- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൽകിയത് സാക്ഷിയെന്ന പരിഗണനയിലെ ചോദ്യം ചെയ്യൽ നോട്ടീസ്; പതിവ് പോലെ ക്രൈംബ്രാഞ്ചിനെ പത്മസരോവരത്തിലേക്ക് ക്ഷണിച്ച് കാവ്യാ മാധവൻ; ആലുവയിലെ വീട്ടിലെത്തി ദിലീപിന്റെ ഭാര്യയെ ചോദ്യം ചെയ്തേയ്ക്കും; നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം അവസാന ഘട്ടത്തിൽ; മഞ്ജു വാര്യർക്ക് നൽകിയ പരിഗണന കാവ്യയ്ക്കും കിട്ടിയേക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി, കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകി. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. കാവ്യ ചോദ്യം ചെയ്യലിന് എത്തില്ല.
അതേസമയം, ആലുവ 'പത്മസരോവരം' വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ക്രൈംബ്രാഞ്ച് സംഘം ഇവിടെ എത്തിയേക്കുമെന്നാണ് വിവരം. സാക്ഷിയെന്ന നിലയിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ത്രീയെന്ന പരിഗണന കിട്ടും. ഇതുപയോഗിച്ചാണ് വീട്ടിലേക്ക് വരാനുള്ള കാവ്യയുടെ നിർദ്ദേശം. ഇതേ കേസിൽ മഞ്ജു വാര്യരെ ചോദ്യം ചെയ്തത് ഹോട്ടലിൽ വച്ചാണ്. മഞ്ജു താമസിച്ച ഹോട്ടലിലായിരുന്നു മൊഴി എടുക്കൽ. ഈ പരിഗണനയാണ് കേസിലെ സാക്ഷിയായ കാവ്യയും ചോദിക്കുന്നത്.
നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനൽകി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നടിയെ പീഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.
സാക്ഷിയാക്കി കാവ്യയെ ചോദ്യം ചെയ്യുന്നത് വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു. സംശയമുള്ള സാക്ഷിയെന്ന എന്ന നിലയിലും കാവ്യയെ ചോദ്യം ചെയ്യാം. ഇതിനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എഡിജിപി ശ്രീജിത്ത് മുമ്പോട്ട് പോയിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന് മാറ്റമെത്തിയത്. ഇതോടെ വീണ്ടും കാവ്യയെ സാക്ഷിയായി ചോദ്യം ചെയ്താൽ മതിയെന്ന നിഗമനത്തിൽ പൊലീസ് എത്തി. കാവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്ന ആശങ്കയായിരുന്നു ഇതിന് കാരണം.
ഈ മാസം ആറാം തീയതിയാണ് ആലുവയിലെ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ കാവ്യ മാധവന് നോട്ടീസ് ലഭിച്ചത്. എന്നാൽ ആലുവ പത്മസരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാകണമെന്നാണ് കാവ്യ മാധവൻ നോട്ടീസിന് മറുപടി നൽകിയത്. പുതുതായി പുറത്തു വന്ന തെളിവുകൾ, ഓഡിയോ ക്ലിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചുകൊണ്ട് കാവ്യ മാധവനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നത്. ഇത് പത്മസരോവരം വീട്ടിൽ വെച്ച് കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