കൊച്ചി: ചിത്രകാരൻ അശാന്തൻ മഹേഷിന്റെ മൃതദേഹം എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കാതിരുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ക്ഷേത്രം അശുദ്ധമാവുമെന്ന് ആരോപിച്ചാണ് കലാകാരന്റെ മൃതദേഹത്തോട് അയിത്തം കൽപ്പിച്ചതെന്നും ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിനെതിരേ ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. വിഷയത്തിൽ പ്രതിഷേധം അറിയിച്ച് അക്കാദമി അംഗം കവിത ബാലകൃഷ്ണൻ മന്ത്രി എ.കെ.ബാലന് രാജികത്ത് നൽകി.

ക്ഷേത്രം അശുദ്ധമാവുമെന്ന് ആരോപിച്ചാണ് കലാകാരന്റെ മൃതദേഹത്തോട് അയിത്തം കൽപ്പിച്ചത്. അശാന്തന്റെ മൃതദേഹം പ്രദർശിപ്പിക്കാൻ തയാറാകാത്ത ലളിത കലാ അക്കാദമി വളപ്പ് ഒരു കലാപ്രദർശനത്തിനും സാംസ്‌കാരികമായി യോജിച്ച ഇടമല്ലെന്ന് കവിത ബാലകൃഷ്ണൻ നേരത്തെ തന്നെ ആരോപിച്ചിരുന്നു. അശാന്തന്റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്റെ മൃതദേഹം ആയിരുന്നു അത്. അത് ബഹുമാനപൂർവം കടത്തിക്കൊണ്ടുവരാൻ എങ്കിലും നമുക്കൊന്നും കഴിയാതിരുന്നതെന്തേ? കവിത തന്റെ ഫേയ്സ്സ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

മുൻപൊന്നും ഇല്ലാത്ത വിധം ക്ഷേത്രം ഭാരവാഹികളുടെ അനുമതി ഇപ്പോൾ വേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യവും അവർ മുന്നോട്ടുവെച്ചു. അശാന്തനെ അപമാനിച്ചതിനാൽ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്ല. തന്റെ ഉള്ളം അപമാനിതമാണെന്നും കവിത കൂട്ടിച്ചേർത്തു.

ദളിതന്റെ മൃതദേഹം ക്ഷേത്രത്തിന് സമീപത്തിലൂടെ കടന്നുപോയാൽ അശുദ്ധിയാകുമെന്ന് ആരോപിച്ച് അമ്പലകമ്മിറ്റിക്കാർ പൊതുദർശനം തടചയുകയായിരുന്നു എന്നാണ് ആരോപണം. ആർട്ട് ഗ്യാലറിക്കടുത്തുള്ള ശിവക്ഷേത്രത്തിലെ കമ്മിറ്റിക്കാരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.

കവിത ബാലകൃഷ്ണൻ നൽകിയ രാജികത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ.ബാലൻ മുൻപാകെ, കേരള ലളിതകലാ അക്കാദമിയുടെ ഭരണസമിതിയിലെ ഒരംഗം എന്ന നിലയിൽ നിന്നും ഞാൻ, ഡോ.കവിത ബാലകൃഷ്ണൻ രാജി വയ്ക്കുന്നതായി അറിയിക്കുന്ന കത്ത് ഇതിനാൽ സമർപ്പിച്ചുകൊള്ളുന്നു

