തിരുവനന്തപുരം: അസുര നിഗ്രഹത്തിന് മാളികപുറം ഇറങ്ങിയ കഴക്കൂട്ടം. ശബരിമലയിൽ തുടങ്ങിയ പ്രശ്‌നങ്ങൾ കഴക്കൂട്ടത്ത് പല വഴിക്ക് പോവുകയാണ്. വ്യാജവോട്ടും അക്രമവും എല്ലാം കഴക്കൂട്ടത്തെ ത്രികോണ പോരിനെ അതിശക്തമാക്കുന്നു. സ്ഥാനാർത്ഥികൾ തമ്മിൽ നേരിട്ടുള്ള വാക് പോരും തുടങ്ങി കഴിഞ്ഞു.

ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ ചർച്ചയായ ഈ മണ്ഡലത്തിൽ മൂന്ന് മുന്നണികളും രണ്ടും കൽപ്പിച്ചുള്ള പടപുറപ്പാടിലാണ്. വിശ്വാസ പ്രശ്‌നവുമായി പ്രചരണത്തിൽ നിറഞ്ഞ ശോഭാ സുരേന്ദ്രനെ വ്യക്തിപരമായി കടന്നാക്രമിക്കാൻ കടകംപള്ളി ആദ്യ ഘട്ടത്തിൽ മടിച്ചു. സർവ്വേയും മറ്റും ആനുകൂല്യം പറയുമ്പോൾ കടകംപള്ളിയും അതിശക്തമായി തിരിച്ചെത്തുന്നു. ഇരട്ട വോട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിനെ കടകംപള്ളി വെട്ടിലാക്കാനാണ് ശ്രമിക്കുന്നത്. ശോഭയേയും വെറുതെ വിടില്ല.

കഴക്കൂട്ടത്തെ തന്റെ എതിർ സ്ഥാനാർത്ഥി എൻഡിഎയുടെ ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി സ്ഥാനാർത്ഥി എല്ലാ സീമകളും ലംഘിക്കുകയാണെന്നും ഏപ്രിൽ 6 കഴിഞ്ഞ് കഴകൂട്ടത്ത് നിന്ന് പോകും മുമ്പ് ഇവിടം ഒരു കലാപ ഭൂമിയാക്കാനാണ് ശോഭാ സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും കടകംപള്ളി പ്രതികരിച്ചു. കഴിഞ്ഞ തവണ യുഡിഎഫിലേക്ക് പോയത ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടുള്ള കടന്നാക്രമണം. ഇതിനെ പ്രതിരോധിക്കാൻ ശോഭയും രണ്ടും കൽപ്പിച്ചാണ്. അതുകൊണ്ട് കഴക്കൂട്ടത്തെ പ്രചരണം ഇനി സംഘർഷഭരിതമാകും.

ശോഭാസുരേന്ദ്രന് നേരെ ഡിവൈഎഫ്ഐയുടെ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ബിജെപി പറയുന്നു. ചെമ്പഴന്തി അണിയൂരിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ശോഭാസുരേന്ദ്രന്റെ വാഹന പര്യടനത്തിന് ഇടയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മഹിളാമോർച്ച പ്രവർത്തകരുടെ വാഹനങ്ങളിലാണ് ബൈക്കുകൾ ഇടിച്ചുകയറ്റിയതെന്നാണ് ആരോപണം. പ്രവർത്തകർ ഇടപെട്ടതോടെ ഡിവൈഎഫ്ഐ അക്രമിസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡിവൈഎഫ്ഐ അക്രമികളായ അച്ചു, ലക്ഷ്മണൻ, ലാൽകൃഷ്ണൻ, പ്രദീപ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് വനിതകളടക്കമുള്ള പ്രവർത്തകരെ ആക്രമിച്ചത്. തുടർന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി.

പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. അക്രമികൾ സിപിഎമ്മിന്റെ ബൂത്ത് ഓഫീസിനുള്ളിൽ ഒളിച്ചു. ഇതോടെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ സിപിഎം ബൂത്ത് ഓഫീസിനുമുന്നിൽ കുത്തിയിരുന്നു. രാത്രി വൈകിയും പ്രതിഷേധവും സംഘർഷാവസ്ഥയും തുടർന്നു. അണിയൂരിലെ അക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം കത്തിക്കാനാണ് ശോഭാ സുരേന്ദ്രന്റെ തീരുമാനം. ഇതിനിടെ അവരെ കടന്നാക്രമിച്ച് കടകംപള്ളി സുരേന്ദ്രനും രംഗത്തു വന്നു. ഇനിയുള്ള ദിവസങ്ങളിലും ഈ വിവാദം കത്തിക്കയറും.

ശോഭാ സുരേന്ദ്രൻ വന്നതിന് ശേഷം നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇത് കഴക്കൂട്ടമാണ്. അവർ ജനിച്ചു വളർന്ന നാടല്ല. ഇവിടെ ദയനീയമായ പരാജയമാകും അവരെ കാത്തിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതിക്ക് താല്പര്യം ഇല്ലാതിരുന്ന സ്ഥാനാർത്ഥിയായിരുന്നു ശോഭ സുരേന്ദ്രനെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിനും വലിയ താല്പര്യമില്ല. ഇന്നും നാളെയുമായി എത്തുന്ന ബിജെപിയുടെ ദേശീയ നേതാക്കൾ കഴക്കൂട്ടത്ത് വരുന്നുമില്ല. ചെമ്പഴന്തി അണിയൂരിലെ ബിജെപി-സിപിഎം സംഘർഷത്തിൽ ബിജെപിക്കാരാണ് സിപിഎം പ്രവർത്തകനെ മർദിച്ചതെന്നും കടകംപള്ളി പറഞ്ഞു.

അണിയൂർ ബിജെപി ശക്തി കേന്ദ്രമാണ്. നൂറ് കണക്കിന് വാഹനങ്ങളിൽ വന്ന ശോഭ സുരേന്ദ്രന്റെ പ്രചാരണം തടഞ്ഞുവെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ. അരിയും തിന്ന് ആശരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന രീതിയാണ് ഇന്നലെ സംഭവിച്ചത്. ബിജെപിക്ക് അകത്തുള്ള പ്രശ്‌നങ്ങളെ ഞങ്ങടെ മുന്നണിയുടെ ചെലവിൽ തീർക്കാൻ നോക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാത്ത യുഡിഎഫ് 'മന്ത്രി സ്ഥാനാർത്ഥിയായി' പ്രഖ്യാപിച്ച ഒരേയൊരു വ്യക്തിയാണ് ലാൽ. ജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താൽ ആരോഗ്യമന്ത്രിയാക്കുമെന്നു പറഞ്ഞത് മുല്ലപ്പള്ളിയാണ്.

പുതിയ ആളാണെന്നു പറയുന്നവരോട് യൂണിവേഴ്‌സിറ്റി കോളജിലെ തകർക്കപ്പെടാത്ത ചരിത്രമാണ് ലാലിനു പറയാനുള്ളത്. എസ്എഫ്‌ഐയുടെ കോട്ടയായ കോളജിൽ കെഎസ്‌യുവിന് ആകെയുണ്ടായിട്ടുള്ളത് രണ്ട് ചെയർമാന്മാർ. 1971ൽ എം.എം ഹസനും 1981ൽ ഡോ.ലാലും. മറ്റെല്ലാ ജനറൽ സീറ്റുകളിലും എസ്എഫ്‌ഐ ജയിച്ചപ്പോൾ ചെയർമാൻ സ്ഥാനം ലാൽ കൈപ്പിടിയിലൊതുക്കി.

റീകൗണ്ടിങ്ങിൽ ഓരോ തവണ എണ്ണിയപ്പോഴും വോട്ട് കൂടിയതല്ലാതെ ഒരിക്കലും കുറഞ്ഞില്ലെന്ന് സാക്ഷ്യപ്പെടുന്നത് അന്ന് എസ്എഫ്‌ഐ പാനലിൽ വൈസ് ചെയർപേഴ്‌സണായി വിജയിച്ച ടി.എസ് മിനി തന്നെ. സഹപാഠിക്കു വേണ്ടി വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മിനിയും രംഗത്തുണ്ട്.