കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലേക്ക് കാവ്യാമാധവനെ വലിച്ചിഴയ്ക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടോയെന്ന് കാവ്യയുടെ കുടുംബത്തിന് സംശയം. ഇക്കാര്യം ക്രൈംബ്രാഞ്ചിനേയും അവർ അറിയിച്ചതായാണ് സൂചന. തിങ്കളാഴ്ച കാവ്യാ മാധവനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിനെതിരെ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാകും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ മൊബൈലിൽ നിന്നാണ് കേസിൽ നിർണ്ണായകമാകാവുന്ന എല്ലാ തെളിവും ക്രൈംബ്രാഞ്ചിന് കിട്ടിയതെന്നാണ് സൂചന.

കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കേസിന്റെ അന്വേഷണപരിധിയിലേക്ക് കാവ്യാ മാധവനെ കൊണ്ടുവരുന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് തീരുമാനം എടൂക്കൂ. കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഫോൺ സംഭാഷണങ്ങളെന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. കാവ്യയെ മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുത്താതെ സത്യം മനസ്സിലാക്കാനാകും ശ്രമിക്കുക. നടിയെ ആക്രമിച്ച കേസിൽ മുമ്പും കാവ്യയിൽ നിന്നും മൊഴി എടുത്തിരുന്നു. അതിന് ശേഷമാണ് കേസിലെ സാക്ഷിയാക്കി കാവ്യയെ മാറ്റിയത്. എന്നാൽ ദിലീപിന്റെ ഭാര്യയായ കാവ്യ കോടതിയിൽ കൂറുമാറി. അതിന് ശേഷമാണ് നിർണ്ണായക തെളിവുകൾ കിട്ടിയത്. ഈ സാഹചര്യത്തിലാണ് കേസിലെ പുനരാലോചനകൾ.

കേസിലെ മാഡം കാവ്യയാണെന്ന തരത്തിലാണ് ചർച്ചകൾ. ദിലീപിന്റെ സഹോദരീഭർത്താവ് ടി എൻ സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നതായാണ് സൂചന. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യമാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വിശദമായി തന്നെ പരിശോധിക്കും. 'എനിക്കു നിങ്ങളെ ഭയമാണെ'ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.

സൈബർ ഹാക്കർ സായ്ശങ്കറിന്റെ ഫോണിൽ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. ദിലീപിനോട് കാവ്യ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം പല സംശയങ്ങൾക്കും ഇട നൽകുന്നു. ഈ സംഭാഷണത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ വ്യക്തത വരുത്തും. ചോദ്യം ചെയ്യലിൽ ദിലീപിന്റെ ഭാര്യയെ സമ്മർദ്ദത്തിലാക്കാതെ തന്ത്രപരമായി എല്ലാം മനസ്സിലാക്കാനാകും ശ്രമിക്കുക.

അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പിണക്കവും വൈരാഗ്യവുമാണ് കേസിന് വഴിയൊരുക്കിയ സംഭവങ്ങൾക്ക് തുടക്കമെന്ന് സുരാജ് സുഹൃത്തും വ്യവസായിയുമായ ശരത്തിനോടു പറയുന്ന ശബ്ദസംഭാഷണമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. കാവ്യയെ കുടുക്കാൻ ചില കൂട്ടുകാരികൾ ശ്രമിച്ചപ്പോൾ അവർക്കു കാവ്യ നൽകിയ പണിയാണ് സംഭവമെന്നും ദിലീപിന് അതിൽ ബന്ധമില്ലെന്നും സുരാജ് പറയുന്നു. ശബ്ദരേഖയിലുള്ളത് സുരാജിന്റെയും ശരത്തിന്റെയും ശബ്ദമാണെന്നു ദിലീപ് സമ്മതിച്ചിരുന്നു.

ശരത്തും സൂരാജും തമ്മിലുള്ളതും ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണവും ഡോക്ടറും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും തമ്മിലുള്ള സംഭാഷണവുമാണ് പുറത്തുവന്നത്. ഇതെല്ലാം സൂരാജിന്റെ ഫോണിൽ നിന്നാണ് ലഭിച്ചത്. അഭിഭാഷകനെ വിളിച്ചത് സൂരാജിന്റെ ഫോണിൽ നിന്നാണ്. പിന്നീട് ഫോൺ ദിലീപിന് കൈമാറുകയായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപും അഭിഭാഷകരും നേരത്തെ കണ്ടു എന്നത് സാധൂകരിക്കുന്നതാണ് ഈ ശബ്ദ സംഭാഷണത്തിലുള്ളത്. 'നമ്മൾ ഇത് നേരത്തെ കണ്ടതാണല്ലോ' എന്ന് ശബ്ദ സന്ദേശത്തിൽ അഭിഭാഷകൻ പറയുന്നുണ്ട്. ഇതായിരിക്കും അന്വേഷണസംഘം പ്രധാനമായും കോടതിയിൽ സൂചിപ്പിക്കുക.

'നമുക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്. അതിനാണ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്. അത്തരത്തിൽ ചില തന്ത്രങ്ങൾ പ്രയോഗിച്ചതുകൊണ്ട് പതിയെ പതിയെ കാര്യങ്ങൾ വിശ്വസിപ്പിക്കാൻ സാധിക്കും' എന്നാണ് ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലാണ് ഈ ദൃശ്യങ്ങൾ നമ്മൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ എന്ന സംഭാഷണം കൂടി വരുന്നത്. നേരത്തെ തന്നെ ഇവർ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്നതിന് തെളിവാണ് ഇതെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും.

രണ്ടാമതായി പുറത്തുവന്നത്, സാക്ഷിയെ സ്വാധീനിക്കാൻ ദിലീപും ബന്ധുക്കളും അഭിഭാഷകരും ശ്രമിച്ചു എന്ന് അന്വേഷണ സംഘം ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. ഡോ. ഹൈദരാലിയും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും തമ്മിലുള്ള സംഭാഷണമാണ് ഇത്. നേരത്തെ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു ഹൈദരാലി. എന്നാൽ പിന്നീട് കൂറുമാറുകയായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസിന് നൽകിയ രേഖകൾ കാര്യമാക്കേണ്ടതില്ലെന്നും കോടതിയിൽ എന്താണോ മൊഴി നൽകുന്നത്, അതായിരിക്കും അവസാനം വരെ നിലനിൽക്കുകയെന്നും സുരാജ് ഡോക്ടറോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.

നടി ആക്രമിക്കപ്പെട്ടപ്പോൾ ദിലീപ് ആശുപത്രിയിൽ ഉണ്ടായിരുന്നു എന്ന മൊഴി കോടതിയിൽ നൽകണമെന്നതാണ് സുരാജ് ഡോക്ടറോട് പറയുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ഡോക്ടറുടെ ചോദ്യത്തിന് അത് വലിയ പ്രശ്‌നം ഉണ്ടാകില്ല എന്നായിരുന്നു സുരാജിന്റെ മറുപടി. ഒരു തവണ വന്ന് കാര്യങ്ങൾ ബോധിപ്പിച്ചാൽ മതിയെന്നും നേരത്തെ നൽകിയ രേഖകളിൽ കാര്യമില്ലെന്നും സുരാജ് ഡോക്ടറോട് പറയുന്നതിന്റെ സംഭാഷണങ്ങളാണ് ഇത്.