കണ്ണൂർ: അങ്കം വെട്ടുന്ന ചേകവന്മാരുടെ നാടായിരുന്നു ഒരു കാലത്ത് കതിരൂർ. വടക്കൻ പാട്ടിലെ ആരോമൽ ചേകവരെ മുറിച്ചുരികകൊണ്ട് കുത്തി മലർത്തിയത് കതിരൂർ പൊന്ന്യത്തെ അങ്കത്തട്ടിൽ വച്ച്. ആ കുടിപ്പക രാഷ്ട്രീയപാർട്ടികൾ ഏറ്റെടുത്തു. കതിരവന്റെ ഊരെന്നും കതിരിന്റെ ഊരെന്നും വിളിപ്പേരുള്ള കതിരൂരിന് അക്രമരാഷ്ട്രീയം പുലരുന്ന നാടെന്ന് പേരുദോഷമുണ്ടായി. എന്നാൽ ചരിത്രം തിരുത്തപ്പെടുകയാണ്. എല്ലാ വീട്ടമ്മമാരും ചിത്രം വരയ്ക്കുന്ന നാടായി മാറുകയാണ് കതിരൂർ. കതിർ പാഠശാലയിലൂടെ ചിത്രരചന പഠിച്ച വീട്ടമ്മമാർ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ ചിത്രകാരന്മാരുടെ നാടാണ് കതിരൂർ. മുപ്പത്തിയഞ്ചോളം പ്രമുഖ ചിത്രകാരന്മാർ ഈ പഞ്ചായത്തിലുണ്ട്. കെ.എം. ശിവകൃഷ്ണൻ, പൊന്ന്യം ചന്ദ്രൻ, വി.വി. കരുണാകരൻ, ഡോ.കെ.എം. ശ്രീജിത്ത്, ഡോ.റൂഷ ...തുടങ്ങി പേരുകൾ നീളുന്നു. സ്വന്തമായി ആർട്ട് ഗാലറിയുള്ള പഞ്ചായത്ത് എന്ന വിശേഷണവും കതിരൂരിനുണ്ട്. കതിർ പാഠശാലയുടെ നേതൃത്വത്തിലായിരുന്നു ചിത്രരചനാ ക്ലാസുകൾ സംഘടിപ്പിച്ചത്. തികച്ചും സൗജന്യമായിട്ടായിരുന്നു പഠനം. ചലച്ചിത്ര സംവിധായകനും ചിത്രകലാ അദ്ധ്യാപകനുമായ ടി. ദീപേഷാണ് ക്ലാസുകളെടുക്കുന്നത്. കതിരൂരിലെ ചിത്രകലാ അദ്ധ്യയനത്തിന്റെ തുടക്കം ഇങ്ങനെ. കതിർ പാഠശാല കുട്ടികൾക്കായി ഒരു കലാക്യാമ്പ് ആരംഭിച്ച് അതിനോടൊപ്പം രക്ഷിതാക്കൾക്കും ക്ലാസ് നൽകി. അമ്മമാർക്കും കലാപഠനം എന്ന ആശയത്തിന് തുടക്കമിടാനും ഇതു കാരണമായി. ഇതിന് പ്രചാരണം നൽകിയപ്പോൾ മുന്നൂറോളം അപേക്ഷകരാണെത്തിയത്. അവരിൽ നിന്നും 21 പേരെ തിരഞ്ഞെടുത്തു. ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ക്ലാസ്. ആദ്യബാച്ചിന്റെ ചിത്രരചനാ ക്ലാസ് പൂർത്തിയായി. രണ്ടാം ബാച്ച് പാതിവഴി പിന്നിടുകയും ചെയ്തു.

