- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വ സംഭവത്തിൽ പ്രതികൾക്ക് വേണ്ടി വാദമുയർത്തി രാജിവച്ച ബിജെപി മന്ത്രി വീണ്ടും; യഥാർത്ഥ പ്രതികളല്ല അറസ്റ്റിലായതെന്ന് കൊല്ലപ്പെട്ട കുരുന്നിന് നീതിതേടിയുള്ള റാലിയിൽ ചൗധരി ലാൽസിങ്; നീതിയുണ്ടാവാൻ സിബിഐ അന്വേഷണം വേണമെന്നും ആവശ്യം; ഇരയ്ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിച്ചുള്ള ബിജെപി നേതാവിന്റെ പ്രകടനം ചർച്ചയാവുന്നു
ന്യൂഡൽഹി: കത്വ പീഡനക്കേസിൽ ഇപ്പോൾ അറസ്റ്റിലായവർ നിരപരാധികളാണെന്ന് വീണ്ടും ബിജെപി മുൻ മന്ത്രി. പ്രതികൾക്ക് വേണ്ടി നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ രാജിവച്ച് പുറത്തുപോകേണ്ടിവന്ന ബിജെപി മുൻ മന്ത്രി ചൗധരി ലാൽ സിങ് ആണ് വീണ്ടും ഇപ്പോൾ പിടിയിലായ പ്രതികൾക്ക് വേണ്ടി വാദമുയർത്തി രംഗത്തുവന്നത്. സംഭവത്തിൽ തങ്ങളല്ല യഥാർത്ഥ കുറ്റക്കാരെന്ന് കഴിഞ്ഞദിവസം പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു. തങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് കേസിൽ പിടിയിലായ പൂജാരിയും സ്‌പെഷ്യൽ പൊലീസ് ഓഫീസറും ആവശ്യപ്പെട്ടത്. ഈ വാദം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ബിജെപി മുന്മന്ത്രിയുടെ ന്യായീകരണം ഉണ്ടായത്. പ്രതികളെ നാർകോ ടെസ്റ്റ് നടത്തണമെന്ന ആവശ്യമാണ് ലാൽ സിങ്ങും ഉന്നയിച്ചത്. പെൺകുട്ടിക്കു നീതി തേടിയുള്ള റോഡ് ഷോയിലായിരുന്നു മന്ത്രിയുടെ പ്രസ്താവനയെന്നതും ചർച്ചയായിട്ടുണ്ട്. 'നീതിക്കു വേണ്ടിയാണ് ഈ പോരാട്ടം. പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെങ്കിൽ കേസിലെ യഥാർഥ പ്രതികളെ തിരിച്ചറിയണം. കേസിൽ സിബിഐ അന്വേഷണം വേണം' - ക്രൂരമായി ബലാത്സംഗ
ന്യൂഡൽഹി: കത്വ പീഡനക്കേസിൽ ഇപ്പോൾ അറസ്റ്റിലായവർ നിരപരാധികളാണെന്ന് വീണ്ടും ബിജെപി മുൻ മന്ത്രി. പ്രതികൾക്ക് വേണ്ടി നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ രാജിവച്ച് പുറത്തുപോകേണ്ടിവന്ന ബിജെപി മുൻ മന്ത്രി ചൗധരി ലാൽ സിങ് ആണ് വീണ്ടും ഇപ്പോൾ പിടിയിലായ പ്രതികൾക്ക് വേണ്ടി വാദമുയർത്തി രംഗത്തുവന്നത്. സംഭവത്തിൽ തങ്ങളല്ല യഥാർത്ഥ കുറ്റക്കാരെന്ന് കഴിഞ്ഞദിവസം പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു. തങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് കേസിൽ പിടിയിലായ പൂജാരിയും സ്‌പെഷ്യൽ പൊലീസ് ഓഫീസറും ആവശ്യപ്പെട്ടത്.
ഈ വാദം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ബിജെപി മുന്മന്ത്രിയുടെ ന്യായീകരണം ഉണ്ടായത്. പ്രതികളെ നാർകോ ടെസ്റ്റ് നടത്തണമെന്ന ആവശ്യമാണ് ലാൽ സിങ്ങും ഉന്നയിച്ചത്. പെൺകുട്ടിക്കു നീതി തേടിയുള്ള റോഡ് ഷോയിലായിരുന്നു മന്ത്രിയുടെ പ്രസ്താവനയെന്നതും ചർച്ചയായിട്ടുണ്ട്. 'നീതിക്കു വേണ്ടിയാണ് ഈ പോരാട്ടം. പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെങ്കിൽ കേസിലെ യഥാർഥ പ്രതികളെ തിരിച്ചറിയണം. കേസിൽ സിബിഐ അന്വേഷണം വേണം' - ക്രൂരമായി ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട കുരുന്നിന് നീതിതേടി ജമ്മുവിൽ നിന്ന് കത്വയിലേക്ക് നടത്തുന്ന റോഡ് ഷോയെ അഭിസംബോധന ചെയ്യവേ ലാൽ സിങ് പറഞ്ഞു.
