പമ്പ: സന്നിധാനത്തേക്ക് മോജോ ടിവി പ്രതിനിധി കവിത യാത്ര ചെയ്യുന്നത് പഴുതടച്ച സുരക്ഷയിൽ. പൊലീസിന് നടുവിൽ ഹെൽമറ്റ് ധരിച്ചാണ് കവിതയുടെ യാത്ര. പ്രതിഷേധക്കാരെത്തിയാലും കവിതയെ തിരിച്ചെത്താനാകാത്ത വിധമാണ് പൊലീസ് കവിതയുമായി മുന്നോട്ട് പോകുന്നത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഐജി ശ്രീജിത്തും ഒപ്പം പോകുന്നു. പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. റിപ്പോർട്ടിഗിനായി പോകുന്ന കവിതയ്ക്ക് സന്നിധാനത്ത് എത്താനാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ഹൈദരബാദിൽ നിന്നുള്ള മൊബൈൽ ജേണലിസ്റ്റാണ് കവിത. ഇന്നലെയാണ് അവർ പമ്പയിലെത്തിയത്. രാത്രി തന്നെ ശബരിമല കയറാനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ രാവിലെ പോകുന്നതാണ് ഉചിതമെന്ന് ഉപദേശിച്ചു. അറിയിപ്പ് മുൻകൂട്ടിയെത്തിയതിനാൽ ഐജിയും രാവിലെ തന്നെ സുരക്ഷയൊരുക്കാൻ എത്തി. കവിതയുടെ മലകയറ്റത്തിന് മുമ്പ് വൻ പൊലീസ് സംഘവും സന്നിധാനത്തേക്ക് തിരിച്ചു. കാനനപാതയിലും പൊലീസിനെ വിന്യസിച്ചു.

ഇതോടെ കവിതയ്ക്ക് സുരക്ഷിതമായി സന്നിധാനത്ത് എത്താനാകുമെന്ന് പൊലീസ് ഉറപ്പിച്ചു. അപ്രതീക്ഷിത ആക്രമണമുണ്ടായാൽ അത് നേരിടാനും നടപടിയെടുത്തു. ഇതിന്റെ ഭാഗമായി കവിതയെ ഹെൽമറ്റ് ധരിപ്പിച്ചാണ് പൊലീസ് കൊണ്ടു പോകുന്നത്. ഷീൽഡുമായി ആക്രമണങ്ങളെ തടയാൻ ചുറ്റിലും പൊലീസുമുണ്ട്. പ്രതിഷേധക്കാരെത്തിയാൽ കാനനപതായിലും പൊലീസ് ലാത്തിചാർജ്ജിന് തയ്യാറാകുമെന്നാണ് സൂചന. പ്രകോപനത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്ന സാഹചര്യത്തിലാണ് ഇത്. തുടക്കത്തിൽ പ്രതിഷേധമൊന്നും നേരിടാതെ മുമ്പോട്ട് പോകാൻ കവിതയ്ക്ക് കഴിയുന്നുണ്ട്.

ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെന്ന് സൂചനകൾ എത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിർദ്ദേശമുള്ളത്. സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിൽ പറയുന്നു. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലെന്നതാണ് ശ്രദ്ധേയം. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും.

ഈ സാഹചര്യത്തിലാണ് കേരളത്തിന് നിർദ്ദേശം അയച്ചതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഏത് യുവതികളെത്തിയാലും ശബരിമലയിലേക്ക് കൊണ്ടു പോകാനാണ് സംസ്ഥാന സർക്കാരിന്റേയും തീരുമാനം. എന്ത് വില കൊടുത്തും കോടതി വിധി നടപ്പാക്കുമെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെ ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടർ സുഹാസിനി രാജ് മലകയറാൻ എത്തിയിരുന്നു. എന്നാൽ മരക്കൂട്ടത്തെ പ്രതിഷേധത്തെ തുടർന്ന് അവർ തിരിച്ചു പോയി. ഇതിന് ശേഷം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് കാനനപാതയിൽ ഒരുക്കിയത്. ഈ സാഹചര്യത്തിലാണ് കവിത മല കയറാൻ സന്നദ്ധയായി എത്തിയത്. ഹൈദരാബാദിലെ മോജോ ടിവി ചാനലിലെ സഹപ്രവർത്തകരും കവിതയ്‌ക്കൊപ്പമുണ്ട്.

തനിക്ക് 26 വയസേയുള്ളൂവെന്നും റിപ്പോർട്ടറായാണ് ശബരിമലയിലേക്ക് പോകാൻ ശ്രമിക്കുന്നതെന്നും കവിത വ്യക്തമാക്കി. എന്തു വന്നാലും സന്നിധാനത്തേക്ക് പ്രവേശിക്കുമെന്നാണ് കവിതയുടെ പക്ഷം. പൊലീസിനെ ഇക്കാര്യം അറിയിച്ചതോടെ സുരക്ഷ ഒരുക്കാമെന്ന് അവരും വ്യക്തമാക്കി. അങ്ങനെയാണ് മലകയറ്റം സാധ്യമാക്കിയത്. അതിനിടെ സന്നിധാനത്ത് ഭക്തർ കുറവാണ്. പ്രതിഷേധക്കാരേയും പൊലീസ് തുരത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കവിതയ്ക്ക് ശബരിമലയിൽ വലിയ എതിർപ്പില്ലാതെ എത്താനാകുമെന്നാണ് വിലയിരുത്തൽ. പമ്പയിലും സന്നിധാനത്തുമെല്ലാം കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അതിനിടെ ശബരിമലയിലേക്ക് എത്താൻ നിരവധി സ്ത്രീകൾ പമ്പയിൽ എത്തുന്നുവെന്ന് സൂചനയുണ്ട്. കോഴിക്കോട്ടെ സൂര്യയും പമ്പയിലെത്തിയെന്നാണ് റിപ്പോർട്ട്. ശബരിമലയിലോ പമ്പയിലോ പ്രതിഷേധക്കാർ ആരുമില്ല. എല്ലാവരേയും പൊലീസ് മാറ്റിയിട്ടുണ്ട്. ഭക്തർ മാത്രമാണ് സന്നിധാനത്തും പമ്പയിലും ഉള്ളത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ മലകയറ്റം അനായാസമാകുമെന്നാണ് വിലയിരുത്തൽ.