ജീവിതത്തിൽ ആദ്യമായി ചിത്രം വരച്ചവരാണ് ഈ വീട്ടമ്മമാർ. ചിത്രകലയുടെ ബാലപാഠംപോലും ഇവർക്കറിയില്ലായിരുന്നു. വിറയ്ക്കുന്ന കൈകൊണ്ട് ബ്രഷുമേന്തി ചായക്കൂട്ടിൽ മുക്കി മനുഷ്യമുഖവും പുഴയും ഭൂമിയും ആകാശവും അവർ ഭാവനയ്ക്കനുസരിച്ച് വരച്ചു. ചിത്രങ്ങൾ തരക്കേടില്ലന്നാണു കണ്ടവരുടെ അഭിപ്രായം. ലോകം മുഴുവൻ കാണേണ്ട മികച്ച ചിത്രങ്ങളും വീട്ടമ്മമാർ വരച്ചിട്ടുണ്ടെന്ന് ചിത്രകലയിലെ പ്രമുഖന്മാർ അഭിപ്രായപ്പെട്ടു. അങ്ങനെ വീട്ടമ്മമാർ വരച്ച ചിത്രങ്ങൾ ആദ്യം കതിരൂരിലും പിന്നിട് പയ്യന്നൂരിലും പ്രദർശിക്കപ്പെട്ടു. അടുക്കളയിലെ കരിപുരണ്ട വിരലുകളിൽനിന്നും രൂപം കൊണ്ട ചിത്രങ്ങൾ കലാസ്‌നേഹികൾ പണം നൽകി വാങ്ങുന്നതുവരെയെത്തി കാര്യങ്ങൾ. ആദ്യസൃഷ്ടിയിൽ ലഭിച്ച അംഗീകാരം ഈ സത്രീകളെ അഭിമാനമുള്ളവരാക്കിയിരിക്കയാണ്. രൂപ സുധീർ, റജുള, റിസ്വാന ഷെറിൻ, വി.പി.സ്റ്റിനി, പി.ഷൈജ, റുബീന, എൻ.രജനി, കെ.പി.സീമ, ജിൻസി വിനോദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് ആദ്യത്തെ രണ്ടു പ്രദർശനങ്ങളിൽ ഉൾക്കൊള്ളിച്ചത്.

ചിത്രങ്ങൾ നോക്കി വരയ്ക്കുന്ന രീതിയാണ് സാധാരണയായി പ്രാഥമിക ക്ലാസുകളിൽ പഠിപ്പിക്കുന്നത്. എന്നാൽ ഇവരുടെ മനസ്സിൽ രൂപപ്പെട്ട ചിത്രങ്ങൾ വരയ്ക്കുക എന്ന രീതിയാണ് സ്വീകരിച്ചത്. ഭൂരിഭാഗം വീട്ടമ്മമാരും മികച്ച ചിത്രങ്ങളാണ് ആദ്യം തന്നെ വരച്ചത്. അവർ വരച്ച ചിത്രങ്ങൾ പൂർത്തിയാക്കാനുള്ള ചില നിർദ്ദേശങ്ങൾ മാത്രമേ അദ്ധ്യാപകനായ തനിക്ക് ചെയ്യേണ്ടതായിരുന്നുള്ളൂ വെന്ന് ദീപേഷ് പറയുന്നു. അതുകൊണ്ട് തന്നെ അവരുടെ ഭാവനകൾ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഉണ്ടാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മമാർ വരച്ച ചിത്രങ്ങളിൽ പതിനാലു ചിത്രങ്ങൾ നാലായിരം രൂപവീതം വിലയ്ക്കാണ് വിറ്റുപോയതെന്നും ദീപേഷ് സാക്ഷ്യപ്പെടുത്തുന്നു.

അറുപതു പേർ ഇപ്പോൾ ചിത്രരചനാ പഠനം പൂർത്തിയാക്കിക്കഴിഞ്ഞു. പുതുതായി മുന്നൂറ്റി നാൽപ്പത്തൊന്നു വീട്ടമ്മമാർ പഠനത്തിനായി അപേക്ഷ നൽകിക്കഴിഞ്ഞു. ശനിയും ഞായറുമാണ് ക്ലാസ്സുകൾ നടക്കുന്നത്. പഠിതാക്കളുടേയും പഠിച്ചവരുടേയും വീടുകളിൽ ചിത്രങ്ങൾ നിറയുകയാണ്. മികച്ച ചിത്രങ്ങൾ വീട്ടുചുവരുകളിൽ ഫ്രെയിം ചെയ്തു വച്ചിരിക്കയാണ്. കതിർ പാഠശാലയിൽനിന്നും ചിത്രരചന അഭ്യസിച്ചവർ പ്രതികരിക്കുന്നത് ഇങ്ങനെ- മകൾ ചിത്രം വരയ്ക്കും. അവളെക്കൂട്ടി ഒട്ടേറെ ചിത്രരചനാ മത്സരങ്ങൾക്ക് പോയിട്ടുണ്ട്. ഇപ്പോൾ അവളെപ്പോലെ ഞാനും ചിത്രകാരിയാണ്. സവിത എന്ന വീട്ടമ്മ പറയുന്നു. ഇപ്പോൾ ചിത്രകാരിയായി മാറിയ വീട്ടമ്മമാരിൽ ഏറെപ്പേർക്കും ഒരു ദുഃഖമേയുള്ളൂ. തങ്ങളുടെ രക്ഷാകർത്താക്കൾ ചിത്രകല അഭ്യസിക്കാൻ തങ്ങളെ നേരത്തെ തന്നെ വിടേണ്ടതായിരുന്നു.