- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ മനോജ് വധക്കേസ്: പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി; സിബിഐ മേൽക്കോടതിയെ സമീപിച്ചത് ഒരു വർഷത്തിന് ശേഷം; ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. പ്രതികൾ ജാമ്യത്തിലിറങ്ങി ഒരു വർഷത്തിന് ശേഷമാണ് സിബിഐ. ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പടെ 15 പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.
കേസിലെ ഒന്നാം പ്രതി വിക്രമൻ ഉൾപ്പടെ പതിനഞ്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ. സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കർശന ഉപാധിയോടെയായിരുന്നു ജാമ്യം. 2014 ലാണ് ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊല്ലപ്പെട്ടത്. 2014 സെപ്റ്റംബർ 11 ന് വിക്രമൻ അറസ്റ്റിലായി. കേസിൽ പി ജയരാജൻ അടക്കമുള്ള പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
2021 ഫെബ്രുവരി 23-ന് ആണ് കതിരൂർ മനോജ് കേസിലെ പ്രതികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ. അടക്കം വകുപ്പുകൾ ചുമത്തിയ കേസിലാണ് വിചാരണ പൂർത്തിയാകും മുൻപ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സിബിഐ. സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ വസ്തുതാപരമായ കണ്ടെത്തലുകളോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേഷ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. എന്നാൽ പ്രതികൾക്ക് ജാമ്യം ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടാണ് ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ. സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം ലഭിച്ച ശേഷം സ്ഥിതി വഷളാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2014 സെപ്റ്റംബർ ഒന്നിനാണ് ആർ.എസ്.എസ്. നേതാവായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്ന് വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 2014 ഒക്ടോബർ 28-ന് അന്വേഷണം സിബിഐ. ഏറ്റെടുത്തു. യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകൾക്ക് പുറമേ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരൽ, കലാപമുണ്ടാക്കാൻ ശ്രമം, മാരകായുധമുപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചേർത്താണ് സിബിഐ കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
സിപിഎം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കം കേസിൽ ഇരുപത്തിയഞ്ച് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി വിക്രമന് പുറമെ മറ്റ് പ്രതികളായ സി.പി ജിജേഷ്, ടി. പ്രഭാകരൻ, ഷിബിൻ, പി. സുജിത്, വിനോദ്, റിജു, സിനിൽ, ബിജേഷ് പൂവാടൻ, വിജേഷ് (മുത്തു), വിജേഷ് (ജോർജുകുട്ടി), മനോജ്, ഷാബിത്, നിജിത്, പി.പി. റഹീം എന്നിവർക്ക് ലഭിച്ച ജാമ്യത്തിന് എതിരെയാണ് സിബിഐ. സുപ്രീം കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