- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബുവിന്റേത് മാനഭംഗക്കേസാണ്; അതിജീവിതയ്ക്കു വേണ്ടിയാണ് സംസാരിച്ചത്; 'അമ്മ' ക്ലബ് ആണെന്ന പ്രസ്താവന ആർക്കുവേണ്ടി?; താരസംഘടന സ്വകാര്യ സ്വത്താണെന്ന് ധരിക്കരുത്; ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീഡിയ നോക്കിയെന്നും ഗണേശ് കുമാർ
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ' ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിൽ വീണ്ടും പ്രതികരണവുമായി നടനും എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ധരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതെന്തിനെന്ന് ഇടവേള ബാബു പറയണം. ആരെ രക്ഷിക്കാൻ വേണ്ടിയാണാ പ്രസ്താവന ക്ലബ്ബിന്റെ ഇംഗ്ലീഷ് അർത്ഥം പഠിക്കുന്നതിന് മുമ്പ് ആ കുട്ടിയുടെ ചോദ്യത്തിനുത്തരം പറയാൻ ബാബു തയ്യാറാവട്ടെ എന്നും ഗണേശ് ആവശ്യപ്പെട്ടു.
ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീഡിയ നോക്കിയാണെന്നും ഗണേശ് കുമാർ പരിഹസിച്ചു. ക്ലബിന്റെ ഇംഗ്ലിഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിനു മറുപടി കിട്ടിയിട്ടില്ല.
''അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണു വേണ്ടത്. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം'' ഗണേശ് കുമാർ പറഞ്ഞു.
ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ഗണേശ് കുമാറാണ്. അത് അദ്ദേഹം ചിലപ്പോൾ മറന്നിട്ടുണ്ടാവും. വൈസ് ചെയർമാൻ എന്നൊരു പോസ്റ്റ് മുമ്പ് അവിടെയുണ്ടായിരുന്നില്ല. അദ്ദേഹം ചിലപ്പോൾ അമ്മ കണ്ടുപിടിച്ച ആളായിരിക്കാം. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പലരേയും വലിച്ചിഴച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ച നടന്നു എന്നു പറയുന്നദിവസം അമ്മയുടെ യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. അന്ന് കൊട്ടാരക്കരയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന സമയമാണ്. പ്രചാരണത്തിന് സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് വീട്ടിലിരിക്കുമ്പോൾ ടിവിയിൽ വാർത്തയിൽ അമ്മയുടെ യോഗത്തിൽ ഞാനും മുകേഷും ശബ്ദമുയർത്തുന്നു എന്ന് കാണിക്കുന്നു.
അന്ന് അച്ഛനുമുണ്ടായിരുന്നു കൂടെ. അദ്ദേഹമാണ് ഇക്കാര്യം കാണിച്ചുതന്നത്. ഇടവേള ബാബുവിനോട് ഇക്കാര്യത്തേക്കുറിച്ച് അന്വേഷിച്ചു. അതിന് ശേഷം ആ വാർത്ത കാണിച്ചില്ല. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടാവാം'.
'ബിനീഷ് കോടിയേരിയുടെ കേസ് വിജയ് ബാബുവിന്റേതുപോലുള്ള കേസല്ല. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. വിജയ് ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിവതയായ പെൺകുട്ടിക്കുവേണ്ടിയാണ് നമ്മൾ സംസാരിച്ചത്. അതിന് ബാബു മറുപടി പറഞ്ഞിട്ടില്ല. ഇടവേള ബാബുവിന്റെ പോസ്റ്റിൽ അദ്ദേഹം എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. അത്രയും പരിജ്ഞാനമുള്ള പ്രൊഫസറൊന്നുമല്ല ഞാൻ'.
'ജഗതി ശ്രീകുമാറിന്റെ കാര്യമാണ് അടുത്തത്. ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടർന്ന് ഒരിടത്തിരിക്കുമ്പോൾ ആരും ഓർക്കാത്ത ഒരു വിഷയം ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നത് ഒട്ടും ശരിയായില്ല. ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു വലിയ നടനാണ്. അതൊക്കെ നടക്കുമ്പോൾ ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിലൊന്നുമില്ല. അമ്മ സ്വന്തം സ്വകാര്യ വസ്തുവാണെന്ന് ഇടവേള ബാബു ധരിക്കരുത്'. വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് താൻ പറഞ്ഞതെന്നുംഗണേശ് കുമാർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