കൊച്ചി: യുവനടിയെ ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസ് സംബന്ധിച്ച അന്വേഷണം വിവാദങ്ങളിൽപ്പെട്ട് താളം തെറ്റുന്നു. ഇതിനിടെ മഞ്ജുവാര്യരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവെന്ന വാർത്തയുമെത്തി. ദിലീപിനെ കേസിൽ കുടുക്കാനാവില്ലെന്ന് മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന്റെ വാദവും ചർച്ചയാണ്. ഈ സാഹചര്യത്തിലും ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കാവ്യയുടെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്‌തേക്കും. ഇതിന്റെ ഭാഗമായാണ് മഞ്ജു വാര്യരെ ചോദ്യം ചെയ്തുവെന്ന പ്രചരണം ഇന്നലെ ഉണ്ടായതെന്നാണ് സൂചന.

ഗൂഢാലോചനയിൽ നിരവധി തെളിവുകൾ പൊലീസിന് കിട്ടിക്കഴിഞ്ഞു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും സുനിയും തമ്മിലെ സംഭാഷണമാണ് ഇതിൽ പ്രധാനം. എന്നാൽ ദിലീപിനെ രക്ഷിക്കാൻ തന്നെയാണ് ശ്രമമെന്നാണ് സൂചന. പൾസർ സുനിയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് ആലുവ പൊലീസ് ക്ലൂബ്ബ് കേന്ദ്രീകരിച്ച് നടക്കുന്നത്. അതിനിടെ സർക്കാരിൽ നിന്ന് പച്ചക്കൊടി കിട്ടിയാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുമുണ്ട്. നാദിർഷായ്ക്ക് കേസുമായുള്ള ബന്ധവും വ്യക്തമാണ്. എന്നാൽ രാഷ്ട്രീയ തീരുമാനമാകും കേസിനെ മുന്നോട്ട് കൊണ്ടു പോവുകയെന്നാണ് വിലയിരുത്തൽ. കാവ്യയെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നാണ് ആവശ്യം.

കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലാണ് മഞ്ജുവിനെ ചോദ്യം ചെയ്തതെന്നാണ് മംഗളം വാർത്ത. ഇതിന് സമാനമായി കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഇത് അന്വേഷണ സംഘം അംഗീകരിച്ചിട്ടില്ല. മഞ്ജുവിനെ ചോദ്യം ചെയ്തില്ലെന്നും പൊലീസ് സൂചന നൽകി കഴിഞ്ഞു. ഗൂഢാലോചനക്ക് പുറമേ റിയൽ എസ്‌റ്റേറ്റ് ബന്ധങ്ങൾ, സിനിമാ മേഖലയിലെ പടലപ്പിണക്കങ്ങൾ എന്നിവയിൽ വ്യക്തത തേടാനാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ കാക്കനാട് മാവേലിപുരത്തുള്ള ഓൺലൈൻ ഷോപ്പ് 'ലക്ഷ്യ'യിൽ എത്തിച്ചെന്നാണ് പൾസർ സുനിയുടെ മൊഴി. ജയിലിൽ നിന്ന് ദിലീപിന് എഴുതിയ കത്തിൽ കാക്കനാട്ടെ ഷോപ്പിലെത്തിയെന്നും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും സുനി പരാമർശിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ കാവ്യ തുടങ്ങിയതാണ് ഷോപ്പ്. സുനിയും കൂട്ടാളിയായ വിജീഷും എത്തിയെന്ന് പറയപ്പെടുന്ന സമയത്തുള്ള ജീവനക്കാർ ഇപ്പോൾ ഷോപ്പിൽ ജോലിയെടുക്കുന്നില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.

ഇതിനിടെ അന്വേഷണം പൂർത്തിയാക്കാതെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടേഷനിൽ പോയതു സമ്മർദം താങ്ങാൻ കഴിയാതെയാണെന്ന വാദവും സജീവമാണ്. കേസന്വേഷിക്കാൻ ക്രൈംബാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ നിയോഗിക്കുന്നതിനു മുൻപാണിത്. ഈ ഘട്ടത്തിൽ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ ഒരു ഡിവൈഎസ്‌പിക്കായിരുന്നു. എറണാകുളം റൂറൽ, സിറ്റി എന്നിവിടങ്ങളിൽ പൊലീസ് സ്‌പെഷൽ ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്നു ഈ ഉദ്യോഗസ്ഥൻ. കൊച്ചി കേന്ദ്രീകരിച്ചു സിനിമാരംഗത്തു നടക്കുന്ന അധോലോക സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതുമായി അടുത്ത ബന്ധമുള്ള സിനിമാപ്രവർത്തകരെ കുറിച്ചും വ്യക്തമായി അറിയാവുന്ന അദ്ദേഹം കേസിന്റെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതോടെയാണ് ഉന്നത സമ്മർദമുണ്ടായത്. ആരോപണ വിധേയരായ വ്യക്തികളുമായി ഉന്നത ഉദ്യോഗസ്ഥനുണ്ടായിരുന്ന അടുപ്പം മനസ്സിലാക്കി അന്വേഷണ ചുമതലയിൽ നിന്നു ഡിവൈഎസ്‌പി സ്വയം ഒഴിവായെന്നാണു വിവരം.

