കൊച്ചി: എല്ലാം തീർന്നുവെന്ന ആത്മവിശ്വാസത്തിലായിരുന്നു ദിലീപ്. പതിവ് പോലെ യാത്ര പറഞ്ഞ് നടൻ ഇറങ്ങിയത് അവസാന വട്ട ഒത്തുതീർപ്പ് ചർച്ചകൾക്കായിരുന്നു. കൊടുങ്ങല്ലൂരിലെ പൂജയും ദിലീപിന്റെ ആത്മവിശ്വാസം കൂട്ടി. അങ്ങനെ യാത്ര പറഞ്ഞ് ഇറങ്ങിയ നടൻ പിന്നെ വീട്ടിൽ വന്നിട്ടില്ല. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ഇന്ന് 50 ദിവസമായി. പക്ഷേ അതിനും രണ്ട് ദിവസം മുമ്പായിരുന്നു ദിലീപ് വീട്ടിൽ നിന്ന് ഇങ്ങിയത്.

ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്‌സുകളേയും വെല്ലുന്ന തിരക്കഥയിൽ തന്നെയായിരുന്നു. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല. ആലുവയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസിൽ താൻ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാൽ സംഭവിച്ചത് മറ്റൊന്നും. കാർണിവൽ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിനെ പൊലീസ് കുടുക്കി. അന്ന് മുതൽ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും കണ്ടിട്ടില്ല.

ഓരോ ജാമ്യാപേക്ഷ വരുമ്പോഴും കാവ്യ പ്രതീക്ഷയിലായി. ആദ്യം രാംകുമാർ എല്ലാ ഉറപ്പും കൊടുത്തു. എന്നാൽ അതിശക്തമായി തന്നെ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു. ഹൈക്കോടതിയും രാംകുമാറിന്റെ വാദങ്ങൾ തള്ളിയപ്പോൾ കാവ്യ തീർത്തും നിരാശയായി. രണ്ട് റിമാൻഡ് കാലം കഴിയുമ്പോൾ ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു ഏവരും കാവ്യയെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതിന് അപ്പുറത്തേക്ക് പോകില്ലെന്നും സിനിമയിലെ ഉന്നതർ ഇടപെടൽ നടത്തുമെന്നും അറിയിച്ചു. സോഷ്യൽ മീഡിയയിൽ ദിലീപിന് അനുകൂലമായി പ്രതികരിച്ചവരെ ഫോണിൽ വിളിച്ച് കാവ്യ നന്ദിയും അറിയിച്ചു.

രാമൻപിള്ള അഭിഭാഷകനായി എത്തിയപ്പോൾ കാവ്യ ഏറെ പ്രതീക്ഷിച്ചു. നിഷാൽ ചന്ദ്രയുമായുള്ള വിവാഹ മോചനക്കേസിൽ എതിർഭാഗത്തിന്റെ വക്കീലായിരുന്നു രാമൻപിള്ള. അന്ന് തന്നെ ഈ അഭിഭാഷകന്റെ മികവ് കാവ്യ തിരിച്ചറിഞ്ഞിരുന്നു. എന്ത് വിലകൊടുത്തും ദിലീപിനെ രാമൻപിള്ള രക്ഷിക്കുമെന്ന് തന്നെ കാവ്യ കരുതി. വാദമുഖങ്ങളും സോഷ്യൽ മീഡിയയിൽ ലഭിച്ച പിന്തുണയുമെല്ലാം പ്രതീക്ഷകൾ വാനോളം ഉയർത്തി. എന്നാൽ ഒന്നും എവിടേയും എത്തിയില്ല. വീണ്ടും ജാമ്യം നിഷേധിച്ചു.

ഇനി സുപ്രീംകോടതിയിൽ പോകണം. എന്നാൽ പീഡനക്കേസിൽ സുപ്രീംകോടതിയുടെ നിലപാട് കടുകട്ടിയാണ്. സെലിബ്രട്ടികൾക്ക് പ്രത്യേകിച്ച് ജാമ്യം അനുവദിക്കാറില്ല. അതുകൊണ്ട് കൂടിയാണ് ഇന്ന് ജാമ്യം നിഷേധിച്ചെന്ന് അറിഞ്ഞപ്പോൾ കാവ്യ പൊട്ടിക്കരഞ്ഞത്. ആർക്കും ദിലീപിന്റെ ഭാര്യയെ നിയന്ത്രിക്കാനായില്ല. മകൾ മീനാക്ഷിയും കടുത്ത വിഷമത്തിലാണ്. അച്ഛനെ കണ്ടിട്ട് അമ്പത് ദിവസത്തിലേറെയായി. ജയിലിലേക്ക് വരരുതെന്ന് അച്ഛൻ പറഞ്ഞിട്ടുള്ളതിനാൽ അങ്ങോട്ടും പോകാനാകുന്നില്ല. ദിലീപിന്റെ അമ്മ ആലുവ ജയിലിലേക്ക് പോയപ്പോൾ മീനാക്ഷിയും ഒപ്പമിറങ്ങിയതാണ്.

