- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ഘാടന ദിവസം തന്നെ യൂണിയനുകൾ സമരം തുടങ്ങി; സാധനങ്ങൾ വാങ്ങാൻ വരുന്നവരെ വഴിയിൽ തടഞ്ഞ് തിരിച്ചയച്ചു; യൂണിയനുകൾ അട്ടിക്കൂലിയും അടുക്ക് കൂലിയും നീക്ക് കൂലിയും ചോദിച്ചെന്നും കട ഉടമ; മൂന്നുദിവസത്തെ സമരത്തിന് ഒടുവിൽ കാട്ടാക്കടയിൽ സംഭവിച്ചത്
തിരുവനന്തപുരം : തൊഴിലാളി യൂണിയനുകളുടെ സമരം കാരണം മൂന്ന് ദിവസമായി ലോഡിറക്കാൻ കഴിയാതിരുന്ന സംഭവത്തിൽ ഒടുവിൽ നടപടി. കടയിലേക്ക് സിമന്റുമായി വന്ന ലോറി തടഞ്ഞ മൂന്ന് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ലോറി സ്ഥാപനത്തിലെത്തിച്ചത്. പിന്നീട് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലോഡ് മുഴുവൻ ഉടമയുടെ ജീവനക്കാർ തന്നെ ഇറക്കി. സമരം മൂലം ലോഡ് ഇറക്കാൻ കഴിയാതെ ലോറി 3 ദിവസമായി റോഡരികിൽ നിർത്തിയിട്ടിരിക്കുകായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് സംരക്ഷണം. സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് , തൊഴിലാളി യൂണിയനുകൾ നടത്തുന്ന പന്തൽകെട്ടി സമരത്തിനു പിന്നാലെയാണ് നടപടി.
ചെട്ടികോണം അയണിവിളാകം ലക്ഷം വീട്ടിൽ നാദിർഷ (24) അരുമാളൂർ കോണത്ത് വിളാകത്ത് വീട്ടിൽ മധു (49) എട്ടിരുത്തി കൂന്താണി വിശ്വഭദ്രയിൽ വി എസ്.രാജീവ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്. സമരക്കാരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. കയറ്റിറക്ക് ജോലികൾക്കായി ഉടമയുടെ മകൻ ഉൾപ്പെടെ 5 തൊഴിലാളികൾക്ക് ഉടമ തൊഴിൽ കാർഡ് 2016 ൽ വാങ്ങിയിരുന്നു. ഇവർ അല്ലാതെ മറ്റാരും ലോറിയിൽ നിന്ന് സിമന്റ് ഇറക്കുന്നില്ലെന്നു ഉറപ്പ് വരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.
26 നാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. അന്നു മുതൽ സമരവും തുടങ്ങി. കയറ്റിറക്ക് ജോലികൾ അംഗീകൃത തൊഴിലാളികൾക്ക് നൽകണമെന്നാണ് ആവശ്യം. ചുമട്ടു തൊഴിൽ നിയമം നിലനിൽക്കുന്ന പ്രദേശത്തെ കയറ്റിറക്ക് ജോലികൾ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ അവകാശമാണെന്ന് സമരക്കാരുടെ വാദം. സാധനങ്ങൾ വാങ്ങാൻ വരുന്നവരെ വഴിയിൽ തടഞ്ഞ് സമരക്കാർ തിരിച്ച് അയയ്ക്കുകയാണെന്ന് ഉടമ സുദർശനൻ പറഞ്ഞു. രജിസ്റ്റർ ചെയ്ത അംഗീകാരമുള്ള തൊഴിലാളികൾ ഉള്ള മേഖലയിൽ തങ്ങളുടെ ഉപജീവനം തടയുകയാണ് ഉടമയെന്നു തൊഴിലാളികളും പറയുന്നു.
കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എസ് കെ ട്രേഡേഴ്സിന് മുന്നിലാണ് തൊഴിൽ തർക്കവുമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം തുടങ്ങിയത്. ഇക്കാര്യം മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സി ഐ റ്റി യു, ഐ എൻ റ്റി യു സി, ബിഎംഎസ്, എഐടിയു സി, യു റ്റി യു സി തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
അർഹതപ്പെട്ട തൊഴിൽ സംരക്ഷിക്കുക, തൊഴിലാളികളെ കബളിപ്പിച്ചു നൽകിയ എ എൽ ഒ തൊഴിൽ കാർഡ് റദ്ദ് ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. അനധികൃത കാർഡുപ-യോഗിച്ചു കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം എന്നാണ് തൊഴിലാളികളുടെ ആരോപണം.
യൂണിയനിലെ പത്തുപേർ ക്ക് ദിനംപ്രതി 1500 രൂപ ശമ്പള നിരക്കിൽ സ്ഥിരം ജോലി നൽകാമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാൻ ഒരുക്കമാണെന്നും സ്ഥാപന ഉടമ സുദർശനൻ പറയുന്നു. എന്നാൽ യൂണിയനുകൾ അട്ടിക്കൂലി, അടുക്ക് കൂലി, നീക്ക് കൂലി തുടങ്ങി മൂന്ന് ഇനങ്ങളിലായി വലിയ തുകയുള്ള കൂലിയാണ് ആവശ്യപ്പെടുന്നതെന്നും നോക്കുകൂലി നൽകണമെന്നാണ് പറയുന്നതെന്നും കടയുടമ ആരോപിക്കുന്നു.