ന്യൂഡൽഹി: കശ്മീരിലെ കത്വവയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പടവും പേരും വിവരങ്ങളും പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടി വരും. പോകസ് നിയമ പ്രകാരമാണ് നടപടി. ചിത്രം പ്രസിദ്ധീകരിച്ച പത്രങ്ങൾക്കും ചാനലുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും നോട്ടിസ് അയയ്ക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടിയോട് സഹതാപം പ്രകടിപ്പിച്ചാണ് പലരും ഫോട്ടോ ഫെയ്‌സ് ബുക്കിലിട്ടത്. ഇത് വലിയ കാമ്പൈനായി മാറുകയും ചെയ്തു. ഇതോടെ പ്രതിഷേധം ആളിക്കത്തി. അപ്പോഴും ഫോട്ടോ ഇടുന്നതും പേര് കൊടുക്കുന്നതും നിയമപരമായി കുറ്റമാണെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കാതെയാണ് പലരും ഫോട്ടോ പ്രസിദ്ധീകരിച്ചത്.

മേലിൽ ഈ കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒന്നും പ്രസിദ്ധീകരിക്കരുതെന്നും കോടതി വിലക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തലും ജസ്റ്റിസ് സി.ഹരിശങ്കറും അടങ്ങിയ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിച്ചു നോട്ടിസ് അയയ്ക്കുകയായിരുന്നു. ഇരയായ കുട്ടിയുടെ സ്വകാര്യതയ്‌ക്കെതിരായ അനാദരവും ലംഘനവുമാണിത്. ഒരു സാഹചര്യത്തിലും ഇത് അനുവദിക്കാനാവാത്തതാണ് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്രചരണങ്ങളുടെ പേരിലും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖരും പെൺകുട്ടിയുടെ ചിത്രങ്ങൾ സഹിതം നിലപാട് വിശദീകരണം നടത്തിയിരുന്നു. ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ളതാണ്. പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം ഇരകളുടെ സ്വകാര്യതയെ ഹനിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന ഒരു വിവരവും പ്രസിദ്ധീകരിക്കാൻ പാടില്ല. കശ്മീരിൽ പോക്‌സോ നിയമം ബാധകമല്ല. തത്തുല്യമായ നിയമം സംസ്ഥാനത്തു കൊണ്ടുവരണമെന്ന് ഏറെക്കാലമായി സംഘടനകളും അഭിഭാഷകരും ആവശ്യപ്പെട്ടുവരികയാണ്.

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പോക്‌സോ. ഇതിൽ 18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമം. ഇരയുടെ അവകാശ സംരക്ഷണത്തിനും ശക്തമായ വ്യവസ്ഥകളുണ്ട്. ഇതാണ് ചിത്രങ്ങളും പേരും പ്രസിദ്ധീകരിക്കുന്നതിന് തടസ്സമാകുന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും. വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകും. ഇന്ത്യൻ ശിക്ഷാനിയമം 375 പ്രകാരം 15-18 വയസ്സിനിടയിലുള്ള മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകൃത്യമല്ല. എന്നാൽ പോക്‌സോ പ്രകാരം ഇതു കുറ്റകരമാണ്.