എന്നാൽ അച്ഛന്റെ കടുത്ത നിലപാട് തടസ്സമായി. കാവ്യയും ജയിലിലെത്തി ഭർത്താവിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കഴിയുന്നില്ല. ഫോണിൽ ഭാര്യയേയും മകളേയും വിളിക്കാൻ ദിലീപിന് കഴിയും. ഈ അവസരം ഉപയോഗിക്കാറുമുണ്ട്. അമ്മയുമായും സംസാരിക്കുന്നു. ഇത് മാത്രമാണ് കുടുംബവുമായി ദിലീപിനെ അടുപ്പിച്ചു നിർത്തുന്ന ഏക ആശയ വിനിമയ മാർഗ്ഗം.

മകളോട് പഠിത്തത്തിൽ ശ്രദ്ധിക്കണമെന്നുള്ള ഉപദേശം ദിലീപ് ജയിലിൽ നിന്ന് നൽകാറുണ്ട്. അതിന് അപ്പുറം ഒന്നും പറയാറില്ല. തനിക്ക് സുഖമാണെന്നും ഉടൻ പുറത്തിറങ്ങുമെന്നും ദിലീപ് ആവർത്തിക്കുമായിരുന്നു. ജയിലിൽ വ്രതമെടുക്കുന്നതും ശബരിമലയിലേക്ക് പോകാനുള്ള തീരുമാനവുമെല്ലാം ആത്മവിശ്വാസം കൂട്ടാനുള്ള തന്ത്രമായിരുന്നു. എന്നാൽ ഇതെല്ലാം പൊളിയുകയാണ്. കാർണ്ണിവൽ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയിലെ ചതിയിൽ ഒളിഞ്ഞിരുന്ന പ്രതിസന്ധി ഇപ്പോഴാണ് ദിലീപിന് മനസ്സിലാകുന്നത്. കാർണിവൽ ഗ്രൂപ്പുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗസ്റ്റ് ഹൗസിൽ ദിലീപ് ഇടയ്ക്ക് താമസിക്കാറുമുണ്ടായിരുന്നുവത്രേ. എന്നാൽ പൊലീസും ഈ ഗ്രൂപ്പുമായുള്ള ബന്ധം ദിലീപ് അറിയാതെ പോയി. ഈ ചതിയാണ് ദിലീപിനെ കുടുക്കിയത്. ഇവിടേയ്ക്ക് ഒറ്റയ്ക്ക് എത്താനുള്ള ദിലീപിന്റെ തീരുമാനവും വിനയായി.

ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. എല്ലാം തന്നിൽ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്. കേസിലെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് ചില പൊലീസുകാർ ദിലീപിനെ സമീപിച്ചു. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകൻ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെയുള്ള ചർച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം. ദിലീപിനെ ആദ്യം പൊലീസ് പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം പല സിനിമാക്കാരേയും ചോദ്യം ചെയ്തു. ഇതോടെ കാവ്യയിലേക്ക് അന്വേഷണം എത്തുമെന്ന സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാർണ്ണിവലിലേക്ക് ഒത്തുതീർപ്പിന് ദിലീപ് പോയത്.

ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഗസ്റ്റ് ഹൗസിലെ മറ്റ് മുറികളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇത്. പറഞ്ഞതു പോലെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിന്റെ ശ്രദ്ധയിൽ ഇതൊന്നും പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ചർച്ചയക്കിടെ എല്ലാം മാറിമറിഞ്ഞു. ഒത്തു തീർപ്പ് ചർച്ച ചോദ്യം ചെയ്യലായി. അപ്രതീക്ഷിതമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യക്ഷരായി. വിഡീയോ കോൺഫറൻസിലൂടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമെത്തി. സിബിഐ സ്‌റ്റൈലിൽ പൊലീസ് ഒരുക്കിയ കുടുക്ക് താരത്തെ തളർത്തി. രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പുറംലോകം അറിഞ്ഞത്.

ഇതോടെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിൽ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്‌ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. സുരക്ഷാ കാരണങ്ങളാൽ റിമാൻഡ് കഴിയുമ്പോൾ പോലും ദിലീപിനെ കോടതിയിൽ കൊണ്ടു വരുന്നില്ല. വിഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ താരത്തെ പങ്കെടുപ്പിക്കുന്നത്. ഇനി പൾസർ സുനിയുടെ രഹസ്യ മൊഴി നൽകലുണ്ട്. ഇതും ദിലീപിന് നിർണ്ണായകമാണ്. വമ്പൻ സ്രാവിനേയും മാഡത്തേയും പൾസർ വെളിപ്പെടുത്തിയാൽ അതും കൂടുതൽ കുരുക്കായി മാറും. അങ്ങനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാണ് ദിലീപും കുടുംബവും.

കേസിൽ കാവ്യയെ അറസ്റ്റ് ചെയ്യാനും പ്രതിചേർക്കാനും സാധ്യത ഏറെയാണ്. പൾസർ സുനിക്ക് കാവ്യയുമായുള്ള അടുപ്പം പൊലീസ് തിരിച്ചറിയുന്നുണ്ട്. ഇതും ദിലീപിനെ അലട്ടുന്ന പ്രധാന വിഷയമാണ്.