- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി; അത് അടിപിടിയിൽ കലാശിച്ചു; മുള്ളുവേലിയിൽ വീണ് ഭർത്താവിന് പരുക്കേറ്റത് തന്നെ മർദ്ദിച്ച ശേഷം ഓടിക്കാൻ ശ്രമിക്കുന്നതിടെയെന്ന് ഭാര്യ; കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് രാഷ്ട്രീയ സംഘർഷത്തിലല്ല, കുടുംബ വഴക്കിൽ
ആലപ്പുഴ: കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരിക്കേറ്റത് രാഷ്ട്രീയ സംഘർഷത്തിൽ അല്ലെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. പരിക്കേറ്റ് ചികിത്സയിലുള്ള കോൺഗ്രസ് ബൂത്ത് ഏജന്റ് പുതുക്കാട്ട് വടക്കേതറ സോമന്റെ ഭാര്യ രാജലക്ഷ്മി തന്നെയാണ് സംഭവം രാഷ്ട്രീയമല്ലെന്ന് വെളിപ്പെടുത്തിയത്. സിപിഎം പ്രാദേശിക നേതാക്കളാണ് ഇവരുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കുടുംബവഴക്കിലാണ് സോമന് പരിക്കേറ്റതെന്നും ഇത് രാഷ്ട്രീയപ്രശ്നമല്ലെന്നും രാജലക്ഷ്മി വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പർ ബൂത്തിലെ കോൺഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായെന്ന വാർത്ത പുറത്തുവന്നത്.
പരുക്കേറ്റ സോമനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്നാണ് സോമന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. ഇത് അടിപിടിയിൽ കലാശിച്ചു. അടിപിടിക്കിടെ തന്നെ മർദിച്ചശേഷം ഓടിക്കാൻ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയിൽ വീണ് സോമന് പരിക്കേറ്റെന്നാണ് ഭാര്യ രാജലക്ഷ്മിയുടെ വെളിപ്പെടുത്തൽ.
സോമനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു എന്നായിരുന്നു വാർത്ത. സംഭവത്തിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാര്യ രാജലക്ഷ്മി, മകൾ അനില എന്നിവർ പറയുന്നത്. മകനുമായുള്ള തർക്കത്തെ തുടർന്ന് പരിക്കേറ്റ സോമൻ പ്രദേശത്തെ ചില കോൺഗ്രസ് പ്രവർത്തകരെ വിളിച്ചുവരുത്തി സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
അടുത്തിടെ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന സോമനെ കോൺഗ്രസുകാർ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകർ സോമനെ മർദ്ദിച്ചു എന്ന തരത്തിൽ പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിജസ്ഥിതി അറിയാതെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണമെന്നും സോമന്റ ഭാര്യയും മകളും പറയുന്നു. സോമന്റെ മർദ്ദനത്തിൽ പരിക്കേറ്റ രാജലക്ഷ്മി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.