപ്പെടുന്ന ഇത്തരം കഥകളിലാണ് തന്റെ ഭാവനാഭൂപടത്തിലെ വേറിട്ട ദേശീയതകൾ ഈകഥാകൃത്ത് അടയാളപ്പെടുത്തുന്നത്.
മിത്തിനെക്കാൾ വിചിത്രമായ ചരിത്രം ചോരവാർന്നുനിൽക്കുന്ന രചനകളുമുണ്ട്, അംബികാസുതന്. കലാപങ്ങളുടെയും പലായനങ്ങളുടെയും കഥകൾ. മറവിയുടെയും ഓർമയുടെയും ഏടുകൾ. തന്റെ കാലത്തോടും അതിന്റെ കലങ്ങിമറിഞ്ഞ യാഥാർഥ്യങ്ങളോടും ആത്മാവുകൊണ്ടു പൊരുതുന്ന ഒരു ഗാന്ധിയന്റെ തകർന്ന സ്വപ്നങ്ങളുടെ കഥ പറയുന്ന 'ചരിത്രം നിരസിച്ചവ' പോലുള്ള രചനകൾ ഉദാഹരണമാണ്.
ദൃശ്യമാദ്ധ്യമങ്ങളുടെ അധിനിവേശം മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന വാണിഭമൂല്യങ്ങളുടെ കാലത്തെ നിഷ്ഠൂരമായി വിചാരണ ചെയ്യുന്ന കുറെ കഥകളുണ്ട്; ഈ കഥാകൃത്തിന്റേതായി. മോക്ഷം, കൊമേഴ്‌സ്യൽ ബ്രേക്ക്, നിങ്ങൾക്കും എഡിറ്റുചെയ്യാവുന്ന ദൃശ്യങ്ങൾ എന്നിങ്ങനെ. ഒളിഞ്ഞുനോട്ടത്തിലൂടെയും പ്രദർശനത്തിലൂടെയും സാധ്യമാകുന്ന കാഴ്ചരതിയുടെ ലഹരികളിലേക്കു വഴിമാറുന്ന ആഖ്യാനങ്ങളുടെ ജനപ്രിയത മാത്രമല്ല, സ്വകാര്യതയിലേക്കും പൗരാവകാശങ്ങളിലേക്കും കടന്നുകയറുന്ന കാമറയുടെ കണ്ണുകളെയും ആൾക്കൂട്ടത്തിന്റെ ദൃശ്യഹിംസകളെയുമാണ് ഈ കഥകൾ വിചാരണ ചെയ്യുന്നത്. സ്ത്രീജീവിതത്തിന്റെ സഹനസമരങ്ങളോടും സമരസഹനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന അംബികാസുതന്റെ നിരവധി രചനകളിൽ ഒരു വിഭാഗം ഈ 'മാദ്ധ്യമകഥകൾ' തന്നെയാണ്. എം. മുകുന്ദന്റെ 'ഡൽഹി 1981' ന്റെ കാലത്തുടർച്ചകൾ. പെണ്ണനുഭവങ്ങളുടെ അതിനിന്ദ്യമായ നരകയാതനകളും പെൺപിറവിയുടെ അതിവിചിത്രമായ വഴിയാത്രകളും കഥയായെഴുതുന്ന മറ്റു ചില രചനകളുമുണ്ട് ഈ സമാഹാരത്തിൽ. 'സീതായാനം എന്ന ആദ്യകഥ മുതൽ 'ആർത്തുപെയ്യുന്ന മഴയിൽ...' എന്ന അവസാന കഥവരെ ഇതിനുദാഹരണമാണ്. ജാതിയും മതവും പുരുഷനും ഭരണകൂടവും വേട്ടയാടുന്ന സ്ത്രീയെ തെയ്യങ്ങൾ പോലും രക്ഷിക്കാനെത്താത്ത സ്ഥല, കാലങ്ങളുടെ നേർക്കുള്ള തൊണ്ടകീറുന്ന നിലവിളികളാണ് ഇവയോരോന്നും. വാലില്ലാത്ത കിണ്ടിയും പഞ്ചുരുളിയും പോലുള്ള കഥകളിൽ അത്, ചരിത്രം നിരസിച്ചവ, കർക്കടകം, നിങ്ങൾക്കും എഡിറ്റുചെയ്യാവുന്നത് പോലുള്ള കഥകളിലെ അന്ത്യവാക്യങ്ങളെന്നപോലെ, വായനക്കാരുടെ ചങ്കുതകർക്കുംവിധം നിഷ്ഠൂരമായ യാഥാർഥ്യങ്ങളിലേക്കു വിരൽ ചൂണ്ടുകയും ചെയ്യുന്നു.