ഈയിടെ പൊലീസ് നടത്തിയ നിർണായക ചോദ്യം ചെയ്യലുകൾക്ക് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രത്യേക അന്വേഷണ സംഘം പഴയ ഡിവൈഎസ്‌പിയെയും ക്ഷണിച്ചിരുന്നെങ്കിലും മുൻപ് കേസിൽ ഇടപെടാൻ ശ്രമിച്ചവരുടെ സാന്നിധ്യം കാരണം അദ്ദേഹം വിട്ടുനിന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ആലുവ ഡിവൈ.എസ്‌പി. കെ.ജി. ബാബുകുമാർ ഡെപ്യൂട്ടേഷനിൽ കൊച്ചി റിഫൈനറിയിൽ ജനറൽ മാനേജർ തസ്തികയിൽ ചീഫ് സെക്യൂരിട്ടി ഓഫീസറായി പോയത് ചില സമ്മർദ്ദങ്ങൾ താങ്ങാനാവാത്തതിനാലാണെന്ന് പറയപ്പെടുന്നു. ഇതിന് ശേഷമാണ് പെരുമ്പാവൂർ സിഐ ബൈജു പൗലാേസിന് അന്വേഷണചുമതല കൈമാറിയത്. ബാബുകുമാറിന്റെ വിട്ടുപോകലിന്റെ കാരണവും പൊലീസ് തേടും.

നിർമ്മാതാവ് ആന്റോ ജോസഫ്, മിമിക്രി താരം കെ.എസ്. പ്രസാദ് എന്നിവരെ ഇന്നലെ ആലുവ പൊലീസ് ക്‌ളബിൽ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. തന്നെ ആരും ചോദ്യം ചെയ്തില്ലെന്നും സുഹൃത്തിനോട് സംസാരിക്കാൻ പോയെന്നുമായിരുന്നു പ്രസാദിന്റെ പ്രതികരണം. സുനി ജയിലിൽ നിന്ന് ദിലീപിന്റെ സഹായി അപ്പുണ്ണിയെ വിളിക്കാൻ ഉപയോഗിച്ച മൊബൈൽഫോൺ സേലം സ്വദേശി സ്വാമി കണ്ണന്റേതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കോയമ്പത്തൂരിൽ വിദ്യാർത്ഥിയായ മകന് നൽകിയ മൊബൈൽഫോൺ കഴിഞ്ഞ ഒക്‌ടോബറിൽ മോഷണം പോയിരുന്നു. കഴിഞ്ഞ ഏപ്രിൽ പത്ത് മുതലാണ് സുനി ഈ മൊബൈൽഫോൺ ഉപയോഗിച്ച് തുടങ്ങിയത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ച 42 തെളിവുകളുടെ പകർപ്പുകൾ വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നൽകരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. കോടതിയിൽ വച്ച് ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുനിയുടെ പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ എറണാകുളം കാക്കനാട് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് മർദ്ദിക്കുന്നുവെന്നാണ് ആരോപണം. പൊലീസ് പീഡിപ്പിക്കുന്നുവെന്നും മരണമൊഴി രേഖപ്പെടുത്തണമെന്നും ഇന്നലെ മാധ്യമപ്രവർത്തകരോട് സുനി വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥയായ ഇൻഫോപാർക്ക് സി.ഐ പി.കെ. രാധാമണിയോട് കോടതി റിപ്പോർട്ട് തേടി. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ സുനിക്ക് വേണ്ടി അഡ്വ. ആളൂർ ഹാജരാകാനാണ് സാദ്ധ്യത.

കാക്കനാട് ജയിലിൽ കഴിയവേ മൊബെയിൽ ഫോൺ ഉപയോഗിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായ സുനിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ബുധനാഴ്‌ച്ച കോടതിയിൽ ഹാജരാക്കിയ സുനിയെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സുനി വെളിപ്പെടുത്തിയ ദിലീപ്, നാദിർഷ എന്നിവരെ സുനിക്കൊപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യലിനും അന്വേഷണ സംഘം തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ സുനിയെ ചോദ്യം ചെയ്‌തെങ്കിലും നിലവിലെ മൊഴികളിൽ തന്നെ സുനി ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ദിലീപും നാദിർഷയുമായി ബന്ധമുള്ള ധർമജൻ ബോൾഗാട്ടി, ദിലീപിന്റെ സഹോദരൻ അനൂപ്, മിമിക്രി താരം കെ എസ് പ്രസാദ്, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരെ രണ്ടു ദിവസമായി പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പൾസർ സുനിയുടെ ആരോപണങ്ങളുമായി ബന്ധപ്പെടുന്ന തരത്തിലുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും വ്യക്തമാകുന്നത്.

പൾസർ സുനിയുമായി ദിലീപ് ഫോണിൽ സംസാരിക്കുന്നതിനു തെളിവ് കണ്ടെത്താൻ അന്വേഷണ സംഘത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ദിലീപിനു ക്ലീൻ ചിറ്റ് നൽകാനും അന്വേഷണ സംഘം തയാറായിട്ടില്ല. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ നിന്നും കേസിനു വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജയിലിൽനിന്നു ഫോൺ വിളിച്ചത് നാദിർഷയെയും അപ്പുണ്ണിയെയുമാണെന്നാണ് സുനിയുടെ മൊഴി. സുനിയെ നാദിർഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തും.