- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018ൽ എംഎൽഎ ഹോസ്റ്റൽ പീഡന ഇരയ്ക്ക് സംഭവിച്ച ഒറ്റപ്പെടൽ കാട്ടൂരിൽ വീണ്ടും; ഇത്തവണ ഊരുവിലക്ക് ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി കൊടുത്ത കുടുംബത്തിന്; പോക്സോ കേസിൽ റിമാൻഡിലായ സായൂജ് നല്ലപിള്ളയെന്ന് പ്രചരണം; നാട്ടുകാരുടെ പേരിൽ ഒപ്പു ശേഖരണം; കാട്ടൂരിൽ വീണ്ടും വിവാദം
തൃശൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്. തൃശൂർ കാട്ടൂരിലെ പട്ടികജാതി കുടുംബമാണ് നാട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നത്. ഒറ്റപ്പെടുത്തുക മാത്രമല്ല, അപകീർത്തിപ്പെടുത്തിയെന്നും കുടുംബം ആക്ഷേപിക്കുന്നു.
നാട്ടുകാരുടെ പേരിൽ പ്രതിക്ക് അനുകൂലമായി ഒപ്പു ശേഖരണവും നടന്നു. പത്ത് വയസുകാരിയോട് കഴിഞ്ഞ വർഷം ജൂണിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ സായൂജ് കാട്ടൂർ മോശമായി പെരുമാറിയത്. കഴിഞ്ഞ മാസം വിവരമറിഞ്ഞ കുടുംബം പരാതി നൽകിയതോടെ സായൂജ് അറസ്റ്റിലായി.
ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയതോടെ നാട്ടിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. സായൂജ് നല്ല പിള്ളയാണെന്ന തരത്തിലാണ് സിപിഎം പ്രചരണം. കള്ള പരാതി നൽകി സായൂജിനെ കുടുക്കിയെന്നാണ് ആക്ഷേപം.
കള്ളക്കേസിൽ ഡിവൈഎഫ്ഐക്കാരനെ കുടുക്കിയെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ കുടുംബത്തിനെതിരെ പാർട്ടി ഒപ്പുശേഖരണം നടത്തുകയും ചെയ്തു. അങ്ങനെ സമാനതകളില്ലാത്ത സംഭവമാണ് കാട്ടൂരിൽ നടക്കുന്നത്.
മകളോട് ചെയ്ത ക്രൂരതക്ക് പിന്നാലെയാണ് പാർട്ടിക്കാരുടെ മാനസികപീഡനമെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. ഇതു തുടർന്നാൽ നാട് വിട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.
പരാതി അടിസ്ഥാനമുള്ളതാണെന്ന് പൊലീസും പറയുന്നു. മജിസ്ട്രേട്ടിന്റെ മുമ്പിലും ഇര മൊഴി ആവർത്തിച്ചു. പൊലീസ് മൂന്ന് മണിക്കൂറെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. അതിനിടെ സ്വത്ത് തർക്കത്തിലെ പ്രതികാരമാണ് കേസെന്ന് വരുത്താനാണ് ശ്രമം.
മുമ്പും പീഡന കേസുകളിൽ കാട്ടൂരിലെ സിപിഎം വിവാദത്തിലായിരുന്നു. എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഡിവൈഎഫ്ഐ നേതാവിനെതിരെ പീഡനാരോപണമുന്നയിച്ച പെൺകുട്ടിയുടെ അമ്മ പ്രതിപക്ഷ നേതാവിന് പരാതി നൽകിയത് 2018ൽ ഏറെ ചർച്ചയായിരുന്നു. അന്നും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇര പീഡന പരാതിയിൽ ഉറച്ചു നിന്നു. ഇതോടെ പ്രതി അറസ്റ്റിലായി.
ജാമ്യത്തിലിറങ്ങിയ പ്രതി മകളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അപവാദം പ്രചരിപ്പിക്കുന്നതായി അന്ന് ഇരയുടെ അമ്മയും പരാതി പറഞ്ഞിരുന്നു. എൻട്രൻസ് കോച്ചിങ്ങിന് അഡ്മിഷനു വേണ്ടി തിരുവനന്തപുരത്തെത്തിയ പെൺകുട്ടിയെ സഹായിക്കാനെത്തിയതായിരുന്നു ഡിവൈഎഫ്ഐ നേതാവെന്നും ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നുമാണ് അന്ന് ഉയർന്ന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