കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കാവ്യാ മാധവനും റിമി ടോമിയും സംശയ നിഴലിൽ. ഇവരെ അറസ്റ്റ് ചെയ്യണമെന്ന അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമാണ്. എന്നാൽ പൊലീസ് മേധാവിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പല അസ്വാഭാവിക സംഭവങ്ങളും നടന്നിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താൻ സിനിമാക്കാരികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് അഭിപ്രായം. എന്നാൽ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രം അറസ്റ്റ് മതിയെന്നാണ് പൊലീസ് നിലപാട്.

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയിൽ ഗായികയും ടെലിവിഷൻ അവതാരകയും നടിയുമായ റിമി ടോമി കേസിൽ അറസ്റ്റിലായ ദിലീപുമായി ഫോണിൽ ബന്ധപ്പെട്ടു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണിൽ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചു. ചോദ്യം ചെയ്യലിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു ചില കാര്യങ്ങൾ തിരക്കിയെന്നു റിമി ഇന്നു വ്യക്തമാക്കിയിരുന്നു.

എന്നാൽ ഫോൺവിളിയുടെ കാര്യത്തിൽ പറഞ്ഞതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. ഫെബ്രുവരി 17നായിരുന്നു ആക്രമം. ഇക്കാര്യം വാർത്തയായത് അടുത്ത ദിവസം രാവിലേയും. അതുകൊണ്ട് തന്നെ 17ന് എങ്ങനെ റിമി ഇക്കാര്യം അറിഞ്ഞുവെന്നതാണ് ചോദ്യം. ദിലീപ് കൊടുത്ത മൊഴിയും രാവിലെയാണ് ഇത് അറിഞ്ഞുവെന്നാണ്. അങ്ങനെ ആകെ ആശയക്കുഴപ്പത്തിലാണ് പൊലീസ്. റിമി പറഞ്ഞതനുസരിച്ച് ദിലീപ് നേരത്തെ ഇത് അറിഞ്ഞിരുന്നുവെന്ന് വേണം അനുമാനിക്കാൻ. നടി ആക്രമിക്കപ്പെട്ടത് എങ്ങനെ റിമി അറിഞ്ഞു? എന്തിന് കാവ്യയെ വിളിച്ചു. ഇതു രണ്ടും പൊലീസിന് മുന്നിലുള്ള വലിയ സംശയങ്ങളാണ്. ഗൂഢാലോചനയുമായി ഇവയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസ് ആണ് റിമിയെ ഫോണിൽ വിളിച്ച് സംസാരിച്ചത്. സംഭവ ദിവസം രാത്രി റിമി തന്നെയാണോ ദിലീപിനെയേയും കാവ്യയേയും വിളിച്ചതെന്ന് വ്യക്തമാകുന്നതിനായുള്ള ശബ്ദ പരിശോധനയാണ് സിഐ നടപ്പാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് റിമിയിലേക്കുമെത്തുന്നത്.

റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന് നേരത്തേ ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തെ, ദിലീപിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കണക്കിൽപ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടർന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസിൽ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കാര്യമൊന്നും തിരക്കിയില്ലെന്നാണ് റിമി പറയുന്നത്.

ചോദ്യംചെയ്യലിൽ കാവ്യാ മാധവൻ നൽകിയ മറുപടികളിൽ പൊലീസിനു തൃപ്തിയില്ല. പൾസർ സുനിയെ അറിയില്ലെന്ന കാവ്യയുടെ ഉറച്ച നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ അതൃപ്തി സൃഷ്ടിച്ചത്. പൾസർ സുനി ഓടിച്ചിരുന്ന കാറിൽ കാവ്യ മുമ്പ് യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ദിലീപുമായുള്ള വിവാഹത്തിനു മുമ്പായിരുന്നു ഇതെന്നാണു പൊലീസിനു ലഭിച്ച വിവരം. സിനിമകളുടെ ലൊക്കേഷനുകളിലേക്കും അവിടെനിന്നു തിരിടെ വീട്ടിലേക്കും കാവ്യയെ പൾസർ സുനി കാറിൽ കൊണ്ടുപോയിട്ടുണ്ടെന്നാണു പൊലീസ് നിലപാട്. ഇതു സാധൂകരിക്കാനായി പൊലീസ് വിവിധ സിനിമാ ലൊക്കേഷനുകളിൽനിന്നുള്ള ദൃശ്യങ്ങളും മറ്റും തേടുകയാണ്. കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പൾസർ സുനി എത്തിയിട്ടുണ്ടെന്ന കാര്യവും അറിയില്ലെന്നാണ് കാവ്യ പറയുന്നത്.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ലക്ഷ്യയിൽ എത്തിച്ചിരുന്നുവെന്നാണ് പൾസർ സുനി പൊലീസിനോടു പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനു യാതൊരുവിധ ബന്ധവുമില്ലെന്നും കാവ്യ പറഞ്ഞിരുന്നു. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച 'പിന്നെയും' എന്ന അടൂർ ചിത്രത്തിന്റ ലൊക്കേഷനിൽ പൾസർ എത്തിയെന്ന വിശ്വസനീയ വിവരത്തിന്റെ തെളിവുകൾക്കായി പൊലീസ് ശക്തമായ അന്വേഷണത്തിലാണ്. വേണ്ടിവന്നാൽ കാവ്യയെ ഇനിയും ചോദ്യം ചെയ്യുമെന്നും പൊലീസ് സൂചിപ്പിക്കുന്നു. പൊലീസ് മേധാവിയുടെ അനുമതി കിട്ടിയാൽ അറസ്റ്റും ചെയ്യും.

പൾസർ സുനി കാവ്യയുടെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലും എത്തിയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ദിലീപും കാവ്യയും ഒന്നിച്ചഭിനിയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സുനി എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരത്ത, നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഒരു യുവനടിയുടെ അക്കൗണ്ടിലേക്ക് വൻ പണം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ നടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂകാംബികയിലായിരുന്നു കൂടുക്കാഴ്ച.

കാവ്യയിൽ നിന്ന് വീണ്ടും മൊഴിയെടുത്തതിന് ശേഷം ഈ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. കാവ്യയും അമ്മയും നൽകിയ മൊഴികളിൽ പൊലീസിന് സംശയങ്ങൾ ബാക്കിയുണ്ട്.