അവതാരകയായാണ് എത്തിയതെങ്കിലും നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രക്ഷകർക്ക് പരിചിതയാണ് കവിതാ നായർ. കളിവീട് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ കവിത അപരാജിത, രഹസ്യം തുടങ്ങിയ സീരിയലുകളിലും മാമ്പഴക്കാലം, കുരുക്ഷേത്ര, സ്വപ്നസഞ്ചാരി തുടങ്ങിയ സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടി. ഇപ്പോഴും സീരിയലുകൾ തേടി വരുന്നുണ്ടെന്നും പക്ഷേ മികച്ച കഥാപാത്രങ്ങളാണെങ്കിൽ മാത്രമേ അഭിനയിക്കാൻ താല്പര്യമുള്ളൂവെന്നുമാണ് കവിത പറയുന്നത്. കൂടുതൽ വിശേഷങ്ങളിലേക്ക്,

ഒരിക്കലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുമെന്നോ അഭിനേത്രിയാകുമെന്നോ സ്വപ്നം പോലും കാണാത്തരൊളായിരുന്നു ഞാൻ. പൊൻപുലരി എന്ന ഷോയിൽ അവതാരകയായി എത്തുന്നതും അപ്രതീക്ഷിതമായാണ്. തുടർന്നാണ് കളിവീട് എന്ന സീരിയലിൽ അഭിനയിക്കുന്നത്. അപരാജിത, രഹസ്യം പോലുളള സീരിയലുകളിൽ നല്ല വേഷങ്ങളും ചെയ്തു. രഹസ്യത്തിലെ പൊലീസ് ഓഫീസറായി അഭിനയിച്ച ശേഷം സമാനമായ നിരവധി വേഷങ്ങൾ വന്നു. പക്ഷേ ടൈപ് കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ലാത്തതുകൊണ്ട് അതൊന്നും സ്വീകരിച്ചില്ല. അതുകൊണ്ടാണ് കൂടുതൽ സീരിയലുകളിൽ അഭിനയിക്കാഞ്ഞതെന്നും കവിത പറയുന്നു.

അഭിനയം പോലെ തന്നെ പ്രിയമാണ് അവതാരക വേഷത്തോടും കവിതയ്ക്ക്. അവതാരക ആകുമ്പോൾ പ്രേക്ഷകരോട് നേരിട്ട് സംവദിക്കാൻ കഴിയും. അതൊരു നല്ല എക്‌സ്പീര്യൻസാണെന്നും കവിത പറയുന്നു. സിനിമകളിലും വ്യത്യസ്ത വേഷങ്ങളാണ് ആഗ്രഹിക്കുന്നത്. ബാല്യാകാലസഖിയിൽ ഇഷാ തൽവാറിന്റെ അമ്മയുടെ വേഷം ചെയ്തതിൽ പലരും അത്ഭുതം പ്രകടിപ്പിച്ചു. പക്ഷേ എനിക്കത് ചലഞ്ചായി തോന്നി, കവിത പറയുന്നു. ബ്‌ളോഗ് എഴുത്തുകാരി കൂടിയായ കവിത ഉടൻ തന്ന തന്റെ ചെറുകഥകളുടെ സമാഹാരം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.