പെണ്ണിൽനിന്നു മണ്ണിലേക്കു നീട്ടിവരച്ച ചരിത്രത്തിന്റെ രക്തരേഖയാണ് അംബികാസുതന്റെ ഏറ്റവും തീഷ്ണവും മൗലികവുമായ ഭാവനകളിലുള്ളത്. മരക്കാപ്പിലെ തെയ്യങ്ങൾ, എന്മകജെ എന്നീ നോവലുകളിൽ സാമ്രാജ്യത്തവും ഭരണകൂടവും മുതലാളിത്തവും വിപണിയും സൃഷ്ടിക്കുന്ന അധിനിവേശങ്ങളിൽ ഉടലിൽ നിന്നുരിഞ്ഞുപോകുന്ന പ്രാണനെന്ന പോലെ പെണ്ണിനും മണ്ണിനും ഒരുപോലെ നഷ്ടമാകുന്ന മാനങ്ങളെക്കുറിച്ചാണ് ഈ എഴുത്തുകാരൻ അങ്ങേയറ്റം ആർജ്ജവത്തോടെ പ്രതികരിക്കുന്നത്. ഈ സമാഹാരത്തിലുള്ള എത്രയെങ്കിലും കഥകളിൽ നാം സമാനമായ രാഷ്ട്രീയഭാവനയുടെ തെയ്യക്കോലങ്ങളെ കണ്ടുമുട്ടും. ഗജാനനം, വായില്ലാക്കുന്നിലപ്പൻ, പുഴജീവി, പഞ്ചുരുളി, ആനത്താര, വിഷവൈദ്യം, കുറ്റം... എന്നിങ്ങനെ ഈ പട്ടിക നീളുന്നു. വ്യവസായവൽക്കരണം മുതൽ ആഗോളവൽക്കരണം വരെയും ജൈവമാലിന്യം മുതൽ രാസമാലിന്യം വരെയും സൃഷ്ടിക്കുന്ന മാനവിക, പാരിസ്ഥിതികാഘാതങ്ങളുടെ കുറ്റപത്രങ്ങളാണ് ഇവയോരോന്നും.
[BLURB#2-VR]പിതാപുത്രദുഃഖങ്ങളുടെ ഉള്ളുരുക്കുന്ന ആഖ്യാനങ്ങളാണ് മറ്റൊരു വിഭാഗം കഥകൾ. മിത്തുകളിലും ചരിത്രത്തിലും ഭൂതകാലത്തും വർത്തമാനകാലത്തും രൂപംകൊള്ളുന്ന പിതാപുത്രബന്ധങ്ങൾ ഏതാണ്ടൊന്നടങ്കം സങ്കടക്കടലിൽ മുങ്ങിത്താഴുന്നവയാണ്. ഗജാനനം, കർക്കടകം, പഞ്ചുരുളി, കുറ്റം, പരീക്ഷിത്തിന്റെ അവസാനം, നിങ്ങൾക്കും എഡിറ്റുചെയ്യാവുന്ന..., പലതരം അളവുകൾ, മോക്ഷം, ആർത്തുപെയ്യുന്ന മഴയിൽ.. ഓരോന്നും ഓരോതരം ജീവിതാവസ്ഥകളിൽ നിന്ന് ചോരപൊടിയുംവിധം ചീന്തിയെടുത്ത ഏടുകൾ തന്നെയാണ്. മർത്യജന്മത്തിന്റെ നിസ്സാരതകൾ, നിസ്സഹായതകൾ, നിരാലംബതകൾ, നിസ്വതകൾ.... അംബികാസുതൻ അസാധാരണമായ ആർജവത്തോടെ ആവിഷ്‌ക്കരിക്കുന്ന ജീവിതാവസ്ഥകൾ പ്രകൃതിയോടും ജീവജാലങ്ങളോടും മാത്രമല്ല, ദൈവങ്ങളോടും പൂർവികരോടും കൂറുള്ള ജൈവമാനവികതയുടെ മഹാദുഃഖങ്ങളായി മാറുന്നു.
മേല്പറഞ്ഞ കഥകളുടെ ആഖ്യാനകലയാകട്ടെ, മുഖ്യമായും നാലുമാനങ്ങളിലാണ് വെളിപ്പെടുന്നത്. പ്രാദേശിക ഭാഷാസ്വത്വം, കീഴാള ജാതിസ്വരൂപം, മാന്ത്രിക യാഥാർഥ്യം, ദൃശ്യപരത എന്നിവയിൽ. 'തെയ്യക്കഥ'കളോ 'മാദ്ധ്യമകഥ'കളോ 'മൺകഥ'കളോ 'പെൺകഥ'കളോ ആകട്ടെ ഇതിനു മാറ്റമില്ല. മറ്റൊരു മലയാളകഥാകൃത്തും അവതരിപ്പിക്കാത്തവിധം വിപുലമായി ഉത്തരമലബാറിന്റെ ഭാഷാഭേദങ്ങളും പ്രാദേശിക വാമൊഴികളും എത്രയെങ്കിലും പദങ്ങളും അവയുടെ ഭൂ, ജീവിതബന്ധങ്ങളോടെ സാഹിത്യവൽക്കരിക്കുന്നു, അംബികാസുതൻ. കീഴാളതയുടെ രാഷ്ട്രീയം മുതൽ മിത്തിന്റെ മാന്ത്രികകത വരെയുള്ളവ ഈ പദകോശത്തിൽ അനന്യസാധാരണമാംവിധം സന്നിഹിതമാകുന്നു. ഫാന്റസിയും മാജിക്കൽ റിയലിസവും തന്റെ നാടിന്റെ ജീവിതാനുഭവങ്ങളിൽ പുനഃസൃഷ്ടിക്കുന്നതിൽ ഈ കഥാകാരനുള്ള വൈഭവം വെളിപ്പെടുന്ന രംഗങ്ങളിലൊന്നുകൂടിയാണ് ഇത്. കാഴ്ചയുടെ മാദ്ധ്യമഭാവുകത്വസാദ്ധ്യതകൾ പലതലങ്ങളിൽ സന്നിവേശിപ്പിക്കുന്നവയാണ് അംബികാസുതന്റെ മിക്ക രചനകളും. ഈവിധം, സമകാല മലയാള ചെറുകഥയുടെ കലയും സൗന്ദര്യവും മലയാളിയുടെ കാലബദ്ധവും സമൂഹനിഷ്ഠവുമായ ജീവിതരാഷ്ട്രീയത്തിന്റെ ഏടുകളാക്കിമാറ്റുന്നു, അംബികാസുതൻ മാങ്ങാട്.
കഥയിൽനിന്ന്
പൊടുന്നനെ... കുഞ്ഞാപ്പു നിലവിളിച്ചു:
'എന്റെ മുച്ചിലോട്ടമ്മേ!'
മുച്ചിലോട്ടമ്മ! ആൾക്കൂട്ടത്തിന്റെ പൊട്ടിച്ചിരിയിൽ അന്തിത്തിരിയന്റെ കരച്ചിൽ മുങ്ങി. ഭയന്നുവിറച്ച മകളുടെ നിലവിളി തൊണ്ടയിൽ പിളർന്നു. ആ പിളർപ്പിന്റെ മുനയിൽ അവൾ നിന്നു. മകളുടെ സമീപത്തേക്ക് ഓടാൻ തുടങ്ങിയ കുഞ്ഞാപ്പുവിന്റെ കരണത്ത് ഇരുമ്പുപോലുള്ള ഒരു കൈപ്പടം ആഞ്ഞുവീണു.
അതിന്റെ ശക്തിയിൽ കുഞ്ഞാപ്പുവിന്റെ വായ പിളർന്നുപോയി; കണ്ണുകൾ തുറിച്ചു.
'ഇങ്ങോട്ടു വാടീ മുച്ചിലോട്ടമ്മേ'
മീശക്കാരൻ അവളെ പിടിച്ചുലിച്ചു. ഭീതിയോടെ അവൾ അനുസരിച്ചു. അടുത്ത ക്ഷണം അവൾ അയാളുടെ കാൽക്കൽ കുഴഞ്ഞുവീണു. ഒരു ഭയവും കാണിക്കാതെ അയാൾ മുച്ചിലോട്ടമ്മയെ തോളിൽ പിടിച്ചു പൊന്തിച്ച് ഒരു പീടികത്തിണ്ണയിലേക്ക് കയറ്റിനിർത്തി. പഴത്തോലുകളയുന്ന ലാഘവത്തോടെ കൊമ്പന്മീശക്കാരൻ അവളുടെ പാവാട ഊരി ആൾക്കൂട്ടത്തിലേക്ക് വീശിയെറിഞ്ഞു. ആൾക്കൂട്ടം അതിന്റെ നേർക്ക് ചെന്നായ്ക്കളെപ്പോലെ ചാടിവീണു. അവളുടെ മേൽക്കുപ്പായം കുഞ്ഞാപ്പുവിന്റെ മൂർദ്ധാവിലാണ് വന്നു വീണത്. പിന്നാലെ നിലവിളിയുടെ ചീന്തിയ ഒരു പാതിയും.
