കൊച്ചി: ദിലീപിന്റെ അറസ്റ്റ് സിനിമാ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്താകുമെന്ന് ആരും കരുതിയതുമില്ല. ദിലീപ്-കാവ്യാ വിവാഹം കഴിഞ്ഞ് മാസങ്ങളായപ്പോഴാണ് ഈ അപ്രതീക്ഷിത സംഭവം ഉണ്ടായത്. ഇതോടെ ഈ കുടുംബം തളർന്നു. കാവ്യയും കേസിൽ അറസ്റ്റിലാകുമെന്ന് അഭ്യൂഹമെത്തി. പൊലീസ് പലതവണ കാവ്യയെ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപിന് ജാമ്യം കിട്ടി. രാമലീല സൂപ്പർഹിറ്റായി. കമ്മാരസംഭവത്തിൽ അഭിനയിച്ചു. അങ്ങനെ ദിലീപ് ആത്മവിശ്വാസം വീണ്ടെടുത്തു. ജനപ്രിയനായക പദവിയിലേക്ക് വീണ്ടുമെത്തി.

മഞ്ജു വാര്യർ സൂപ്പർ നടിയായി തിളങ്ങുമ്പോഴാണ് ദിലീപ് വിവാഹം ചെയ്യുന്നത്. ഇതോടെ സിനിമയിൽ നിന്ന് തന്നെ മഞ്ജു അകന്നു. വിവാഹ മോചന ശേഷമാണ് മഞ്ജു വീണ്ടും വെള്ളിത്തിരയിൽ സജീവമായത്. ദിലീപിന്റെ താൽപ്പര്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തലുകൾ എത്തിയത്. അതുകൊണ്ട് തന്നെ ദിലീപിനെ കല്ല്യാണം കഴിച്ചതോടെ കാവ്യയും വീട്ടുകാരിയായി മാറുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന കാവ്യ മാധവൻ ഒരിടവേളയ്ക്കു ശേഷം പാട്ടും പാടി സിനിമയിലേയ്ക്ക്. പാട്ടുംപാടിയാണ് കാവ്യ ഇത്തവണ സിനിമയിൽ സാന്നിധ്യമാകുന്നത്.

സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകാണം' എന്ന ചിത്രത്തിലാണ് കാവ്യ വീണ്ടും ഗായികയായത്. വിജയ് യേശുദാസിനോടൊപ്പമാണ് കാവ്യ ഡ്യൂയറ്റ് പാടിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം നൽകിയിരിക്കുന്നത്. ഒരു വിനോദയാത്രയാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. നാദിർഷയുടെ അനുജൻ സമദ്, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, തുടങ്ങിയവർ അണിനിരക്കുന്നതാണ് ഗാനരംഗങ്ങൾ. വരികളിൽ ദൈവത്തേയും, മനുഷ്യനേയും, കാലത്തേയും കുറിച്ചാണ് കാവ്യയുടെ പാട്ട്. ദിലീപിന്റെ അറസ്റ്റും മറ്റ് പ്രശ്‌നങ്ങളുമുണ്ടാക്കിയ ആഘാതങ്ങളെ സിനിമയിലൂടെ തന്നെ മറികടക്കാനാണ് പാട്ടുമായുള്ള കാവ്യയുടെ രംഗപ്രവേശനത്തിന് കാരണം.

നടി ആക്രമിക്കപ്പെട്ട കേസിൽ വിവാദങ്ങൾ കത്തുമ്പോഴും കാവ്യാ മാധവൻ പാട്ടിലൂടെ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഒരു ഭാഗത്ത് ആരോപണങ്ങൾ നേരിടുമ്പോൾ മറുഭാഗത്ത് പിന്നണി ഗായികയായി അന്നും സിനിമയിലെത്തിയിരുന്നു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലൂടെയാണ് കാവ്യ ഗായികയുടെ റോളിൽ അന്ന് എത്തിയത്. ഈ മതവെറികൾ, നെറികേടുകൾ മതമാകുമോ എന്ന് തുടങ്ങുന്ന വരികൾ രചിച്ചിരിക്കുന്നത് മുരുകൻ കാട്ടാക്കടയായിരുന്നു. രണ്ട് മിനറ്റ് നീളമുള്ള ഗാനം രണ്ട് മണിക്കൂർ എടുത്താണ് പാടിയത്. മുമ്പ് മാറ്റിനി എന്ന ചിത്രത്തിലും കാവ്യ പാടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഉടൻ തുടങ്ങും. ഇതിലേക്ക് ശ്രദ്ധ വരാതിരിക്കാനാകും കാവ്യയുടെ ശ്രമം. അതുകൊണ്ട് തന്നെ പാട്ടിലൂടെയുള്ള ഇടപെടൽ തുടരുമെന്നാണ് സൂചന.