തൃശൂർ: ഇരിങ്ങാലക്കുട കാട്ടുരിൽ നാൽപ്പത്തിമൂന്നുകാരി കൊല്ലപ്പെട്ട കേസ്സിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊടും ക്രിമിനലുകളായ കാട്ടൂർ കടവ് നന്തിലത്തു പറമ്പിൽ ദർശൻ കുമാർ (35 വയസ്സ്), ചേർപ്പ് കള്ളിയത്ത് രാഗേഷ് (32 വയസ്സ്) ഇവർക്ക് ഒളിസങ്കേതം ഒരുക്കിയ വടക്കുംഞ്ചേരി ആയി ക്കാട് ആലിങ്കൽ (ഗിരീഷ് 36 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്‌പി. പൂങ്കുഴലി ഐ പി എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ എസ്‌പി. ടി.ആർ.രാജേഷും സംഘവും പിടികൂടിയത്.

കൊലപാതകം കവർച്ച അടി പിടി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ദർശനും രാഗേഷും. ചേർപ്പിൽ കഴിഞ്ഞ വർഷം ഉണ്ടായ കൊലപാതക കേസിലെ പ്രതിയാണ് രാഗേഷ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് കായ്ക്കുരു രാഗേഷിന്റെ സംഘാംഗമായിരുന്ന ദർശനും അഞ്ചു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്രൂര മനസ്സിന്റെ ഉടമയുമാണ്.ഇന്നലെ കോയമ്പത്തൂർ റെയിൽവേ പരിസരത്തു നിന്നുമാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി പൊലീസിനെ ഉറക്കം കെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ചെന്നൈയ്ക്കുള്ള യാത്രക്കിടയിൽ കോയമ്പത്തൂർ വച്ച് പൊലീസിന്റെ കയ്യിൽ പെടുകയായിരുന്നു.

കാട്ടൂർ ഇൻസ്‌പെക്ടർ വി.വി. അനിൽ കുമാർ, ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ് കരീം,ചേർപ്പ് ഇൻസ്‌പെക്ടർ ടി.വി.ഷിബു, കൊരട്ടി ഇൻസ്‌പെക്ടർ സി.ബി. അരുൺ ,അന്തിക്കാട് ഇൻസ്‌പെക്ടർ പി. ജ്യോതീന്ദ്ര കുമാർ, മാള ഇൻസ്‌പെക്ടർ ഷോജോ വർഗ്ഗീസ് എസ്‌ഐമാരായ ആർ. രാജേഷ്, കെ.സുഹൈൽ, ജസ്റ്റിൻ, ആർ.രഞ്ചിത്ത്, ജിനു മോൻ തച്ചേത്ത്, എഎസ്ഐ. പി.ജയകൃഷ്ണൻ , സി.എ.ജോബ്,സീനിയർ സി.പി ഒ മാരായ പ്രസാദ്, ഷഫീർ ബാബു, സൂരജ് വി. ദേവ്, ലിജു ഇയ്യാനി,കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ,അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എം വി മാനുവൽ, ഷനിൽ പി എസ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ.വി. ഫെബിൻ,സൈബർ വിദഗ്ദന്മാരായ വിപിൻ എം എസ്, മനോജ്, മനു കൃഷ്ണൻ, ഷനൂഹ്, കെ.വി. പ്രജിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

ഓപ്പറേഷൻ മിന്നൽ

ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് കാട്ടൂരിൽ നാൽപത്തിമൂന്നുകാരി വെട്ടേറ്റുമരിച്ചത്. പന്നിപ്പടക്കം എറിഞ്ഞു വീഴ്‌ത്തിയ ശേഷം പ്രതികൾ മൃഗീയമായി ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന രാത്രി തന്നെ തൃശൂർ റൂറൽ എസ്‌പി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്‌പി. ടി.ആർ.രാജേഷിന്റെ സംഘം കൊലപാതകശേഷം രക്ഷപ്പെട്ട പ്രതികൾക്കു പിന്നാലെ പാഞ്ഞു. ചാവക്കാട് കുന്ദംകുളം വഴി രക്ഷപ്പെട്ട പ്രതികളിൽ പുല്ലഴി നങ്ങീലിൽ ശരത്തിനെയും, കരാഞ്ചിറ ചെമ്പാപ്പുള്ളി നിഖിലിനേയും ചേലക്കരയിൽ വച്ച് വാഹനം തടഞ്ഞ് പിടികൂടി.

എന്നാൽ പൊലീസിന്റെ കണ്ണിൽപ്പെടാതെ ഒന്നാം പ്രതി ദർശനും നാലാം പ്രതി രാഗേഷും രക്ഷപ്പെട്ടു. മൊബൈലും സോഷ്യൽ മീഡിയയും ഉപയോഗിക്കാതെ അന്നുമുതൽ പലയിടത്തായി ഒളിവിൽ കഴിഞ്ഞ പ്രതികളെ പല സംഘങ്ങളായി തിരിഞ്ഞ് രാത്രിയും പകലും അന്വേഷണ സംഘം തിരഞ്ഞു. മുടി നീട്ടി വളർത്തിയിരുന്ന ഒന്നാം പ്രതി ദർശൻ മുടി വെട്ടി രൂപ മാറ്റം വരുത്തി. ഇരുവരും മുഖം കഴുത്തറ്റം മറക്കുന്ന വലിയ മാസ്‌കകളും തൊപ്പിയും ഉപയോഗിച്ചായിരുന്നു യാത്ര.

പല ദിവസം കോൾപാടങ്ങളിലും കുറ്റിക്കാട്ടിലും ഒളിച്ച ഇവർ എല്ലായിടത്തും പൊലീസ് സാന്നിധ്യം അറിഞ്ഞ് ചെന്നൈയിലേക്ക് രക്ഷപ്പെടാനായി തീരുമാനിക്കുകയായിരുന്നു. ദർശൻ മുൻപ് ചെന്നൈയിൽ സ്വർണ്ണ പണി ചെയ്തിരുന്നു. എന്നാൽ അവിടെ എത്തിയാലും പിടികൂടാൻ അന്വേഷണ സംഘം തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. എട്ടു ദിവസത്ത പൊലീസ് സംഘത്തിന്റെ വിശ്രമമില്ലാത്ത അന്വേഷണത്തിനൊടുവിൽ ഇന്നലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പ്രതികൾ കസ്റ്റഡിയിലാവുകയും ചെയ്തു.

രക്ഷപ്പെടാനായി ചെന്നെത്തിയത് പൊലീസിന്റെ മടയിൽ

മുടി വെട്ടി രൂപ മാറ്റം വരുത്തി കോൾ പാടത്തും കുറ്റിക്കാട്ടിലും ഒളിച്ചു കിടന്നു. ഒടുവിൽ നാട്ടിൽ നിന്ന് രക്ഷപ്പെടാൻ കോയമ്പത്തൂർ എത്തിയപ്പോൾ കണ്ടത് തങ്ങളെ പിടിക്കാൻ നിരയായി തയ്യാറെടുത്തു നിൽക്കുന്ന പൊലീസ് സംഘത്തെയാണ്. ഒടുവിൽ നാടിനെ വിറപ്പിച്ച ഗുണ്ടകൾ പഞ്ച പത്തി മടക്കി അന്വേഷണ സംഘത്തിന്റെ കൈകളിലേക്ക്.