മൂർദ്ധാവിൽ വന്നുവീണ കുപ്പായത്തിന്റെ വിയർപ്പുമണം കുഞ്ഞാപ്പു തിരിച്ചറിഞ്ഞു. അതോടെ കുഞ്ഞാപ്പുവിന്റെ മനസ്സ് തകിടം മറിഞ്ഞു. മകൾക്ക് മൂന്നരവയസ്സുണ്ടായിരുന്നപ്പോൾ ഉടുപ്പ് മുഴുവൻ അഴിച്ചു കിണറ്റിൻകരയിൽ നിർത്തി താൻ അവളെ വാസനസോപ്പ് തേച്ചുകുളിപ്പിച്ച ഓർമ്മ അയാൾക്കുണ്ടായി. അതിനും കുറെ മുൻപ്, തന്റെ വളരെ ചെറുപ്പത്തിൽ അമ്മ മടിയിലിരുത്തി വായിൽ വച്ചുതന്ന മീൻ കഷണം പൊതിഞ്ഞ ഒരുരുളച്ചോറിന്റെ സ്വാദ്... അതിനും മുന്നിലോട്ടു സഞ്ചരിക്കാനാകാതെ കുഞ്ഞാപ്പുവിന്റെ ഓർമ്മകൾ അവിടെ വഴിയടഞ്ഞു.
പിറ്റേന്ന് കാലത്ത് ഗ്രാമത്തിലെ വണ്ടിയാപ്പീസിൽ, വാപിളർന്ന, കണ്ണുകൾ തുറിച്ച അന്തിത്തിരിയൻ കുഞ്ഞാപ്പു വന്നിറങ്ങി. കൂടെ വാഴയിലയിൽ പൊതിഞ്ഞുകെട്ടിയ മകളുടെ മാംസം.
കലാപത്തിന്റെ പ്രസാദം.
അസഹ്യമായ മനോവേദനയിൽ മുച്ചിലോട്ടമ്മ പിടഞ്ഞു. മുന്നിൽ വീണ്ടും പൊട്ടിക്കരച്ചിൽ ഉയരുന്നു. മുച്ചിലോട്ടമ്മ പതുക്കെ കണ്ണുകൾ തുറന്നു. അതേ കാഴ്ച! കുഞ്ഞാപ്പുവിന്റെ ഭാര്യ ഉരുണ്ടുമറിയുന്നു:
'എന്നേം എടുത്തോൾണേ മുച്ചിലോട്ടമ്മേ. എന്നേം എടുത്തോൾണേ. ഈ നഞ്ചു തിന്നാൻ എനക്ക് കയ്യേ...'
രണ്ടു കൈകൾകൊണ്ടും അവളുടെ വേദനയെ മുച്ചിലോട്ടമ്മ സ്പർശിച്ചു. അതോടെ നിലവിളി നിന്നു. പക്ഷേ, തന്റെ ഉള്ളിൽനിന്നും ഒടുങ്ങാത്ത നിലവിളി ഉയരുന്നുവെന്ന് മുച്ചിലോട്ടമ്മയ്ക്കു മനസ്സിലായി. ശരീരം മുഴുവൻ വേദനിക്കുന്നുവെന്നും അരക്കെട്ട് ചോരയിൽ കുതിരുന്നുവെന്നും. അന്തിച്ചുനിന്ന ആയിരങ്ങളെ മുച്ചിലോട്ടമ്മ കണ്ടു. പിന്നെ വിചാരിച്ചു, ഹതാശയായി തന്നെ വിളിച്ചു കരയുന്ന ഇവളുടെ ഖേദം പോലും തീർക്കാൻ തനിക്കു കഴിയാത്തതെന്ത്? മഹിഷാസുരമർദ്ദിനിയുടെ വീര്യവും രുദ്രന്റെ ദീപശക്കോലുമുള്ള താൻ എന്തിനു ആശയറ്റവളെപ്പോലെ ഈ മൺമുറ്റത്ത് പടിഞ്ഞിരിക്കുന്നു?
