കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്‌ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂഢാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് മറുനാടൻ പുറത്തു വിട്ടിരുന്നു. കാവ്യയെ ചോദ്യം ചെയ്ത ശേഷം അവരെ കേസിൽ പ്രതിയാക്കാനും സാധ്യതയുണ്ട്. അതിനിടെ കൂടുതൽ ശബ്ദ രേഖകൾ പുറത്തു വരുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. ദിലിപിന്റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകൾ ചർച്ചയായിട്ടുണ്ട്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരജ് പറയുന്നത്. വധ ഗൂഢാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം.

ഇതിനൊപ്പം ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോൺ സംഭാഷണവും പുറത്ത് വന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്.

എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്‌മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു

സായ് ശങ്കർ മാപ്പുസാക്ഷിയാകും

അതിനിടെ തെളിവുകൾ ദിലീപിന്റെന ഫോണിൽ നിന്ന് നശിപ്പിച്ചെന്ന് വ്യക്തമാക്കി ഹാക്കർ സായ് ശങ്കറും രംഗത്തു വന്നു. താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി സീലുള്ളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്.

ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം തന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സായ് ശങ്കർ പറഞ്ഞു. മുഴുവൻ കാര്യങ്ങളും കോടതിയിൽ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സായ് ശങ്കർ കേസിൽ മാപ്പുസാക്ഷിയാകാനാണ് സാധ്യത.

കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിൽ അറസ്റ്റിലായ സൈബർ ഹാക്കർ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പർത്തിയിൽ ഒളിവിലായിരുന്ന സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് ഫോണിലെ രേഖകൾ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കർ വിശദീകരിച്ചിട്ടുണ്ട്. സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം.

കേസിൽ നിർണായകമെന്ന് കരുതുന്ന ദിലീപിന്റെയും കൂട്ടു പ്രതികളുടേയും ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു.