കൊച്ചി: താനും മഞ്ജു വാര്യയും തമ്മിലുള്ള വിവാഹ ബന്ധം തകരാൻ കാരണം കാവ്യ മാധവനല്ലെന്ന് നടൻ ദിലീപ്. തന്റെ പേരിൽ കാവ്യ ബലിയാടാകുന്നത് കാണുമ്പോൾ ഏറെ സങ്കടം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനൽ എഡിറ്റർ എം വി നികേഷ് കുമാറിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് തന്റെ മനസു തുറന്നത്.

മഞ്ജു വാര്യരുമായുള്ള ദാമ്പത്യത്തിൽ ഉണ്ടായ പൊരുത്തക്കേടുകൾക്ക് കാരണം കാവ്യ അല്ലെന്ന് ഉറപ്പിച്ച് പറയാൻ തനിക്ക് സാധിക്കും.അതിനാൽ തന്നെ ഇക്കാര്യത്തിൽ കാവ്യ വേട്ടയാടപ്പെടുന്നതിൽ ദുഃഖമുണ്ടെന്നും ദിലീപ് പറഞ്ഞു. തന്നോടൊപ്പം 25ഓളം സിനിമകളിൽ അഭിനയിച്ച ആളാണ് കാവ്യ. അതുകൊണ്ട് തന്നെ തന്റെ വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയും തനിക്ക് അക്കാര്യത്തിൽ അവരെ സഹായിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നത് വേദനാജനകമാണെന്ന് ദിലീപ് പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങൾ നിരവധി തവണ തങ്ങളുടെ വിവാഹം അഘോഷിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് പത്ത് തവണയെങ്കിലും ഇവർ തങ്ങളെ വിവാഹം കഴിപ്പിച്ചിട്ടുണ്ടാകും.

മഞ്ജു വാര്യർ മികച്ച നടിയാണ്. അവരുടെ പ്രൊഫഷണൽ ജീവിതം നന്നായി പോകുന്നതിൽ സന്തോഷമുണ്ട്. തന്റെ മകളുടെ അമ്മ കൂടിയായ അവരുടെ വിജയങ്ങളിൽ സന്തോഷമേ ഉള്ളു. മഞ്ജു വിട്ടുപോയതുകൊണ്ടാണ് തന്റെ സിനിമകൾ വിജയിക്കാത്തതെന്ന പ്രചാരണത്തിലും വാസ്തവമില്ല. അങ്ങനെ താൻ വിശ്വസിക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു. മറ്റ് നിരവധി കാരണങ്ങൾ കൊണ്ടാണ് തന്റെ സിനിമകൾ പരാജയപ്പെടുന്നതെന്നും ദിലീപ് പറഞ്ഞു.

മഞ്ജു എനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് തനിക്ക് വലിയ വിജയങ്ങളുണ്ടായിട്ടുണ്ട്. കരിയർ ഒരു ഘട്ടത്തിലേക്കു കടന്ന കാലഘട്ടമാണത്. എന്നാൽ പരാജയങ്ങളും ഉണ്ട്. പതിനഞ്ചു വർഷം ഒരു ഫ്‌ളോപ്പ് പോലും ഉണ്ടാകാതിരുന്നിട്ടില്ലല്ലോ. രണ്ടര വർഷം എന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയവുമുണ്ട്. ഭാഗ്യം കൂടെയുണ്ടെന്നു കരുതി വെറുതെയിരുന്നിട്ടു കാര്യമുണ്ടോ.നമ്മൾ നല്ല സിനിമയുടെ ഭാഗമാകുമ്പോൾ വിജയം വരുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പറഞ്ഞു.

വിവാഹ മോചനത്തിന് ശേഷം വ്യക്തി ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുപത് വർഷം പിന്നിടുന്ന കരിയറിൽ ഇതുവരെയും ആരോടും മത്സരിക്കാൻ ശ്രമിച്ചിട്ടില്ല. സിദ്ദിഖ് ലാൽ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലൂടെ ശക്തമായി തിരിച്ച് വരവിന് ഒരുങ്ങുകയാണ് താനെന്നും ദിലീപ് വ്യക്തമാക്കി. ചില ആശങ്കകൾ ഉണ്ടെങ്കിലും താൻ ഇപ്പോഴും ജീവിതത്തിലേക്ക് ഒരാളെ കാത്തിരിക്കുകയാണെന്നും എന്നാൽ അതൊരിക്കലും ദിലീപ് അല്ലെന്നും അടുത്തിടെ ഒരു ദൈ്വവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കാവ്യ മാധവൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയത്.