ചേർത്തല: വൃക്കകൾ തകരാറിലായ മകളുടെ ചികിത്സാച്ചെലവു കണ്ടെത്താനാകാത്ത വയോധികയായ അമ്മ ആത്മഹത്യ ചെയ്തു. കോടംതുരുത്ത് എട്ടാംവാർഡിൽ വാലയിൽ നികർത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കായി(85)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.

കായിയുടെ മൂത്തമകൾ വിജയമ്മയുടെ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ഇവർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. സഹോദരി ആനന്ദ വൃക്കനല്കാൻ തയ്യാറാണ്. ശസ്ത്രക്രിയക്കുവേണ്ട തുക കണ്ടത്താനാകാത്ത ആശങ്കയിലായിരുന്നു കുടുംബാംഗങ്ങൾ. ഇതാണ് അമ്മയെ തളർത്തിയത്. എല്ലാ വഴികളും അടഞ്ഞതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.

രണ്ടുമക്കൾക്കും ശസ്ത്രക്രിയ നടത്തേണ്ടിവരുന്നതിന്റെ ആശങ്കയും കായി അയൽക്കാരുമായി പങ്കുവെച്ചിരുന്നു. തുറവൂർ താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മരുമക്കൾ: അശോകൻ, ശശി.