കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം കാവ്യാ മാധവന്റെ ലക്ഷ്യത്തിലെത്തിയതോടെ എല്ലാം വ്യക്തമായിരുന്നു. നടിയുടെ അമ്മ ശ്യാമളയിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന് മറുനാടൻ ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്തു. ഇതോടെ കാവ്യയുടെ മൊബൈൽ സ്വച്ച് ഓഫായി. കാവ്യയും അച്ഛനും അമ്മയും എങ്ങോട്ട് പോയെന്നും ആർക്കും അറിയാതെ വന്നു. കെന്റിലെ വില്ലയിലേക്ക് കാവ്യ മാറിയിട്ടുണ്ടാകാമെന്ന സൂചനയും ലഭിച്ചു. ഇതോടെ മറുനാടൻ കെന്റിലെത്തി. എന്നാൽ അവിടെ കാവ്യ ഇല്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കെന്റിലേക്കുള്ള കാവ്യയുടെ താമസം മാറ്റലിന് പിന്നിലെ കഥ പുറത്തെത്തിയത്.

വാസ്തുദോഷമായിരുന്നു കാരണം. ഇത് പരിഹരിക്കപ്പെട്ടുവെന്ന വിശ്വാസത്തിലായിരുന്നു കാവ്യയുടെ വെണ്ണലയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ നടിയെ പിടികൂടിയ ശനി ഇപ്പോഴും ഈ വീട്ടിലുണ്ടെന്നാണ് സിനിമാ ലോകം പറയുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കുമ്പോഴാണ് വെണ്ണലിയിലെ ഫ്‌ളാറ്റിൽ കാവ്യ എത്തിയത്. എന്നാൽ ജീവിതത്തിലെ പല താളപ്പിഴകൾക്കും കാരണം തേടിയുള്ള ജ്യോതിഷ യാത്ര ഈ വീട്ടിലേക്കാണ് വിരൽ ചുണ്ടിയത്. ഇതോടെ ഈ വീട് കാവ്യ ഉപേക്ഷിച്ചു. പിന്നീട് കെന്റിലെ വാടക വീട്ടിലേക്ക് മാറി. അവിടെയായിരുന്നു താമസം. ഇതിനിടെ ദിലീപുമായുള്ള വിവാഹമെത്തി. ഇതിന് ശേഷമാണ് വീണ്ടും വെണ്ണലയിലേക്കുള്ള മാറ്റം. ഇതോടെ വീണ്ടും കഷ്ടകാലങ്ങൾ നടിയെ തേടി എത്തുകയാണ്.

കെന്റിലെ താമസത്തിനിടെ കാവ്യ വിവാഹിതയായി ദിലീപിന്റെ വീട്ടിലെത്തി. ഇതോടെയാണ് കന്റിലെ വാടക വീട് ഒഴിഞ്ഞത്. ആലുവയിലെ ദിലീപിന്റെ വീട്ടിൽ താമസിക്കാമെന്നായിരുന്നു കണക്ക് കൂട്ടൽ. ഇതിനിടെയിൽ വെണ്ണലയിലെ വാസ്തു ദോഷം മാറ്റാൻ ചില പണികളും നടത്തി. രണ്ട് ബെഡ്‌റൂമുകൾക്കൊപ്പമുള്ള ബാത്ത് റൂമുകൾ പൊളിച്ചു മാറ്റി. പുതിയ സ്ഥാനത്ത് നിർമ്മിച്ചു. വീട്ടിലെ പൂജാമുറിയുടെ സ്ഥാനും മാറ്റി. ഒരു കൊല്ലത്തോളമെടുത്തായിരുന്നു ഈ പണികൾ കാവ്യ നടത്തിയത്. ജ്യോതിഷ പ്രകാരമുള്ള ഈ നിർമ്മിതികൾ തന്റെ കഷ്ടകാലം അകറ്റിയെന്നും കരുതി. ദിലീപുമൊത്തുള്ള ദാമ്പത്യത്തിലേക്ക് കടന്നതും ശുഭപ്രതീക്ഷയായി.

എന്നാൽ കല്ല്യാണത്തിന് ശേഷവും തന്റെ വീട്ടിലേക്ക് താമസം മാറ്റേണ്ട അവസ്ഥ കാവ്യയ്ക്കുണ്ടായതായാണ് സൂചന. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പടരുകയും ചെയ്തിരുന്നു. ഇതിനിടെ ദിലീപുമൊത്ത് അമേരിക്കൻ പര്യടനം. തിരിച്ചു വന്നപ്പോഴും വെണ്ണലയിലെ വാസ്തു ദോഷം മാറിയെന്ന് കരുതുന്ന സ്ഥലത്ത് താമസമാക്കി. ഇവിടെയാണ് കഷ്ടകാലം വീണ്ടുമെത്തുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ മൊഴി നിർണ്ണായക വഴിത്തിരിവായത്. ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. സംശയങ്ങൾ കാവ്യയുടെ ബന്ധുക്കളിലുമെത്തി. അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്യാനും ഒരുങ്ങുന്നു. അങ്ങനെ സർവ്വത്ര കുഴപ്പത്തിലേക്ക് കാവ്യയുടെ കുടുംബം നീങ്ങി.

കേസിൽ ദിലീപ്, നാദിർഷ എന്നിവർക്കൊപ്പം കാവ്യ മാധവന്റെ അമ്മയേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചില ശാസ്ത്രീയ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആലുവ പൊലീസ് ക്ലബിൽ നടത്തിയ ചോദ്യ ചെയ്യലിൽ ദിലീപും നാദിർഷയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് എന്നാണ് വിവരം. പൾസർ സുനിയുടെ ഫോൺ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താൻ പറഞ്ഞതെന്നാണ് നാദിർഷാ മൊഴി നൽകിയിരുന്നത്.

നേരത്തെ, ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഈ സ്ഥാപനത്തിൽ എത്തിച്ചതായി പൾസർ സുനി പൊലീസിനോടു വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നാണു വിവരം. എന്നാൽ, മെമ്മറി കാർഡ് ഇവിടെനിന്നു കണ്ടെത്താനായില്ലെന്ന് അറിയുന്നു. റെയ്ഡിൽ 'ലക്ഷ്യ'യിൽനിന്നു പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്കയച്ചു. ഈ പരിശോധനകളെല്ലാം കാവ്യയ്ക്ക് നിർണ്ണായകമാകും.

പൾസർ സുനിയുടെ മൊഴിയിലെ വസ്തുതകൾ പരിശോധിക്കാനാണ് പൊലീസ് പരിശോധന നടത്തിയതും സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തതും. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അഭിഭാഷകനെ ഏൽപ്പിച്ചെന്നായിരുന്നു പൾസർ സുനിയുടെ ആദ്യമൊഴി. കാവ്യ മാധവന്റെ വെണ്ണലയിലെ വില്ലയിലും പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. നടിയെ ആക്രമിച്ചതിനുശേഷം ഒളിവിൽ പോകുന്നതിന് മുൻപാണ് പ്രതി കാക്കനാട്ടെ ഷോപ്പിൽ എത്തിയതായി മൊഴി നൽകിയത്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പൾസർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിനോടും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആരാഞ്ഞതായാണ് വിവരം.