- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലാഞ്ജനങ്ങൾ വിടർന്നൂ... കാണാൻ വരൂ ഇതിലേ... കണ്ണൂർ കിഴുത്തള്ളിയിൽ അത്യപൂർവ്വമായ കായാമ്പൂ വിരിഞ്ഞു; പുതുതലമുറയ്ക്ക് അന്യമായ നീലവസന്തം നീണ്ടു നിൽക്കുക രണ്ടാഴ്ച്ച; ശ്രീകൃഷ്ണനോടും കാമിനിമാരുടെ കണ്ണുകളോടും കവികൾ ഉപമിച്ച പുഷ്പത്തെ അറിയാം
കണ്ണൂർ: നീലാഞ്ജനത്തിന്റെ നീലവസന്തം കാണാൻ വരൂ കണ്ണൂർ കിഴുത്തള്ളിയിൽ. കിഴുത്തള്ളി കസ്തൂരിച്ചാലിലാണ് അത്യപൂർവ്വമായ കായാമ്പൂ വിരിഞ്ഞിരിക്കുന്നത്. കായാമ്പൂവിന്റെ മനോഹാരിത കാണാൻ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഒട്ടേറേ പേരാണ് എത്തുന്നത്. പുരാണങ്ങളിലും കവിതകളിലും പരാമർശിച്ചു മാത്രം അറിവുള്ള ഈ വർണ വിസ്മയം കാണാൻ എത്തുന്നവർക്ക് കായാമ്പൂവിന്റെ സുഗന്ധവും ആസ്വദിക്കാനാവുന്നു. ശ്രീകൃഷ്ണന്റെ യഥാർത്ഥ നിറം കായാമ്പൂവിന്റേതാണെന്നാണ് പുരാണങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. കായാമ്പൂവർണനാണ് ശ്രീകൃഷ്ണനെന്ന് സാഹിത്യങ്ങളിലും പറയുന്നു.
ആരേയും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് കായാമ്പൂവിന്റെ പൂക്കളുടേയും മൊട്ടുകളുടേയും സൗന്ദര്യം. ഇടനാടൻ ചെങ്കൽ കുന്നുകളിൽ ഒരു കാലത്ത് സമൃദ്ധമായി വളർന്നിരുന്ന ചെടിയാണ് കായാമ്പൂവെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പുതുതലമുറക്ക് ഇത് അന്യമായിക്കൊണ്ടിരിക്കയാണ്. ഏപ്രിൽ മാസത്തിലാണ് ഇത് പൂക്കുന്നത്. രണ്ടാഴ്ചയയോളം പൂക്കൾ വിരിഞ്ഞു നിൽക്കും.
മണ്ണിനകത്തെ അലൂമിനിയത്തിന്റെ അംശമുള്ളിടത്താണ് ഈ ചെടി വളരുന്നത്. അർദ്ധ നിത്യഹരിതവനങ്ങളിലാണ് കായാമ്പൂ ചെടി കാണുക. വർഷത്തിൽ ഒരു തവണ മാത്രമാണ് ഈ ചെടിയിൽ പൂക്കൾ വിരിയുന്നത്. കവിതകളിലും ചലച്ചിത്ര ഗാനങ്ങളിലും മാത്രം കേട്ട് പരിചയമുള്ള കായാമ്പൂവിനെ ശ്രീകൃഷ്ണനോടും കാമിനിമാരുടെ കണ്ണുകളോടും കവികൾ ഉപമിച്ചിട്ടുണ്ട്.
ആയുർവേദ ഗ്രന്ഥങ്ങളിൽ ഔഷധപ്രധാനമാണ് കായാമ്പൂ ചെടി. ഉന്മേഷത്തിനും പ്രതിരോധശേഷിക്കും കായാമ്പൂവിന്റെ ഇലയും വേരും പഴവും ഒക്കെ സേവിക്കുന്ന പതിവുണ്ട്. ആദിവാസികളിലെ നായ്ക്ക, കാട്ടുനായ്ക്ക വിഭാഗക്കാർ ഭക്ഷണമില്ലാതെ അലയുമ്പോൾ കായാമ്പൂവില ചവച്ച് തിന്ന് പട്ടിണി മാറ്റാറുണ്ട്. മുൻകാലങ്ങളിൽ ഇലയുടെ നീരും ചെറുതേനും ചേർത്ത് ഉപയോഗിച്ചിരുന്നതായി ആയുവേദ വൈദ്യന്മാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കുന്നുകളുടെ നാശം ഈ ചെടിക്ക് ഭീഷണിയായതോടെയാണ് അത്യപൂർവ്വമായത്. സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കായാമ്പൂ ചെടി വളരുന്നത്. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണാടകത്തിലുമാണ് ഇപ്പോൾ ഈ ചെടി കണ്ടു വരുന്നത്.
വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന കായാമ്പൂ ചെടി മുൻ കാലങ്ങളിൽ ഡക്കാൻ പീഠഭൂമിയിലെ തീരപ്രദേശങ്ങളിൽ കണ്ടു വന്നിരുന്നു. എന്നാൽ തീരെ അവഗണിക്കപ്പെട്ടതോടെ ഈ ചെടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. മണ്ണൊലിപ്പ് തടയുന്നതിന് കായമ്പൂ ചെടി വച്ച് പിടിപ്പിക്കാമെന്ന് സസ്യശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അയേൺവുഡ്ട്രീ എന്നും മലയാളത്തിൽ കായാമ്പൂവെന്നും അഞ്ജനമരമെന്നും സംസ്കൃതത്തിൽ നീലാഞ്ജനമെന്നും അറിയപ്പെടുന്നു. ' മമസിലോൺ അംഭലാറ്റം' എന്നാണ് കായാമ്പൂവിന്റെ ശാസ്ത്രീയ നാമം. ഇലകൾ മധുരിക്കുന്നതു കൊണ്ടു തന്നെ ആദിവാസി വിഭാഗങ്ങൾ നേരത്തെ തന്നെ ഇത് ഉപയോഗിച്ചു വരുന്നു.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