ചാരുംമൂട്: മകളെ പ്രണയിച്ച് വിവാഹം ചെയ്ത അന്യമതസ്ഥനായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. നൂറനാട് പടനിലം നടുവിലേമുറി നീറ്റിക്കൽ പടിഞ്ഞാറെ പുരയിൽ ചിഞ്ചിത്ത്(23), സുഹൃത്ത് പടനിലം നെടുകുളഞ്ഞിമുറി ലക്ഷ്മീ ഭവനത്തിൽ അജീഷ്(34) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അജീഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചിഞ്ചിത്ത് നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ചിഞ്ചിത്തിന്റെ ഭാര്യാ വീട്ടുകാരാണ് ഇതിന് പിന്നിൽ.

ഒന്നാം പ്രതിയായ സലീമിന്റെ മകളെ അന്യമതസ്ഥനായ ചിഞ്ചിത്ത് പ്രണയിച്ച് വിളിച്ചു കൊണ്ടുപോയി വിവാഹം കഴിച്ചതിലുള്ള പകയാണ് സംഭവത്തിനാധാരമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി സഹോദരങ്ങളെയും അടുത്ത ബന്ധുക്കളെയും ചില സുഹൃത്തക്കളെയും കൂട്ടി ചിഞ്ചിത്തിനെ കൊലപ്പെടുത്തി അപകടമെന്ന് വരുത്താൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കൃത്യത്തിനുപയോഗിച്ച ഇന്നോവ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് ഗൂഢാലോചന പൊളിഞ്ഞത്.

കാറിന്റെ ഉടമസ്ഥനും പെൺകുട്ടിയുടെ പിതാവുമായ ആദിക്കാട്ടുകുളങ്ങര തയ്യിൽ വീട്ടിൽ സലീം(53), സഹോദരൻ ഷാജി(43), പഴകുളം പടിഞ്ഞാറ്മുറി എംബ്രയിൽ തെക്കതിൽ ഷെഫീക്ക്(25), അൻഫൽ(21), തടത്തിൽ കിഴക്കതിൽ ഷാനവാസ്(25), ആദിക്കാട്ടുകുളങ്ങര ഹനീഫാ ഭവനത്തിൽ റംജു(38), പഴകുളം പടിഞ്ഞാറ് മുറി ചരുവുകാല പുരയിടത്തിൽ അൻഷാദ്(21) എന്നിവരെയാണ് മാവേലിക്കര സി.ഐ: പി.ശ്രീകുമാർ, നൂറനാട് എസ്.ഐ: വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കാറിന്റെ ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ്.

സ്വകാര്യ ബസ് ഡ്രൈവറായ ചിഞ്ചിത്ത് ശനിയാഴ്ച രാത്രി 8.30 ഓടെ ഓട്ടം കഴിഞ്ഞ് ബസ് ഒന്നാംകുറ്റിയിൽ കയറ്റിയിട്ട ശേഷം ബൈക്കിൽ കറ്റാനത്ത് എത്തി. കൂടെയുണ്ടായിരുന്ന കണ്ടക്ടറെ അവിടെ ഇറക്കി. ഇന്നോവ കാറിൽ ആരോ പിന്തുടരുന്നത് മനസിലാക്കിയ ചിഞ്ചിത്ത് സുഹൃത്ത് അജീഷിനെ വിളിച്ച് ഒപ്പം കൂട്ടിയായിരുന്നു വീട്ടിലേക്ക് യാത്ര തുടർന്നത്. വീടിനടുത്തുള്ള സ്ഥലമായ മുതുകാട്ടുകര എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപം വച്ച് വേഗതയിലെത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്നോവ കാറിൽ പിന്തുടർന്നവർ അപകടമുണ്ടാക്കി തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് ചിഞ്ചിത്ത് നൂറനാട് പൊലീസിന് മൊഴി നൽകി.

സ്ഥലത്ത് അന്വേഷണം നടത്തിയ പൊലീസിന് വാഹന നമ്പരും ഇന്നോവയുടേതെന്നു കരുതുന്ന ഭാഗങ്ങളും ലഭിച്ചു. ആദിക്കാട്ടുകുളങ്ങര സ്വദേശിനിയും ഇതര മതസ്ഥയുമായ പെൺകുട്ടിയെ പ്രണിയിച്ച് അടുത്തിടെ വിവാഹം ചെയ്തിരുന്നതായി ചിഞ്ചിത്ത് മൊഴി നൽകിയിരുന്നു. ഇതോടെ ഗൂഢാലോചന വ്യക്തമായി. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇന്നോവ കാർ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്നാണ് സൈബർ സെല്ലിന്റെ കൂടി സഹായത്താൽ പ്രതികളെ അറസ്റ്റു ചെയ്തത്.