'അവൾ ഞങ്ങളുടെ സ്വന്തം കുട്ടിയായിരുന്നു. അവൾക്കു നീതി ലഭിക്കാൻ വേണ്ടിയാണു ഞങ്ങളുടെ പോരാട്ടം. എന്നാൽ അകലെയുള്ള പലരും കാര്യമറിയാതെ പ്രതികരിക്കുകയാണ്. കേസ് വളച്ചൊടിക്കാൻ ആണ് ശ്രമണം നടക്കുന്നതെന്നും ലാൽസിങ് ആരോപിക്കുന്നു. വനംമന്ത്രിയായിരുന്നു ലാൽ സിങ്. കത്വ സംഭവത്തിൽ പ്രതികളാക്കപ്പെട്ടവരെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ജമ്മുവിൽ ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിലാണ് ബിജെപി മന്ത്രിമാരായ ലാൽ സിങ്ങിനും ചന്ദർ പ്രകാശിനും മന്ത്രിസഭയിൽ നിന്ന് രാജിവക്കേണ്ടി വന്നത്.
പെൺകുഞ്ഞിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് ഉണ്ടായ സംഘർഷാവസ്ഥയ്ക്ക് അയവുവരുത്താനായിരുന്നു റാലി നടത്തിയത് എന്നായിരുന്നു ലാൽസിംഗിന്റെ ന്യായീകരണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് അന്നു സ്ഥിതഗതികൾ ശാന്തമാക്കാൻ മന്ത്രി അബ്ദുൽ ഗനി കോഹ്ലിയെ അയച്ചതായും മന്ത്രി പറഞ്ഞു. ഇപ്പോൾ ഗവർണർ രാജി സ്വീകരിച്ചതിനു പിന്നാലെയാണു പെൺകുട്ടിക്കു നീതി തേടിയുള്ള മന്ത്രിയുടെ റോഡ് ഷോ.
ബിജെപി നേതൃത്വം പറഞ്ഞിട്ടാണ് താൻ റാലിയിൽ പങ്കെടുത്തതെന്ന നിലപാടും കഴിഞ്ഞദിവസം മുന്മന്ത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കുഞ്ഞിനും കുടുംബത്തിനും നീതിയ്‌ക്കെന്ന് വ്യക്തമാക്കി നടത്തുന്ന റോഡ്‌ഷോയിലും മന്ത്രി പങ്കെടുക്കുന്നത് ചർച്ചയായി. റോഡ് ഷോയ്‌ക്കൊടുവിൽ പെൺകുട്ടിയുടെ ബന്ധുക്കളെ ലാൽസിങ് കാണുമെന്നും സൂചനയുണ്ട്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മുവിൽ പ്രതിഷേധം നടത്തുന്നതിനിടെയാണ് ഇതേ ആവശ്യം ബിജെപി മുന്മന്ത്രിയും റോഡ്‌ഷോയിൽ ഉന്നയിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട എട്ടു പ്രതികളിൽ ഏഴു പേരെ ഏപ്രിൽ 16ന് ജില്ലാസെഷൻസ് ജഡ്ജി സഞ്ജയ് ഗുപ്തയ്ക്കു മുന്നിൽ ഹാജരാക്കിയിരുന്നു. കേസിലെ പ്രധാന പ്രതിയും മുൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും ക്ഷേത്രം പൂജാരിയുമായ സാൻജി റാം, അറസ്റ്റിലായ സ്‌പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജുരിയ എന്നിവരാണ് നാർകോ ടെസ്റ്റ് ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം വേണമെന്നും ഇവർ ആവശ്യമുയർത്തി. പ്രതികൾക്കു കുറ്റപത്രത്തിന്റെ പകർപ്പു നൽകാൻ ആവശ്യപ്പെട്ട കോടതി കേസിൽ അടുത്ത വാദം ഏപ്രിൽ 28നു കേൾക്കും.
ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് കത്വയിൽ എട്ടു വയസ്സുകാരിയെ കാണാതായത്. മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് കാട്ടിലേക്ക് പോയ പെൺകുട്ടിയെ സഹായിക്കാമെന്നു പറഞ്ഞ് പ്രതികളൊരാൾ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണു പീഡനം നടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
തുടരെ പീഡിപ്പിക്കപ്പെട്ട് മരണതുല്യയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. പിന്നീട് കൊലപ്പെടുത്താൻ തീരുമാനിക്കുകയും പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
കാണാതായി ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ സംഘം ചേർന്നു രംഗത്തെത്തിയതും ചർച്ചയായിരുന്നു. കുറ്റപത്രം പുറത്തുവന്നതോടെയാണ് ക്രൂരമായ ബലാത്സംഗത്തിന്റേയും കൊലപാതകത്തിന്റെ വിവരം പുറംലോകം അറിയുന്നതും ദേശവ്യാപകമായി വൻ പ്രതിഷേധം കത്വ സംഭവത്തിൽ ഉയരുന്നതും.