കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജനു ചുറ്റും സിബിഐ.യുടെ കണ്ണുകൾ. കണ്ണൂർ നഗരത്തിനു വടക്കുമാറി നിലകൊള്ളുന്ന എ.കെ. ജി. സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജയരാജൻ. സിബിഐ. അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ജയരാജനെ പാർട്ടി നിയന്ത്രണത്തിലുള്ള എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം. പി.ജയരാജനെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും സിബിഐ.നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണു സൂചന. എ.കെ.ജി.ആശുപത്രിയിൽ ജയരാജനെ ആരെല്ലാം സന്ദർശിക്കുന്നുണ്ടെന്നും ആശുപത്രിയിൽനിന്നും പുറത്തേക്കു കടക്കാനുള്ള വഴികൾ ഏതൊക്കെയെന്നും സിബിഐ. നിരീക്ഷിക്കുന്നുണ്ട്.

കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെ 25-ാം പ്രതിസ്ഥാനത്തേക്ക് ഉൾപ്പെടുത്തിയതോടെ സിബിഐ. സംഘത്തിന്റെ അംഗബലവും കൂട്ടിയിട്ടുണ്ട്. പത്തോളം പേർ കണ്ണൂർ ജില്ലയിൽ ഇപ്പോൾ നിലകൊള്ളുന്നുണ്ടെന്നാണ് അറിയുന്നത്. ഇതിൽ പകുതിയോളം സിബിഐ. അംഗങ്ങൾ പി.ജയരാജനെ നിരീക്ഷിക്കാനും ആശുപത്രിയിൽ കഴിയുന്നതിന്റെ രോഗവിവരങ്ങൾ ശേഖരിക്കാനും രംഗത്തുണ്ട്. ഫലത്തിൽ കണ്ണൂർ എ.കെ.ജി.ആശുപത്രിക്കു പുറത്ത് സിബിഐ. സംഘം വലവിരിച്ചു കാത്തിരിപ്പാണെന്നാണു സൂചന.

അതേസമയം തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പി.ജയരാജൻ സമർപ്പിച്ച ജാമ്യഹർജി വാദം കേൾക്കുന്നതിനായി 28 -ാം തീയതിയിലേക്ക് മാറ്റിയിരിക്കയാണ്. ഇതു സംബന്ധിച്ച് സിബിഐ.ക്ക് നോട്ടീസയയ്ക്കാൻ ജസ്റ്റിസ് വി.ജി. അനിൽകുമാർ ഉത്തരവിട്ടുണ്ട്. ജയരാജന്റെ അഭിഭാഷകൻ കെ.വിശ്വൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് വാദം കേൾക്കുക. സിബിഐ.യുടെ കേസ്ഡയറി അന്നേ ദിവസം ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്ന് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. നേരത്തെ കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നു കാട്ടി രണ്ടു തവണ പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി കോടതി തള്ളിയിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ നൽകിയ ഹരജിയാണ് 28- ാം തീയതിയിലേക്ക് മാറ്റിവച്ചത്.

1999 ൽ ആക്രമണത്തിനു വിധേയനായ ജയരാജൻ ഇപ്പോഴും ഗുരുതരമായ ശാരീരികഅവശതകൾ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ അപേക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മനോജ് വധത്തിനു ശേഷം കണ്ണൂർ ജില്ലയിലെ ഡയമണ്ട് മുക്കിലെ ആർ.എസ്. എസ്. പൊതുയോഗത്തിൽ കേസ് സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആർഎസ്എസ്- ബിജെപി. താത്പര്യമനുസരിച്ചാണ് സിബിഐ.യുടെ ഇപ്പോഴത്തെ നടപടിയെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്.

മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമൻ പി.ജയരാജന്റെ ഡ്രൈവറാണെന്ന സിബിഐയുടെ വാദം ശരിയല്ലെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്. ജയരാജൻ നിലവിൽ പ്രതിയല്ലെന്ന് പറഞ്ഞ് 48 മണിക്കൂർ തികയുമ്പോൾ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്ന് അറിയണമെന്നും കേസ് ഡയറി ഹാജരാക്കണമെന്നും ഹർജിയിലൂടെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.