ഭഗവതി ചാടിയെണീറ്റു പള്ളിവാളും ദീപശക്കോലും കൈക്കൊണ്ടു. വേദനയിൽ വലിയ വേദന പ്രസവവേദനയാണെന്നുരിയാടിയപ്പോൾ ശാലയിൽനിന്നും തന്നെ അപമാനിച്ചിറക്കിയവരോടുള്ള രോഷം ഭഗവതിയുടെ കണ്ണുകളിൽ കത്തിജ്ജ്വലിച്ചു. കോടാനുകോടി ഗർഭപാത്രങ്ങളുടെ വീര്യമത്രയും ഉൾക്കൊണ്ട് മുച്ചിലോട്ടമ്മ അന്തിത്തിരിയന്റെ തിമുറ്റത്ത് ഉറഞ്ഞാടി.
ആകാശം വെട്ടിപ്പിളർന്നുകൊണ്ട് മുച്ചിലോട്ടു ഭഗവതി പള്ളിവാളുമായി അലർച്ചയോടെ ആൾക്കൂട്ടത്തിനു നേർക്കു പാഞ്ഞു. കർമ്മികളും കാരണവന്മാരും വെളിച്ചപ്പാടുകളും ഭയന്നുമാറി. തെയ്യത്തെ പിടിച്ചുനിർത്താൻ വരാതെ വണ്ണാന്മാർ പേടിച്ചു.
കണ്ണുകൾ നിറഞ്ഞൊഴുകിയും ഭയന്നുവിറച്ചുമിരുന്ന കർമ്മികളോട് ജനത്തിരക്കിലൂടെ ഓടിവന്ന് മുച്ചിലോട്ടമ്മ ഹൃദയം പൊള്ളിയതുപോലെ ചോദിച്ചു:
'പൂവിടാൻ ഒരുക്കിയ എന്റെ ഓട്ടുമുറത്തിൽ ആരാണ് മനുഷ്യങ്ങളെ തീക്കനലുകൾ വാരിയിട്ടത്?'
ആൾക്കൂട്ടത്തിലൂടെ പാഞ്ഞുനടന്ന് മുച്ചിലോട്ടു ഭഗവതി ഉറഞ്ഞുതുള്ളി. ഭഗവതി എന്തൊക്കെ പറഞ്ഞുവെന്ന് ഞങ്ങൾക്ക് വ്യക്തമായില്ല. മനുഷ്യങ്ങളുടെ ഉൾബലമാണ് തന്റെ ബലമെന്ന് ഭഗവതി ആവർത്തിച്ചു. ആ പിടി നഷ്ടപ്പെട്ടതിന്റെ ഖേദവും അതിനാൽ അന്തിത്തിരിയന് ഒരു താങ്ങുപോലും നൽകാൻ കഴിയാത്തതിലുള്ള കുറ്റബോധവും ഉരിയാടലിൽ തെളിഞ്ഞുകത്തി. എല്ലാവരും ഉണർന്നിരിക്കണമെന്നും ഒരുങ്ങിയിരിക്കണമെന്നും ഭഗവതി വീണ്ടും വീണ്ടും അരുളിച്ചെയ്തു. നേർക്കാഴ്ച കാണാൻ വീണ്ടും ഒരു പോളക്കണ്ണും നേർവഴിനടക്കാൻ ദീപശക്കോലും നേർവഴി വെട്ടിപ്പിടിക്കാൻ വീണ്ടും ഒരു വെണ്മഴുവുമായി താൻ ഉദിച്ചുവരുമെന്നും.
വാണിയനായകൻ എണ്ണനിറച്ച തുത്ത് മുച്ചിലോട്ടമ്മയുടെ മൂർദ്ധാവിൽ ഒഴിക്കുന്നതു കണ്ടവരുണ്ട്. പിന്നെ ജനസഹസ്രങ്ങൾ അന്തിച്ചുനിൽക്കെ കാരണവന്മാരും കർമ്മികളും അന്ധാളിച്ചുനിൽക്കെ പൊടുന്നനെ മുച്ചിലോട്ടമ്മ കൺമറഞ്ഞു.
തിരഞ്ഞെടുത്ത കഥകൾ
അംബികാസുതൻ മാങ്ങാട്
ഡി.സി. ബുക്‌സ്, 2014
വില : 275 രൂപ