കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ കാവ്യസന്ധ്യ സീസൺ-2 സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ കവിയും സിനിമാ ഗാനരചിയതാവുമായ R.K ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. സ്വന്തം കവിതയിലെ കുറച്ചു വരികൾ ചൊല്ലിക്കൊണ്ടും കവിതയും ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെകുറിച്ചുമുള്ള പ്രഭാഷണം കാവ്യസന്ധ്യ കൂടുതൽ മഹനീയമാക്കി. തന്റെ രണ്ട് കവിതാസമാഹാരങ്ങൾ ലൈബ്രെറിക്ക് നൽകുന്നതിന് വേണ്ടി ചടങ്ങിൽവെച്ച് സെക്രട്ടറി NK വീരമണിക്ക് കൈമാറി.

സമാജം പ്രസിഡന്റ് P.V രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി N.K വീരമണി സ്വാഗതവും, ലൈബ്രേറിയൻ വിനയചന്ദ്രൻ, ലൈബ്രറി കൻവീനർ ദിലീഷ്‌കുമാർ എന്നിവർ ആശംസയും രേഖപ്പെടുത്തി. സൗമ്യകൃഷ്ണപ്രസാദ്, ബിജു.M സതീഷ് എന്നിവർ അവതാരകരായിരുന്നു. പരിപാടിയിൽ കുരീപ്പുഴശ്രീകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, കൈതപ്രം ദാമോദരൻ നമ്പൂതിരി, പി. കുഞ്ഞിരാമൻനായർ തുടങ്ങിയ പ്രശസ്തരുടെ പത്തോളം കവിതകൾ ആലപിച്ചു. കൂടാതെ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്‌ക്കാരവും ഉണ്ടായിരുന്നു. പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

GCC യിലെ പ്രവാസി എഴുത്തുകാരുടെ കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സമാജം വായനശാല പുറത്തിറക്കിയ ''പവിഴമുത്തുകൾ'' എന്ന GCC കവിതാസമാഹാരത്തിന്റെ പ്രകാശനം R.K ദാമോദരൻ ചടങ്ങിൽവെച്ച് നിർവഹിച്ചു. ഈ കവിതാസമാഹാരത്തിൽ നിന്നു ലഭിക്കുന്ന തുക സമാജത്തിന്റെ പാർപ്പിടപദ്ധതിയിൽ വായനശാല നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ പറഞ്ഞു. കവിതസമാഹാരത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ചടങ്ങിൽ ആദരിച്ചു.

സമാജം വായനശാലയിലെ പുസ്തകങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഒരു മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ് പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ള നിർവഹിച്ചു. ലൈബ്രറി കൺവീനർ ദിലീഷ്‌കുമാർ ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. പരിപാടിയോടനുബന്ധിച്ച് വിവിധ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും സമാജത്തിലെ വിവിധ സബ്കമ്മിറ്റി കൺവീനർമാർക്കുള്ള മോമെന്റോ വിതരണവും ഉണ്ടായിരുന്നു.