കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ രഹസ്യ സ്വഭാവമുള്ള കോടതി രേഖകൾ എട്ടാം പ്രതി ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. അതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ വധ ഗൂഢാലോചന കേസിൽ ദിലീപിനെ തളയ്ക്കാനും അന്വേഷണ സംഘം ശ്രമം തുടങ്ങി. ഫോണിൽ നിന്ന് വീണ്ടെടുത്ത തെളിവുകളും ഉടൻ കോടതിയിൽ ഹാജരാക്കും. കാവ്യാ മാധവനെ രണ്ടു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യാ മാധവനെ സാക്ഷിയെന്നതിന് അപ്പുറമുള്ള പരിഗണനയിൽ ചോദ്യം ചെയ്യാനാണ് ആലോചന.

സാക്ഷിയായി ചോദ്യം ചെയ്യാൻ നൽകിയ ആദ്യ നോട്ടീസിൽ കാവ്യ അനുകൂലമായി പ്രതികരിച്ചില്ല. ആലുവയിലെ പത്മസരോവരമെന്ന വീട്ടിലാണ് താനുള്ളതെന്നും അവിടെ എത്തി ചോദ്യം ചെയ്യണമെന്നുമാണ് കാവ്യയുടെ ആവശ്യം. എന്നാൽ കാവ്യ ആലുവയിലെ പ്തമസരോവരത്തിൽ അല്ല സ്ഥിരമായി താമസിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. കൊച്ചിയിലെ മറ്റൊരു വീട്ടിലാണ് കാവ്യയുള്ളത്. ഇവിടേക്ക് ദിലീപ് എത്തുകയാണ് പതിവ്. ഈ സാഹചര്യത്തിൽ പത്മസരോവരത്തിലെ പിടിവാശി അനാവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ സാക്ഷിയെന്ന നിലയിൽ സ്ത്രീയ്ക്കുള്ള അവകാശമാണ് സാക്ഷിയായി മൊഴി നൽകാനുള്ള സ്ഥലം തെരഞ്ഞെടുക്കൽ. ഈ സാഹചര്യത്തിലാണ് സംസശയ നിഴലിലുള്ള വ്യക്തിയെന്ന അർത്ഥത്തിൽ ചോദ്യം ചെയ്യലിനുള്ള ആലോചന.

ദിലീപിന്റെ സഹോദരൻ അനൂപിനോടും സഹോദരീ ഭർത്താവ് സുരാജിനോടും ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനോടു വീണ്ടും ഹാജരാകാൻ നിർദ്ദേശിക്കുക. നേരത്തേ സാക്ഷിയായി ചോദ്യം ചെയ്യാൻ ഹാജരാകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അനൂപിനേയും സുരാജിനേയും ചോദ്യം ചെയ്യുമ്പോൾ കാവ്യയ്‌ക്കെതിരെ കൂടുതൽ തെളിവ് കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ സാക്ഷിക്ക് അപ്പുറമുള്ള പരിഗണനയിൽ കാവ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ഇതിനിടെയാണ് കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടിയ സംഭവത്തിൽ കോടതിയിൽ ക്രൈംബ്രാഞ്ച് നടത്തിയ നിർണ്ണായക നീക്കങ്ങളും ചർച്ചയാകുന്നത്. വിചാരണ കോടതിയുടെ നിലപാടുകൾ നിർണ്ണായകമാകും. പ്രതിഭാഗത്തോട് കോടതി വിശദീകരണം തേടണമെന്നു വിചാരണക്കോടതിയോടു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ രേഖാമൂലം അറിയിക്കാൻ പ്രതിഭാഗത്തോടു കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച രേഖകൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത സംഭവത്തിൽ വിചാരണക്കോടതി അന്വേഷണ സംഘത്തോട് ആവർത്തിച്ചു വിശദീകരണം തേടിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു എം.പൗലോസിന്റെ വിശദീകരണം അപൂർണമെന്നു പറഞ്ഞ കോടതി ഇന്നലെ എഡിജിപി എസ്.ശ്രീജിത്തിന്റെ റിപ്പോർട്ടും അപൂർണമെന്നു വിലയിരുത്തി. രഹസ്യവിചാരണ തുടരുന്ന കേസിലെ, പുറത്തുപോകാൻ പാടില്ലാത്ത കോടതി രേഖകളാണു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയതെന്നാണു പ്രോസിക്യൂഷൻ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു രേഖകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷയുടെ പകർപ്പു മാധ്യമങ്ങൾക്കു ലഭിച്ചതു സംബന്ധിച്ചാണു കോടതി അന്വേഷണ സംഘത്തോടു വിശദീകരണം തേടിയത്.

ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ കോടതി രേഖകൾ കോടതിയുടെ ലാപ്‌ടോപ്പിൽ അന്വേഷണ സംഘം ഇന്നലെ പ്രദർശിപ്പിച്ചു. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്നലെ സമർപ്പിക്കണമെന്ന് വിചാരണക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ കേസിൽ ഇതുവരെ കണ്ടെത്തിയ രേഖകളുടെയും തെളിവുകളുടെയും ബാഹുല്യവും, പ്രതികളും അവരുടെ അടുപ്പക്കാരായ സാക്ഷികളും അന്വേഷണത്തോടു സഹകരിക്കാത്തതും ചൂണ്ടിക്കാട്ടി തുടരന്വേഷണം പൂർത്തിയാക്കാൻ 3 മാസത്തെ അധിക സമയം അന്വേഷണ സംഘം തേടിയിരുന്നു.

ഈ ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അന്വേഷണ സംഘം ഇന്നലെ വിചാരണ കോടതിയെ അറിയിച്ചു. ഈ ഹർജിയിലെ ഹൈക്കോടതി തീരുമാനം എല്ലാ കേസിലും നിർണ്ണായകമാകും.