- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുൻപ്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ; ഈ കള്ളക്കഥയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; യാത്രയിൽ നേതാക്കളെ ഒറ്റയ്ക്കുകിട്ടും; അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ആളാണ് കെപിസിസിയെ നയിക്കുന്നതെന്നും ഗണേശ്
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ പരിഹസിച്ച് കെ ബി ഗണേശ് കുമാർ എംഎൽഎ.ഈ അടിയന്തര പ്രമേയം അടിയന്തരമായിരുന്നത് ഒരു വർഷം മുന്നെയായിരുന്നുവെന്നും അന്ന് തന്നെ പരാജയപ്പെട്ട പ്രമേയമാണ് ഇപ്പോൾ വീണ്ടും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.ജനങ്ങൾ അവിശ്വസിക്കുന്ന കള്ളക്കഥയാണ് പ്രതിപക്ഷം വീണ്ടും അവതരിപ്പിക്കുന്നത്.കഴമ്പില്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
'ഇത് ഒരു അടിയന്തരപ്രമേയമേ അല്ല. ഒന്നരവർഷം മുമ്പ് ഇതേ അടിയന്തരപ്രമേയം അവതരിപ്പിച്ച് പരാജയപ്പെട്ടു. ഇത് തിരഞ്ഞെടുപ്പിൽ നാട് മുഴുവൻ അലക്കിയതിന് ശേഷം കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. ജനങ്ങൾ അവിശ്വസിക്കുന്ന കള്ളക്കഥയുമായി പ്രതിപക്ഷം വീണ്ടും ഇറങ്ങിയിരിക്കുകാണ്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.
കേരളത്തിൽ കലാപമുണ്ടാക്കാൻ വർഗീയ ശക്തികൾ നൂറുകോടി രൂപ എത്തിച്ചെന്നാണ് അറിയാൻ കഴിയുന്നത്. ഈ നൂറുകോടി രൂപ എന്തിന് ഉപയോഗിക്കുന്നു. സ്വപ്നയ്ക്ക് ജോലി കൊടുത്തുവെന്ന് പറയുന്ന സ്ഥാപനം അടക്കം വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുക്കാൻ കഴിയുന്ന ഒരാളേയുള്ളൂ, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന ശ്രീ. പിണറായി വിജയൻ.
യുഡിഎഫിനെ കൊണ്ടൊന്നും അതിന് കഴിയില്ല. സംഘപരിവാറിന്റെയും മതന്യൂനപക്ഷങ്ങളുടെയും മതഭൂരിപക്ഷങ്ങളുടെയും ഭീകരസംഘടനകൾ, അവരുടെ ഭീകരപ്രവർത്തനങ്ങൾ തടയാൻ ഇടതുമുന്നണിക്ക് മാത്രമേ കഴിയൂ. അതിന് നേതൃത്വം കൊടുക്കുന്ന പിണറയി വിജയനെ അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നു.
ചെമ്പിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞില്ലല്ലോ എന്നാണ് ഇവർ പറയുന്നത്. ഇനി പറഞ്ഞാൽ വിശ്വസിക്കുമോ കേരളത്തിലെ ജനങ്ങൾ. അരിയാഹാരം ഉണ്ണുന്നവരുടെ തലയിൽ പിണ്ണാക്കാണോ, അല്ലല്ലോ.ചെമ്പ് പാത്രത്തിൽ സ്വർണം കൊണ്ടുവന്നു, ഖുറാനിൽ സ്വർണം കൊണ്ടുവന്നു, ഈന്തപ്പഴത്തിൽ സ്വർണം കൊണ്ടുവന്നു. ബിജെപിയുടെ ആളുകളായ കസ്റ്റംസ് ഖുറാൻ തൂക്കിനോക്കിയല്ലോ. എന്നിട്ട് എന്തായി? ഇതിലൊന്നും ഒരു കഴമ്പുമില്ല. കഴമ്പില്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് ഈ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്.
മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ വിമാനത്തിൽ കയറി ആക്രമിക്കുന്നു. ഒന്ന് ചരിത്രത്തിലേക്ക് മടങ്ങിപ്പോകാം. വാഹനത്തിൽ യാത്രചെയ്യുന്ന നേതാക്കളെ ഒറ്റയ്ക്ക് കിട്ടും. അവരെ വെടിവെക്കാം എന്ന് പഠിപ്പിച്ച ഒരാൾ കെപിസിസിയെ നയിക്കുന്നുണ്ട്. ജയരാജന്റെ ചെവിയുടെ പിറകിൽ ഒരു വെടിയുണ്ട ഇരിപ്പുണ്ട്. വിമാനത്തിൽ പോകുന്ന മുഖ്യമന്ത്രി ഒറ്റയ്ക്കായിരിക്കും, ആക്രമിക്കാം. തോക്ക് കൊണ്ടുപോകാൻ പറ്റിയില്ലെങ്കിൽ ശാരീരികമായെങ്കിലും ആക്രമിക്കാം എന്നാണ് ഇവർ കരുതിയത്. അവരെ കുട്ടികൾ, പാവപ്പെട്ട കുട്ടികൾ എന്ന് പറഞ്ഞ് ലാളിക്കുന്ന സമീപനം യുഡിഎഫിന്റേതാണ്'- ഗണേശ്കുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