- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുലർച്ചെ അഞ്ചിന് പൊലീസ് വീടു വളഞ്ഞത് അതിവിശ്വസ്തനെ പൊക്കിയത് സിനിമാ സ്റ്റൈലിൽ; ഭാഗ്യലക്ഷ്മിയോട് കാട്ടിയ നീതി പോലും തന്നോട് കാട്ടാത്തതിൽ എംഎൽഎ അതൃപ്തിയിൽ; ബേക്കൽ പൊലീസ് ഓടിയെത്തിയത് ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ നീക്കത്തെ പൊളിക്കാൻ; പ്രദീപ് കോട്ടത്തലയെ പൊക്കിയത് ഇടത് നേതാവ് അറിയാതെ; ഗണേശിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പിണറായി നീക്കം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത് എംഎൽഎയുടെ വീട്ടിൽ നിന്ന്. കാസർകോട് ബേക്കൽ പൊലീസ് ഇന്നലെ പുലർച്ചെ അഞ്ചിന് ഗണേശ്‌കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിൽ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഗണേശിന്റെ വീട്ടിൽ നിന്നാൽ പിടികൂടില്ലെന്ന പ്രതീക്ഷയാണ് തെറ്റിയത്. ഈ അറസ്റ്റോടെ ഗണേശ് കുമാർ രാഷ്ട്രീയ പ്രതിസന്ധിയിലുമാവുകയാണ്.
സോളാർ കേസിലെ വിവാദങ്ങളോടെയാണ് ഗണേശ് കുമാർ ഇടതു പക്ഷത്തേക്ക് കൂറുമാറിയത്. പത്തനാപുരത്ത് ഇടത് സ്വതന്ത്രൻ എന്ന നിലയിൽ ജയിക്കുകയും ചെയ്തു. പിന്നീട് പാർട്ടി ഇടതു പക്ഷത്തിന്റെ ഭാഗമായി. ഗണേശിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നൽകി. അതിന് അപ്പുറത്തേക്ക് ഗണേശിന് മന്ത്രി പദം കിട്ടിയില്ല. ഈ സാഹചര്യത്തിൽ ഗണേശ് യുഡിഎഫിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളെത്തി. ഗണേശ് തന്നെ ഇത് നിഷേധിക്കുകയും ചെയ്തു.
അപ്പോഴും കോൺഗ്രസ് നേതാക്കൾ പോലും ഗണേശിനെ കൂടെകൂട്ടാൻ താൽപ്പര്യം കാട്ടി മുമ്പിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചരടു വലികൾ ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ ഗണേശിന്റെ വിശ്വസ്തനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരാതി കൊടുക്ക വിപിൻലാൽ പോലും അതിശക്തമായ നടപടി പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ വീട്ടിൽ കയറിയുള്ള പൊലീസ് നീക്കം ഗണേശിനേയും വെട്ടിലാക്കിയിട്ടുണ്ട്. പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിൽ ഇടതു മുന്നണിയോട് ഗണേശ് കുമാർ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അറസ്റ്റിനു സഹായം തേടി തിങ്കളാഴ്ച രാത്രി 10ന് പത്തനാപുരം ഇൻസ്‌പെക്ടർക്ക് ബേക്കൽ പൊലീസിന്റെ സന്ദേശം എത്തിയിരുന്നു. പുലർച്ചെ അഞ്ചിന് എംഎൽഎയുടെ വീട് പൊലീസ് വളഞ്ഞു. അന്വേഷണ സംഘത്തിലൊരാൾ വാതിലിൽ മുട്ടി. ഏറെ നേരത്തിനു ശേഷം വാതിൽ തുറന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രദീപിനെയും കൂട്ടി പൊലീസ് കാസർകോട്ടേക്കു തിരിച്ചു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് അപ്പീൽ നൽകാൻ പോലും സർക്കാർ പ്രദീപിന് അവസരം നൽകിയില്ല. ഭാഗ്യലക്ഷ്മിക്ക് കൊടുത്ത അവസരം പൊലും പ്രദീപിന് കിട്ടാത്തത് ഗണേശിനെ ഞെട്ടിച്ചിട്ടുണ്ട്.
യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഭാഗ്യലക്ഷ്മിയെ അറസ്റ്റ് ചെയ്തില്ല. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി അറസ്‌റ്റൊഴിവാക്കാൻ ഇതിലൂടെ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞു. എന്നാൽ ഗണേശിന്റെ പിഎയെ കാസർകോട്ടെ കോടതി വിധി വന്നപ്പോൾ പാഞ്ഞെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിന് രാഷ്ട്രീയ അനുമതി കിട്ടിയതു കൊണ്ടാണ് ഇതു നടന്നതെന്ന് ഗണേശിനും അറിയാം. അതുകൊണ്ട് തന്നെ ഇടതു മുന്നണിയുടെ അതൃപ്തി വ്യക്തവുമാണ്. എന്നാൽ വിവാദത്തിൽ കുടുങ്ങിയതു കൊണ്ട് തന്നെ യുഡിഎഫിലേക്കുള്ള നീക്കം എളുപ്പവുമല്ല.
പത്താനാപുരത്ത് ജ്യോതികുമാർ ചാമക്കാലയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രദീപ് കോട്ടാത്തല വിഷയം ചർച്ചയാക്കിയതും ജ്യോതികുമാർ ചാമക്കാലയാണ്. അതുകൊണ്ട് തന്നെ ഗണേശിനെ കൊള്ളാൻ ഇനി യുഡിഎഫ് തയ്യാറാകില്ല. പ്രദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ നേരിട്ട് വന്നും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തി എന്നുമുള്ള കേസിലാണ് അറസ്റ്റ്. ദിലീപിന്റെ വക്കീൽ ഗുമസ്ഥൻ എന്ന പേരിലാണു പ്രദീപ് കാസർകോട് എത്തിയത്. വിഷയത്തിൽ ഗണേശിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.
പ്രദീപ് കോട്ടത്തലയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പൊലീസ് അറസ്റ്റിനുള്ള നീക്കം ആരംഭിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കെ ആയിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം. ഗണേശ്‌കുമാറിന്റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് പ്രദീപ്കുമാർ. പൊലീസിന്റെ നീക്കം ഗണേശ്‌കുമാർ അറിഞ്ഞില്ല. നടൻ ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ് ഇയാൾ മാപ്പുസാക്ഷി വിപിൻലാലിന്റെ കുടുംബാംഗങ്ങളെ കണ്ടത്. ദിലീപ് ജയിലിലായിരുന്നപ്പോൾ ആലുവ സബ് ജയിലിൽ ഗണേശ് കുമാർ എംഎൽഎക്കൊപ്പം പ്രദീപ് സന്ദർശിക്കാനെത്തിയിരുന്നു.
കേസിൽ പ്രദീപ് കോട്ടത്തലക്കെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകളാണ്. ജനുവരിയിൽ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ കോടികൾ ചെലവഴിക്കാൻ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. സാക്ഷിയെ സ്വാധീനിക്കാൻ കാസർകോട് എത്തിയ ദിവസം മാത്രം പ്രദീപ് 25,000 രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ട്. പ്രദീപിന് സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പിന്നിൽ വൻസംഘമുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