സർ,

പൊതുവായ നമ്മുടെ സമൂഹജീവിതത്തിൽ എന്ന പോലെത്തന്നെ, കലയുടെ രംഗത്തും ഒരേ നീതി എല്ലാവര്ക്കും കിട്ടുന്ന സ്വതന്ത്ര പൊതുവിടത്തിനായി സന്ധിയില്ലാത്ത പ്രവർത്തനമാണ് ഇടതുപക്ഷ ഗവന്മേൻട് ഭരിക്കുന്ന സർക്കാർ നിയോഗിച്ച ഈ ഭരണസമിതി കാഴ്ചവയ്‌ക്കെണ്ടത് എന്നു ഞാൻ കരുതുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇക്കഴിഞ്ഞ ദിവസം അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹം അക്കാദമിയുടെ സ്വാതന്ത്ര്യപ്രകാരം മുൻ വാതിലിലൂടെ കടത്തിക്കൊണ്ടുവരാനും മുന്നിലെ പന്തലിൽത്തന്നെ അന്ത്യദർശനത്തിന് വയ്ക്കാനും കേരള ലളിതകലാ അക്കാദമിക്ക് കഴിഞ്ഞില്ല. അതിലേയ്ക്ക് മുൻപൊന്നും ഇല്ലാത്ത വിധം സംഘപരിവാർ ശക്തികളുടെ അനുമതി വേണ്ടിവരുമെന്നഅവസ്ഥയുണ്ടായി. വരുംവരായ്കകളും രാഷ്ട്രീയമായ ശരികേടുകളും ആലോചിക്കാതെ അവരുമായി മദ്ധ്യസ്ഥപ്പെട്ടു. പാർശ്വത്തിലുള്ള വഴിയിലൂടെയാണ് മൃതദേഹം കടത്തിയത്. അതോടെ അശാന്തനെ മരണാനന്തരം അക്കാദമിയും അക്ഷരാർത്ഥത്തിൽ അപമാനിച്ചു. വർഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രതിരോധം ഈ നാട്ടിൽ ദുർബലമാകുന്നുവെന്നവളരെ തെറ്റായ അടയാളം ഇത് സമൂഹത്തിൽ വിക്ഷേപിച്ചുകഴിഞ്ഞു. അക്കാദമി ഇക്കാര്യത്തിൽ മതേതര ജനാധിപത്യ രാഷ്ട്രീയബോധമുള്ള പൊതുജനത്തോട് മാപ്പ് പറയേണ്ട അവസ്ഥയുണ്ട്.

ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായിട്ടും, ചെയർമാനോ സെക്രട്ടറിയോ കാര്യങ്ങൾ യഥാസമയം കൂടിയാലോചിച്ചിട്ടില്ലാത്തതിനാൽ എക്‌സിക്യുട്ടീവ് മെമ്പറെന്ന നിലയിൽ ഈ സംഭവ വികാസങ്ങളൊന്നും തന്നെ അറിയാനോ അതിൽ വേണ്ട നേരത്ത് അഭിപ്രായം ഉന്നയിക്കാനോ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ചില സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞ് ഞാൻ ചെയർമാനെ വിളിച്ച് ചോദിച്ചിട്ടാണ് അവിശ്വസനീയമായ വിധത്തിലുള്ള ഈ വാർത്ത ഞാൻ സ്ഥിരീകരിച്ചത് പോലും. അപ്പോഴേക്കും കാര്യങ്ങൾക്കെല്ലാം വളരെ അപമാനകരമായ പരിണതി ആയിക്കഴിഞ്ഞിരിക്കുന്നു.

ഒരു കലാകാരി എന്ന നിലയിലും കലാചരിത്ര ഗവേഷകയും എഴുത്തുകാരിയുമെന്ന നിലയിലും അക്കാദമിയുമായി അതിന്റെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളിലും തുടർന്നും സഹകരിച്ചു പോകാൻ ആത്മാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷെ ഈ കമ്മിറ്റിയിൽ തുടരാൻ പ്രയാസമുണ്ട്. അക്കാദമി ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി ഒരു തരത്തിലും രാഷ്ട്രീയമായി യോജിക്കാനാകാതെ വരികയും,ഇത് ഒരു ഇടതുപക്ഷ ഗവന്മേന്ടു നിയോഗിച്ച എക്‌സിക്യുട്ടീവ് മെമ്പർക്ക്ന്യായീകരിക്കാവുന്ന തീരുമാനമല്ലാതിരിക്കുകയും ചെയ്യുമ്പോൾ, ഭാവിയിലും ഇത്തരം അവസ്ഥയിൽ ഈ കമ്മിറ്റിയിൽ ഉത്തരവാദിത്തത്തോടെയും ഉറപ്പോടെയും വിശ്വാസത്തോടെയും തുടരാനാകില്ല. ഇങ്ങനെയൊരു സാഹചര്യമുണ്ടായതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഞാൻ ഈ രാജി സമർപ്പിക്കുന്നത്.